തിരൂരങ്ങാടി നഗരസഭ സെക്രട്ടറിക്കെതിരെ കൗൺസിൽ യോഗത്തിൽ നടപടിക്ക് ശിപാർശ

തിരൂരങ്ങാടി: നഗരസഭ സെക്രട്ടറിക്കെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് കൗൺസിൽ യോഗത്തിൽ സർക്കാരിനോട് ശിപാർശക്ക് തീരുമാനം. തിരൂരങ്ങാടി നഗരസഭ സെക്രട്ടറി എസ്. ജയകുമാറിനെതിരെ ചെയർപേഴ്‌സൻ കെ.ടി. റഹീദ നഗരകാര്യ ഡയറക്ടർക്ക് നൽകിയ പരാതിയുടെ വിശകലനയോഗത്തിലാണ് തീരുമാനം. നഗരസഭ കൗൺസിലി​െൻറയും ചെയർപേഴ്‌സ‍​െൻറയും നിയമപ്രകാരമുള്ള നിർദേശങ്ങൾ പാലിക്കുന്നില്ലെന്നതടക്കമുള്ള നിരവധി കുറ്റങ്ങൾ സൂചിപ്പിച്ച് ചെയർപേഴ്‌സൻ ഡയറക്ടർക്ക് നേരത്തെ പരാതി നൽകിയിരുന്നു. നഗരസഭ സെക്രട്ടറി എന്ന നിലയിൽ കെട്ടിട നിർമാണ അപേക്ഷകളിൻമേൽ ഇയാൾ എടുത്ത നടപടികളും നഗരസഭയുടെ സാമ്പത്തിക ഇടപാടുകളിൽ സെക്രട്ടറി സ്വീകരിച്ച നടപടികളും അന്വേഷിക്കണമെന്നും നഗരസഭ ചെയർപേഴ്‌സൻ പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവം പ്രധാന അജണ്ടയാക്കി 18ന് കൗൺസിൽ യോഗം ചേരും. അതേസമയം സെക്രട്ടറിക്കെതിരിൽ അച്ചടക്ക നടപടി എടുക്കണമെന്ന അജണ്ട തികച്ചും രാഷ്ട്രീയ പ്രേരിതമാണെന്ന് പ്രതിപക്ഷാംഗങ്ങൾ കുറ്റപ്പെടുത്തി. പന്താരങ്ങാടി അട്ടക്കുളങ്ങരയിലെ ഒരു സ്ത്രീ സംരംഭകക്ക്‌ ഡയറി ഫാമിന് നമ്പർ അനുവദിക്കുന്നതിൽ അനധികൃതമായി ഒന്നും തന്നെയില്ലെന്നാണ് മനസ്സിലാകുന്നതെന്ന് പ്രതിപക്ഷം സൂചിപ്പിച്ചു. ബന്ധപ്പെട്ട എല്ലാ രേഖകളും ഫയലുകളും പരിശോധിച്ച്‌ ഇതിന് നമ്പർ നൽകണമെന്നും ഇത്തരം സംരംഭങ്ങളെ പ്രോൽസാഹിപ്പിക്കണമെന്നും തുടക്കം മുതലേ സെക്രട്ടറിയോട്‌ നഗരസഭ അധ്യക്ഷ താൽപര്യപ്പെട്ടിരുന്നു. ഡയറി ഫാമിന് നമ്പർ നൽകിയതിന് ശേഷം അത്‌ റദ്ദ്‌ ചെയ്യണമെന്നുള്ള നിലപാട്‌ അപഹാസ്യവും നീതീകരിക്കാനാവാത്തതുമാണെന്നും തങ്ങളുടെ താൽപര്യങ്ങൾക്ക്‌ വഴങ്ങാത്തതിനാലാണ് സെക്രട്ടറിയെ സ്ഥലം മാറ്റണമെന്ന തീരുമാനമെടുത്തതെന്നും ഇടതുപക്ഷ കൗൺസിലർമാർ വിയോജനക്കുറിപ്പിൽ വ്യക്തമാക്കി. പ്രതിപക്ഷ അംഗങ്ങളായ നൗഫൽ തടത്തിൽ, ചൂട്ടൻ അബ്ദുൽ മജീദ്‌, കെ.വി. മുംതാസ്‌, ജാഫർ ആങ്ങാടൻ, ടി.കെ. ജൂലി, എം. അവറാൻ കുട്ടി, നസീന വലിയാട്ട്‌ എന്നിവരാണ് വിയോജനക്കുറിപ്പ്‌ രേഖപ്പെടുത്തിയത്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.