മോദിക്കെതിരെ വിമർശനവുമായി തൊഗാഡിയ; നിരാഹാരം ഇന്ന്​ തുടങ്ങും

അഹ്മദാബാദ്: വിശ്വഹിന്ദു പരിഷത്ത് (വി.എച്ച്.പി) വിട്ട മുതിർന്ന നേതാവ് പ്രവീൺ തൊഗാഡിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കടുത്ത വിമർശനങ്ങളുമായി രംഗത്തെത്തി. പെൺകുട്ടികൾ അരക്ഷിതരായി കഴിയുേമ്പാൾ നരേന്ദ്രമോദി വിദേശ യാത്രക്ക് പോകുകയാണെന്ന് അദ്ദേഹം പറഞ്ഞു. അഞ്ചുദിവസത്തെ സ്വീഡൻ, യു.കെ സന്ദർശനത്തിനായി മോദി പുറപ്പെട്ട വേളയിലാണിത്. അതിർത്തികളിൽ സൈനികർ സുരക്ഷിതരല്ലെന്നും കർഷകർ ആത്മഹത്യ ചെയ്യുകയാണെന്നും അദ്ദേഹം ആരോപിച്ചു. 2002ലെ ഗോധ്ര സംഭവത്തിനു ശേഷമുണ്ടായ കലാപ കാലത്തുതന്നെ മോദിയോടുള്ള മതിപ്പ് നഷ്ടപ്പെട്ടിട്ടുണ്ട്. വി.എച്ച്.പിയിൽ ഇനിയില്ല. എന്നാൽ, ഹിന്ദുക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കും. ഹിന്ദുക്കൾ ദീർഘകാലമായി ഉയർത്തുന്ന ആവശ്യങ്ങൾ സാക്ഷാത്കരിക്കാനായി ചൊവ്വാഴ്ച മുതൽ അഹ്മദാബാദിൽ അനിശ്ചിതകാല നിരാഹാരമിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അയോധ്യയിൽ രാമക്ഷേത്രം പണിയുക, ദേശവ്യാപകമായി പശുവി​െൻറ കശാപ്പ് നിരോധിക്കുക, പൊതു സിവിൽ കോഡ് നടപ്പാക്കുക, കുടിയിറക്കപ്പെട്ട കശ്മീരി ഹിന്ദുക്കളെ സംരക്ഷിക്കുക തുടങ്ങിയവയാണ് തൊഗാഡിയയുടെ ആവശ്യങ്ങൾ. വി.എച്ച്.പി അഖിലേന്ത്യ അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിൽ തൊഗാഡിയയുടെ നോമിനി രാഘവ് റെഡ്ഡിയെ ഹിമാചൽപ്രദേശ് മുൻ ഗവർണർ വി.എസ്. കൊക്ജെ പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് ഗുഡ്ഗാവിൽനിന്ന് ഗുജറാത്തിൽ തിരിച്ചെത്തിയ തൊഗാഡിയ സംസ്ഥാനത്തെ മുതിർന്ന വി.എച്ച്.പി നേതൃത്വവുമായി ചർച്ച നടത്തി. ഗോധ്രാനന്തര കലാപത്തിലുണ്ടായ പൊലീസ് വെടിവെപ്പിൽ നിരവധി ഹിന്ദുക്കൾ കൊല്ലപ്പെട്ടതായി തൊഗാഡിയ ആരോപിച്ചു. നരേന്ദ്ര മോദി മുഖ്യമന്ത്രിയായിരിക്കുേമ്പാൾ എങ്ങനെയാണ് ഇത് സംഭവിക്കുകയെന്ന് അന്ന് മനസ്സിലായില്ല. നിരവധി ഹിന്ദുക്കൾക്കെതിരെ കേസെടുക്കുകയും അവരെ ജയിലിൽ അടക്കുകയും ചെയ്തു. 2014ലെ തെരഞ്ഞെടുപ്പിൽ വി.എച്ച്.പി മോദിക്ക് എല്ലാ പിന്തുണയും നൽകി. എന്നാൽ, അദ്ദേഹം 'ഗോ രക്ഷകൻ'മാരെ ഗുണ്ടകൾ എന്നു വിളിച്ചു. ഝാർഖണ്ഡിലെ 11 ഗോസംരക്ഷകർക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചു. ഇതൊന്നും കോൺഗ്രസി​െൻറ കാലത്തുപോലും നടന്നിട്ടില്ല. പാകിസ്താനെ പിന്തുണക്കുന്നവരെ സംരക്ഷിക്കുന്ന നിലപാടാണ് കേന്ദ്രം സ്വീകരിക്കുന്നത് -തൊഗാഡിയ കൂട്ടിച്ചേർത്തു. നിരവധി പ്രവർത്തകർ കഴിഞ്ഞ ദിവസം വി.എച്ച്.പി ഗുജറാത്ത് ആസ്ഥാനത്തെത്തി തൊഗാഡിയ അനുകൂല മുദ്രാവാക്യം മുഴക്കി. വി.എച്ച്.പി ഗുജറാത്ത് വക്താവ് ജെയ് ഷാ തൊഗാഡിയയെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തി. സംസ്ഥാന ഘടകം ഒന്നടങ്കം തൊഗാഡിയയുടെ കൂടെയാണെന്ന് അദ്ദേഹം പറഞ്ഞു. തൊഗാഡിയയെ പിന്തുണക്കുന്ന വിവിധ ജില്ലകളിലെ 5,000ത്തോളം പേർ സംഘടന വിട്ടതായും അദ്ദേഹം കൂട്ടിച്ചേർത്തു. അഹ്മദാബാദിലെ ജി.എം.ഡി.സി ഗ്രൗണ്ടിലാണ് തൊഗാഡിയയുടെ നിരാഹാരം നടക്കുക. വി.എച്ച്.പിക്ക് ബദലായി തൊഗാഡിയ സംഘടന രൂപവത്കരിക്കുമെന്ന് ശക്തമായ അഭ്യൂഹമുണ്ടെങ്കിലും ഇക്കാര്യത്തിൽ അദ്ദേഹം പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.