മാനസിക പീഡനമെന്ന് പരാതി; വിദ്യാര്‍ഥിനികള്‍ അവശനിലയില്‍ ചികിത്സ തേടി

എടക്കര: ടി.ടി.ഐ കോളജ് മാനേജർക്കെതിരെ മാനസികപീഡനമാരോപിച്ച് വിദ്യാര്‍ഥിനികള്‍ അവശനിലയില്‍ ആശുപത്രിയില്‍ ചികിത്സ തേടി. ഞെട്ടിക്കുളത്ത് പ്രവര്‍ത്തിക്കുന്ന ടീച്ചര്‍ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടിലെ ആറ് വിദ്യാര്‍ഥിനികളാണ് പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയത്. യാത്രയയപ്പിനോടനുബന്ധിച്ച് കഴിഞ്ഞ തിങ്കളാഴ്ച വിദ്യാര്‍ഥികള്‍ അധ്യാപക-അനധ്യാപകര്‍ക്കൊപ്പം വിനോദയാത്രക്ക് പോയിരുന്നു. ചൊവ്വാഴ്ച രാത്രി പത്തരയോടെയാണ് തിരിച്ചെത്തിയത്. ഈ സമയം സ്ഥലത്തെത്തിയ സ്കൂള്‍ മാനേജര്‍ ബസ് യാത്രാക്കൂലി നല്‍കുന്നതിനിടെ കുറച്ച് വിദ്യാര്‍ഥികള്‍ ടി.ടി.ഐ കെട്ടിടത്തിലേക്ക് പോയതാണ് പ്രശ്നങ്ങള്‍ക്ക് കാരണമായത്. എല്ലാവരും ഒരുമിച്ച് ടി.ടി.ഐയിലേക്ക് പോകണമെന്ന് മാനേജര്‍ പറഞ്ഞിരുന്നത്രെ. ഇതനുസരിക്കാതെ ടി.ടി.ഐയിലേക്ക് പോയ വിദ്യാര്‍ഥികളെ മാനേജര്‍ ശകാരിച്ചെന്നും ടി.ടി.ഐയുടെ ഷട്ടര്‍ താഴിട്ട് പൂട്ടി രണ്ട് മണിക്കൂര്‍ നേരം വിദ്യാര്‍ഥികളെ അകത്ത് പ്രവേശിക്കാന്‍ അനുവദിച്ചില്ലെന്നും പറയുന്നു. ഇതിനിടെ ഒരു വിദ്യാര്‍ഥിനി ബോധരഹിതയായി കുഴഞ്ഞുവീണു. ഈ കുട്ടിയെ പോത്തുകല്ലിലെ സ്വകാര്യ ക്ലിനിക്കില്‍ രാത്രിതന്നെ പ്രവേശിപ്പിച്ചു. തുടര്‍ന്ന് മറ്റ് രണ്ട് വിദ്യാര്‍ഥിനികളെക്കൂടി രാത്രി ആശുപത്രിയില്‍ പ്രവേശിപ്പിക്കേണ്ടിവന്നു. വ്യാഴാഴ്ച രാവിലെ മൂന്ന് കുട്ടികളെക്കൂടി അവശനിലയില്‍ ഇതേ ക്ലിനിക്കിലെത്തിച്ചു. വിവരമറിഞ്ഞ് ക്ലിനിക്കില്‍ സ്പെഷല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെത്തിയിരുന്നു. ടി.ടി.ഐ മാനേജറില്‍നിന്ന് മാനസിക പീഡനമുണ്ടായതായാണ് കുട്ടികള്‍ ക്ലിനിക്കില്‍ അറിയിച്ചത്. രാത്രിയിലും രാവിലെയും ഭക്ഷണം കഴിക്കാത്തതും അവശതക്ക് കാരണമായി. പൊലീസ് ഉച്ചക്ക് ഒന്നരയോടെ ടി.ടി.ഐയില്‍ എത്തിയെങ്കിലും പതിനൊന്നരയോടെ വിദ്യാര്‍ഥികളെ വീടുകളിലേക്ക് പറഞ്ഞയച്ചതായാണ് മാനേജര്‍ പറഞ്ഞത്. അതേസമയം, സ്ഥാപനത്തി​െൻറ അച്ചടക്കവും പാലിക്കേണ്ട നിയമങ്ങളും കുട്ടികളെ ഓര്‍മപ്പെടുത്തുകയാണ് ചെയ്തതെന്നും മാനസിക പീഡനമോ ഷട്ടര്‍ പൂട്ടി കുട്ടികളെ തടഞ്ഞുവെക്കലോ ഉണ്ടായിട്ടില്ലെന്നും മാനേജര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.