പുറമ്പോക്ക് ഭൂമി ലേലം നിലച്ചു; ഗ്രാമപഞ്ചായത്തിന് നഷ്​ടം ലക്ഷങ്ങൾ

കരുവാരകുണ്ട്: പുറമ്പോക്ക് ഭൂമി ലേലം വർഷങ്ങളായി മുടങ്ങിക്കിടക്കുന്നതിനാൽ ഗ്രാമപഞ്ചായത്തിന് നഷ്ടമുണ്ടാവുന്നത് ലക്ഷങ്ങൾ. ഒലിപ്പുഴ, കല്ലൻപുഴ തീരങ്ങളിലെ ഹെക്ടർ കണക്കിന് പുറമ്പോക്ക് ഭൂമിയാണ് നാലുവർഷമായി തീർത്തും അന്യാധീനപ്പെട്ടു കിടക്കുന്നത്. ഇതിൽനിന്നും നാമമാത്ര വരുമാനം പോലും ഇപ്പോൾ ലഭിക്കുന്നില്ല. മലയോര ഗ്രാമമായ കരുവാരകുണ്ടിൽ ഗ്രാമപഞ്ചായത്ത് രേഖ പ്രകാരം 10.27 ഹെക്ടർ പുറമ്പോക്ക് ഭൂമിയാണുള്ളത്. ഇത് ഏതാണ്ട് മുഴുവനും ഒലിപ്പുഴയുടെ ഇരു കരകളിലുമാണ്. പാന്ത്ര, മഞ്ഞൾപാറ, കേരള എസ്റ്റേറ്റ് ഭാഗങ്ങളിലൂടെ ഒഴുകുന്ന കല്ലൻപുഴയുടെ തീരങ്ങളിലും ഏക്കർ കണക്കിന് പുറമ്പോക്കുണ്ടെങ്കിലും ഇതിന് ആധികാരിക രേഖയില്ലെന്നാണറിയുന്നത്. പുറമ്പോക്ക് ഭൂമി വർഷംതോറും നിശ്ചിത ലീസ് നിശ്ചയിച്ച് ലേലം ചെയ്യണമെന്നാണ് ചട്ടം. ഇതു പക്ഷേ, പേരിന് മാത്രമാണ് നടന്നിരുന്നത്. 2014-15 വർഷമാണ് അവസാനമായി ലേലം നടന്നത്. 76,154 രൂപയാണ് ആ വർഷം ലേലത്തുകയായി ലഭിച്ചത്. സ​െൻറിന് പത്തും പതിനഞ്ചും രൂപ മാത്രമായിരുന്നു ലീസ്. ഗ്രാമപഞ്ചായത്ത് കൃത്യമായി ലേലം നടത്താത്തതിനാൽ പലരും ഭൂമി വർഷങ്ങളായി കൈവശം വെക്കുകയും ചട്ടം ലംഘിച്ച് ദീർഘകാല വിളകൾ കൃഷിനടത്തുകയും ചെയ്യുകയാണ്. ലീസ് തന്നെ പലരും അടക്കാറുമില്ല. ഇതിനിടെയാണ് മൂന്നുവർഷം മുമ്പ് ലേലം നിർത്തിവെച്ചത്. പുറമ്പോക്ക് അളന്ന് നിജപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഇതെങ്കിലും അളക്കൽ നടപടി തുടങ്ങിയില്ല. ഫലത്തിൽ വർഷം തോറും കിട്ടിയിരുന്ന മുക്കാൽ ലക്ഷം രൂപ പോലും നഷ്ടമായി. താൽകാലിക ഉടമകളാവട്ടെ ഭൂമിയിൽ തന്നിഷ്ടം കാണിക്കാനും കെട്ടിട നിർമാണം വരെ നടത്താനും തുനിഞ്ഞു. അനധികൃത മരംമുറിയും വ്യാപകമായി. ഒലിപ്പുഴ പുനർജനിയുടെ ഭാഗമായി അഞ്ചുമാസം മുമ്പ് ജില്ല ഭരണകൂടത്തി​െൻറ നേതൃത്വത്തിൽ പുറമ്പോക്ക് അളവ് തുടങ്ങുകയും പുന്നക്കാട് വരെ എത്തുകയും ചെയ്തതാണ്. രേഖയിലുള്ളതി​െൻറ എത്രയോ ഇരട്ടി പുറമ്പോക്കാണ് അളവിലൂടെ കണ്ടെത്തിയത്. എന്നാൽ, ഇതും ഇപ്പോൾ മുടങ്ങിയിരിക്കുകയാണ്. രാഷ്ട്രീയ താൽപര്യങ്ങളാണ് മുടങ്ങാൻ കാരണമെന്നാണ് ആരോപണം. പുറമ്പോക്ക് കൃത്യമായി അളക്കുകയും കാലാനുസൃതമായി തുക പുതുക്കി വർഷാവർഷം ലേലം ചെയ്യുകയുമാണെങ്കിൽ ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിലേക്ക് ലക്ഷങ്ങളാണെത്തുക. ഇക്കാര്യം ചൂണ്ടിക്കാട്ടി പരിസ്ഥിതി സംഘടനകൾ രംഗത്തുണ്ടെങ്കിലും അധികൃതർ മൗനത്തിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.