ആരോഗ്യകേന്ദ്രങ്ങൾക്ക് ഫണ്ട് അനുവദിക്കുന്നതിലെ പിഴവിന്​ ഇനിയും പരിഹാരമില്ല

പാലക്കാട്: സംസ്ഥാനത്തെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും താലൂക്കാശുപത്രികൾക്കും ഫണ്ടനുവദിക്കുന്നതിൽ പാകപ്പിഴയുണ്ടെന്ന് വ്യക്തമായിട്ടും പരിഹാരത്തിന് മുതിരാതെ സർക്കാർ. ആശുപത്രികളുടെ അടിസ്ഥാനവികസനം ഉറപ്പാക്കാനുള്ള ആരോഗ്യവകുപ്പി‍​െൻറ 'ആർദ്രം' പദ്ധതിയിൽ ഇതിന് പരിഹാരമുണ്ടാവുമെന്ന പ്രത്യാശ മാത്രമാണ് സർക്കാറിനുള്ളത്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ സാമൂഹികാരോഗ്യ കേന്ദ്രങ്ങൾക്കും താലൂക്ക് ആശുപത്രികൾക്കും അടിസ്ഥാന വികസനത്തിന് ഫണ്ട് അനുവദിച്ചതിൽ ഗുരുതര പിഴവുണ്ടായെന്ന സൂചന മാർച്ച് ഏഴിന് നിയമസഭയിൽ ആരോഗ്യമന്ത്രി കെ.കെ. ശൈലജ നൽകിയ മറുപടിയിലുണ്ടായിരുന്നു. ഈ കാലയളവിൽ എറണാകുളം ജില്ലക്ക് പതിനേഴരക്കോടി (17,46,39,739) രൂപ ലഭിച്ചപ്പോൾ കോഴിക്കോടിന് 82,34,024 രൂപ മാത്രമാണ് ലഭിച്ചത്. ഡി.എം.ഒമാർ നൽകുന്ന ശിപാർശയാണ് ഫണ്ടനുവദിക്കുന്നതിലെ പ്രധാന മാനദണ്ഡമെന്നും കെ. കൃഷ്ണൻകുട്ടിയുടെ ചോദ്യത്തിന് മറുപടിയായി മന്ത്രി അറിയിച്ചിരുന്നു. പൊതുമരാമത്തടക്കമുള്ള വകുപ്പുകൾ ഈ കാലയളവിൽ 15,000 കോടി രൂപ മുതൽ 25,000 കോടി രൂപവരെ വിവിധ പ്രവൃത്തികൾക്ക് അനുവദിച്ച സാഹചര്യത്തിലാണ് ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങൾ ഉറപ്പാക്കാൻ കുറഞ്ഞ തുക ആരോഗ്യവകുപ്പ് നീക്കിവെച്ചത്. 14 ജില്ലകൾക്കുമായി 90.70 കോടി രൂപ മാത്രമാണനുവദിച്ചത്. നവജാത ശിശുക്കളുടെ മരണം തുടർക്കഥയായ അട്ടപ്പാടി ആദിവാസി മേഖല ഉൾപ്പെടുന്ന പാലക്കാട് ജില്ലക്ക് കേവലം 1.86 കോടി രൂപ മാത്രമേ നൽകിയിട്ടുള്ളൂ. ഇടുക്കിക്ക് 16.45 കോടി, കാസർകോടിന് 14.79 കോടി, കോട്ടയത്തിന് 14.63 കോടി, കൊല്ലത്തിന് 12.17 കോടി, മലപ്പുറത്തിന് 9.15 കോടി എന്നിങ്ങനെയാണ് ലഭിച്ചത്. പത്തനംതിട്ടക്ക് 85,23,000 രൂപ മാത്രമാണ് ലഭിച്ചത്. ആദിവാസി മേഖലയായ വയനാടിന് 5.17 കോടി രൂപയും തിരുവനന്തപുരത്തിന് 1.74 കോടി രൂപയും ലഭിച്ചു. ആലപ്പുഴക്ക് 2.92 കോടി, തൃശൂരിന് 2.88 കോടി, കണ്ണൂരിന് 4.58 കോടി എന്നിങ്ങനെയുമാണ് അഞ്ച് വർഷക്കാലയളവിൽ ലഭിച്ചത്. യു.ഡി.എഫ് ഭരണമുണ്ടായിരുന്ന 2013 മുതലുള്ള മൂന്ന് വർഷവും ഈ കാലയളവിൽപെടും. അസന്തുലിതാവസ്ഥയുടെ ഉത്തരവാദിത്തം ജില്ല മെഡിക്കൽ ഓഫിസർമാരിൽ കെട്ടിവെക്കാനുള്ള നീക്കം അപലപനീയമാണെന്നാണ് ആരോഗ്യവകുപ്പ് ജീവനക്കാർ പറയുന്നത്. ആശുപത്രികളുടേയും ആരോഗ്യ കേന്ദ്രങ്ങളുടേയും ചുമതല ത്രിതല പഞ്ചായത്തുകളെ ഏൽപ്പിച്ചത് പാകപ്പിഴക്ക് വഴിവെച്ച കാരണങ്ങളിലൊന്നായി പറയാമെങ്കിലും വകുപ്പി‍​െൻറ അനാസ്ഥ മറച്ചുവെക്കാനാവില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.