ചലനശേഷിയില്ലാത്ത മകൾക്ക് കൂട്ടിരുന്ന്​ ദേവകി

പറളി: ചലനശേഷി നഷ്ടപ്പെട്ട് കണ്ണിമവെട്ടാതെ മുഖത്തേക്ക് നോക്കി ചിരിക്കുന്ന മകൾക്ക് നാലുവർഷമായി കൂട്ടിരിക്കുകയാണ് ഇവിടെയൊരമ്മ. പറളി പഞ്ചായത്തിലെ ഓടനൂർ പുതുശ്ശേരി പറമ്പ് ദേവകിയാണ് പതിനാലുകാരിയായ മകൾ അജിതക്ക് കൂട്ടിരിക്കുന്നത്. കോട്ടായി ഗവ. ഹൈസ്കൂളിൽ ആറാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അജിതയെ അസുഖം ബാധിക്കുന്നത്. ആറാം ക്ലാസ് വാർഷിക പരീക്ഷ രണ്ടെണ്ണം എഴുതി. മൂന്നാം ദിവസം പരീക്ഷക്ക് പോകുന്നില്ലെന്ന് പറഞ്ഞ മകളോട് കാര്യം തിരക്കിയപ്പോൾ കിട്ടിയ മറുപടി പേന പിടിക്കാൻ കൈകൾക്ക് ബലമില്ലെന്നായിരുന്നു. അന്ന് തന്നെ ജില്ല ആശുപത്രിയിലെത്തിച്ചു. അവിടെ ആഴ്ചകളോളം ചികിത്സിച്ചു. ഫലം കണ്ടില്ലെന്നു മാത്രമല്ല, ശരീരം ഒന്നാകെ തളർന്നു. അവിടെ നിന്ന് തൃശൂർ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. അവിടെയും മാസങ്ങളോളം ചികിത്സിച്ചിട്ടും പുരോഗതിയുണ്ടായില്ല. ഇതിനിടെ സംസാരശേഷിയും നഷ്ടപ്പെട്ടു. മെഡിക്കൽ കോളജിൽ നിന്ന് തിരുവനന്തപുരം ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശിപ്പിച്ചെങ്കിലും രോഗം ശരീരത്തെ മുഴുവനായും ബാധിച്ചെന്നും ചികിത്സിച്ചിട്ട് കാര്യമില്ലെന്നും പറഞ്ഞ് അവർ മടക്കി. കിടന്ന കിടപ്പിൽനിന്ന് തിരിഞ്ഞു കിടക്കാൻ പോലും പരസഹായം ആവശ്യമാണ്. മകൾക്ക് കൂട്ടിരിക്കുന്ന ദേവകി ഹൃദയ സംബന്ധമായ അസുഖത്തിന് ആറു വർഷം മുമ്പ് ഓപ്പറേഷൻ കഴിഞ്ഞ് കാര്യമായ ജോലികളൊന്നും ചെയ്യാൻ പറ്റാതെ പ്രയാസത്തിലാണ്. ദേവകിയുടെ ഭർത്താവ് തമിഴ്നാട് സ്വദേശി ആനന്ദ് കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാത്തതിനാൽ അയൽവാസികൾ നൽകുന്ന ആശ്രയത്തിലാണ് ഇരുവരുടെയും ജീവിതം മുന്നോട്ട് പോകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.