സി.പി.എം ജില്ല സെക്രട്ടേറിയറ്റ്; പ്രതിഫലിച്ചത് നിയമസഭ തെരഞ്ഞെടുപ്പിലെ അസ്വാരസ്യങ്ങളും

പാലക്കാട്: സി.പി.എം ജില്ല സെക്രട്ടേറിയറ്റ് രൂപവത്കരണത്തിൽ പ്രതിഫലിച്ചത് നിയമസഭ തെരഞ്ഞെടുപ്പ് കാലത്തെ അസ്വാരസ്യങ്ങളും. എം. ഹംസ, പി.കെ. സുധാകരൻ എന്നിവരെ സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കിയത് നിയമസഭ തെരഞ്ഞെടുപ്പുകാലത്ത് നേതൃത്വവുമായുണ്ടായ ഭിന്നതയെ തുടർന്നാണെന്നാണ് സൂചന. ജില്ല സമ്മേളനത്തിൽ സെക്രട്ടറി അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലും ഇവർക്കെതിരെ വിമർശനമുണ്ടായിരുന്നു. സെക്രട്ടേറിയറ്റിൽ വി.എസ്. അച്യുതാനന്ദനോട് ആഭിമുഖ്യമുണ്ടായിരുന്ന എ. പ്രഭാകരനും ഒഴിവാക്കപ്പെട്ടവരിലുണ്ട്. കഴിഞ്ഞതവണ ജില്ല സെക്രട്ടേറിയറ്റിലുണ്ടായിരുന്ന അഞ്ചുപേരെ ഒഴിവാക്കി സമഗ്ര അഴിച്ചുപണിയോടെയാണ് ഇത്തവണ സെക്രട്ടേറിയറ്റ് രൂപവത്കരിച്ചിരിക്കുന്നത്. കെ.എസ്.കെ.ടി.യു ജില്ല സെക്രട്ടറി ആർ. ചിന്നക്കുട്ടൻ, കർഷകസംഘം സംസ്ഥാന സെക്രട്ടറിയും സി.പി.എം സംസ്ഥാന കമ്മിറ്റി അംഗവുമായ കെ.വി. രാമകൃഷ്ണൻ എന്നിവരാണ് സെക്രട്ടേറിയറ്റിൽനിന്ന് ഒഴിവാക്കപ്പെട്ട മറ്റ് രണ്ടുപേർ. തൃത്താല ഏരിയ സെക്രട്ടറി വി.കെ. ചന്ദ്രൻ, ആലത്തൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് സി.കെ. ചാമുണ്ണി, ചിറ്റൂർ ഏരിയ സെക്രട്ടറി ഇ.എൻ. സുരേഷ്ബാബു, കെ.വി. വിജയദാസ് എം.എൽ.എ, മുൻ എം.എൽ.എ വി. ചെന്താമരാക്ഷൻ എന്നിവരാണ് പുതുതായി സെക്രട്ടേറിയറ്റിൽ എത്തിയവർ. വി.കെ. ചന്ദ്രൻ, ഇ.എൻ. സുരേഷ് ബാബു എന്നിവരുടെ പ്രവേശനം അപ്രതീക്ഷിതമാണ്. ജില്ല സെക്രട്ടറി സി.കെ. രാജേന്ദ്രൻ, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് ടി.കെ. നാരായണദാസ്, മുൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ടി.എൻ. കണ്ടമുത്തൻ, പി.കെ. ശശി എം.എൽ.എ എന്നിവരാണ് മറ്റ് അംഗങ്ങൾ. എം. ഹംസ സി.ഐ.ടി.യു ജില്ല സെക്രട്ടറിയും പി.കെ. സുധാകരൻ കർഷക സംഘം ജില്ല സെക്രട്ടറിയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.