തട്ടകമൊരുങ്ങി; നെന്മാറ^വല്ലങ്ങി വേല ഇന്ന്

തട്ടകമൊരുങ്ങി; നെന്മാറ-വല്ലങ്ങി വേല ഇന്ന് നെന്മാറ: വേലകളുടെ വേല എന്ന് പുകൾപെറ്റ നെന്മാറ-വല്ലങ്ങി വേല ചൊവ്വാഴ്ച ആഘോഷിക്കും. പാലക്കാട് ജില്ലയിലെ പ്രമുഖ വിളവെടുപ്പുത്സവങ്ങളിലൊന്നായ വേല മീനം 20നാണ് നടക്കുന്നത്. എണ്ണമറ്റ വാദ്യമേള കലാകാരന്മാരുടെ പങ്കാളിത്തവും തലയെടുപ്പുള്ള കൊമ്പന്മാർ അണിനിരക്കുന്ന എഴുന്നള്ളിപ്പും ആകർഷകമായ ആനപ്പന്തലുകളും വെടിക്കെട്ടുമെല്ലാം വ്യത്യസ്തമാക്കുന്നു. മീനം ഒന്നിന് കൂറയിട്ട ശേഷം വേലത്തട്ടകമായ നെല്ലിക്കുളങ്ങര ക്ഷേത്രത്തിൽ ഒരുക്കങ്ങൾ പൂർത്തിയായി. ഇരുദേശങ്ങളിലും കുമ്മാട്ടി, കണ്യാർകളി എന്നിവയുടെ അവതരണവും ക്ഷേത്രത്തിനകത്തെ കളമെഴുത്തുപാട്ടും വേലയുടെ പുറപ്പാടറിയിക്കുന്നു. വേലദിനത്തിൽ രാവിലെ നെന്മാറ ദേശത്ത് ക്ഷേത്രപൂജകൾക്ക് ശേഷം ദേശകാരണവന്മാരുടെ സാന്നിധ്യത്തിൽ വരിയോല വായിച്ചശേഷം നിറപറ എഴുന്നള്ളിപ്പ് ആരംഭിക്കും. വിവിധ സമുദായങ്ങളുടെ ക്ഷേത്രപറകൾ സ്വീകരിച്ച്, മന്ദത്തെത്തി ഉച്ചയോടെ പഞ്ചവാദ്യ അകമ്പടിയോടെ കോലം കയറ്റും. എഴുന്നള്ളിപ്പ്, ദേശത്തെ പഴയന്നൂർ ഭഗവതി, വേട്ടക്കൊരുമകൻ ക്ഷേത്രങ്ങൾ ചുറ്റി പഞ്ചാരിയോടെ വൈകീട്ട് ക്ഷേത്രത്തിനടുെത്ത ആനപ്പന്തലിലെത്തും. വല്ലങ്ങിദേശത്ത് രാവിലെ പൂജകൾക്ക് ശേഷം ശിവക്ഷേത്രത്തിൽനിന്ന് രാവിലെ 11ഒാടെ പഞ്ചവാദ്യസമേതം എഴുന്നള്ളിപ്പ്. വൈകീട്ട് നാലോടെ ബൈപാസ് റോഡിലെ ആനപ്പന്തലിൽ അണിനിരക്കും. കാവ് കയറുന്നതിന് മുമ്പായി അത്യാകർഷകമായ കുടമാറ്റം നടക്കും. ആദ്യം വല്ലങ്ങിയുടെ എഴുന്നള്ളത്ത് കാവ് കയറും. പിന്നീട്, നെന്മാറ ദേശത്തി‍​െൻറ കാവ് കയറും. ഈ സമയത്താണ് പകൽ വെടിക്കെട്ട് തുടങ്ങുന്നത്. ആദ്യം വല്ലങ്ങിയും പിന്നീട് നെന്മാറയും വെടിക്കെട്ടിന് തിരികൊളുത്തും. തായമ്പകയോടെയുള്ള രാത്രിവേല ആരംഭം പഞ്ചവാദ്യങ്ങൾ ദേശങ്ങളിലെ ക്ഷേത്രങ്ങളിൽനിന്ന് ആനപ്പന്തലിലെത്തുന്നതോടെ സമാപിക്കും. രാത്രി വെടിക്കെട്ടിന് ആദ്യം നെന്മാറയും പിന്നീട് വല്ലങ്ങിയും തിരികൊളുത്തും. പാണ്ടിമേളത്തോടെ കാവുകയറി മുത്തുക്കുടകളും പറവാദ്യവുമായി ഇരുദേശങ്ങളിലെയും മന്ദങ്ങളിലെത്തിച്ചേർന്ന് വേലപ്പിറ്റേന്ന് എഴുന്നള്ളത്തുകൾ തിടമ്പിറക്കും. ഇതോടെ വേലയുടെ പരിസമാപ്തിയായി. നെല്ലിയാമ്പതി മലമുകളിലുള്ള നെല്ലിക്കാട്ടിലെ വനദുർഗ മലയടിവാരത്തെ നെന്മാറയിൽ കുടിയിരുന്നതി‍​െൻറ ആണ്ടുപിറപ്പാണ് വേലയെന്നാണ് ഐതിഹ്യം. ദാരികനിഗ്രഹ ശേഷം രൗദ്രഭാവം പൂണ്ട ദുർഗയെ പ്രീതിപ്പെടുത്തുന്ന ചടങ്ങായും വേല സങ്കൽപ്പിക്കപ്പെടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.