ഉരുൾപൊട്ടൽ ഭീഷണിയിൽ ഉറക്കമറ്റ്​ ആദിവാസി കോളനികൾ

മണ്ണാർക്കാട്: ഓരോ മഴക്കാലം വന്നെത്തുമ്പോഴും തലക്ക് മുകളിൽ ഉരുൾപൊട്ടൽ ഭീഷണിയിൽ ഊണും ഉറക്കവുമില്ലാതെ കഴിയുകയാണ് കാഞ്ഞിരപ്പുഴ പഞ്ചായത്തിലെ ആദിവാസി കോളനികൾ. വെള്ളത്തോട് അംബേദ്കർ ആദിവാസി കോളനിയിലും വെറ്റിലച്ചോല കോളനിയിലും ഈ കാലവർഷം വിതച്ചത് വൻനഷ്ടമാണ്. കാഞ്ഞിരപ്പുഴ ഡാം നിർമാണകാലത്ത് ഡാം സൈറ്റിൽ നിന്ന് വാഗ്ദാനങ്ങൾ നൽകി കുടിയിറക്കി മലമുകളിലേക്ക് കുടിയേറ്റിയ ആദിവാസി കുടുംബങ്ങൾക്ക് ഇതുവരെ നൽകിയ വാഗ്ദാനങ്ങളൊന്നും നിറവേറ്റി നൽകിയിട്ടില്ല. അരനൂറ്റാണ്ട് മുമ്പാണ് ഡാം നിർമാണാവശ്യം ആദിവാസികളെ മാറ്റിപ്പാർപ്പിച്ചത്. അന്ന് മുതൽ മലമുകളിലെ കോളനികളിൽ തീ തിന്ന് കഴിയുകയാണിവർ. മഴക്കാലമായാൽ പലപ്പോഴും ദുരിതാശ്വാസ ക്യാമ്പിലേക്കുള്ള പലായനമാണ്. ഈ മഴക്കാലത്ത് രണ്ടാഴ്ചക്കിടെ രണ്ടാം തവണയാണ് ഇവർ മാറി താമസിക്കുന്നത്. അര നൂറ്റാണ്ടുമുമ്പ് എട്ടോളം കുടുംബങ്ങളെയാണ് മാറ്റിപ്പാർപ്പിച്ചതെങ്കിൽ വെള്ളത്തോട് മാത്രം കോളനിയിൽ 39 കുടുംബങ്ങളിലായി 135 പേരുണ്ട്. മലമുകളിൽ വീടുണ്ടെങ്കിലും സമാധാനത്തോടെ കഴിയാൻ കഴിയില്ല. ഒന്നര കിലോമീറ്റർ മുകളിലാണിവർ താമസിക്കുന്നത്. എന്തെങ്കിലും അത്യാഹിതമുണ്ടായാൽ സഹായമെത്താൻ പോലും വൈകും. കൂറ്റൻ പാറകളാണ് കോളനിക്ക് മുകളിൽ താഴേക്ക് പതിക്കാൻ പാകത്തിൽ നിൽക്കുന്നത്. വ്യാഴാഴ്ച വൈകുന്നേരം ഉരുൾപൊട്ടൽ കണ്ടപ്പോഴേക്കും മുൻകരുതലായി മാറ്റിപ്പാർപ്പിക്കുകയായിരുന്നു. ഒരു വീടിനുള്ളിലൂടെയാണ് മലവെള്ളമെത്തിയത്. പലപ്പോഴും അപകടം തലക്കു മുകളിൽ നിൽക്കുമ്പോഴും കോളനിയിൽ നിന്ന് മാറി നിൽക്കാനിവർക്ക് മടിയാണ്. കോളനിയിലേക്കുള്ള രണ്ട് വഴികളും ഉരുൾപൊട്ടലിൽ തകർന്നിരിക്കുകയാണ്. വെള്ളത്തോട് കൂടാതെ വെറ്റിലച്ചോല, ആനക്കരണം, ഇരുമ്പകച്ചോല കോളനികളുടെയെല്ലാം സ്ഥിതി സമാനമാണ്. ഉരുൾപൊട്ടലിനെ തുടർന്ന് കാഞ്ഞിരപ്പുഴ ദുരിതാശ്വാസ കാമ്പിൽ കഴിയുന്ന വെള്ളത്തോട് കോളനിയിലെ കുട്ടികൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.