കരുവാരകുണ്ടിൽ ലീഗും കോൺഗ്രസും വീണ്ടും രണ്ടുവഴിക്ക്

കരുവാരകുണ്ട്: അനൗപചാരിക ചർച്ചകളിലൂടെ യു.ഡി.എഫ് ബന്ധം പുനഃസ്ഥാപിക്കാനുള്ള നീക്കം ഇല്ലാതായതോടെ കരുവാരകുണ്ടിൽ കോൺഗ്രസും മുസ്ലിം ലീഗും വീണ്ടും രണ്ടുവഴിക്കെന്ന് സൂചന. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദം നൽകാമെന്ന ഉറപ്പ് ഒരുമാസമായിട്ടും പാലിക്കാത്ത ലീഗ് നിലപാടിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയാണ് യു.ഡി.എഫ് ഇനി വേണ്ടെന്ന നിലപാടെടുക്കുന്നത്. ശനിയാഴ്ചക്കകം പ്രസിഡൻറ് പദത്തിൽനിന്ന് ലീഗ് അംഗം രാജിവെക്കാത്ത പക്ഷം ഈ കാലയളവിൽ നിലവിലെ അവസ്ഥ തുടരട്ടെയെന്നാണ് വ്യാഴാഴ്ച ചേർന്ന മണ്ഡലം കമ്മിറ്റി യോഗ തീരുമാനം. ലീഗ് ഭരണസമിതിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനും കോൺഗ്രസ് ആലോചിക്കുന്നുണ്ട്. ലീഗും കോൺഗ്രസും തനിച്ച് മത്സരിച്ച ഗ്രാമപഞ്ചായത്തുകളിലെല്ലാം ജില്ല നേതൃത്വം ഇടപെട്ട് യു.ഡി.എഫാക്കുകയും പ്രസിഡൻറ് പദം കൈമാറുകയും ചെയ്തിരുന്നു. കരുവാരകുണ്ടിലും ബന്ധം പുനഃസഥാപിക്കാൻ ഇരുപാർട്ടികളുടെയും ജില്ല നേതൃത്വങ്ങൾ നിർദേശം നൽകുകയും ചെയ്തു. ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഇതിനായി കരുവാരകുണ്ടിൽ നേരിട്ടെത്തിയിരുന്നു. ഇതേതുടർന്ന് എ.പി. അനിൽകുമാർ എം.എൽ.എയുടെ നേതൃത്വത്തിൽ കോൺഗ്രസ്-ലീഗ് പ്രാദേശിക നേതൃത്വങ്ങൾ അനൗപചാരിക ചർച്ച നടത്തുകയും സെപ്റ്റംബർ മുതൽ 22 മാസം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് പദം കോൺഗ്രസിന് നൽകാൻ ധാരണയുണ്ടാക്കുകയും ചെയ്തു. ലീഗ് ബന്ധത്തിന് എതിര് നിന്ന കോൺഗ്രസ് നേതാക്കളെയെല്ലാം എം.എൽ.എ ഇടപെട്ട് അനുനയിപ്പിച്ചാണ് ലീഗുമായി ധാരണയുണ്ടാക്കിയത്. ലീഗ് പഞ്ചായത്ത് കമ്മിറ്റി ഇത് ചർച്ച ചെയ്തിരുന്നു. 22 മാസമെന്നത് ഒന്നര വർഷമായി കുറക്കണമെന്നും അവസാന കാലയളവിൽ നൽകിയാൽ മതിയെന്നുമുള്ള അഭിപ്രായം യോഗത്തിലുയർന്നു. ഇക്കാര്യം ജില്ല കമ്മിറ്റിയുടെ ശ്രദ്ധയിൽപെടുത്താമെന്ന ഉറപ്പിലാണ് യോഗം പിരിഞ്ഞത്. എന്നാൽ, ഒരുമാസം കഴിഞ്ഞിട്ടും ലീഗി​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടാവാത്തതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്. ചർച്ച നടന്നിട്ടുണ്ടെങ്കിലും പ്രസിഡൻറ് പദം കോൺഗ്രസിന് നൽകാമെന്ന് പറഞ്ഞിട്ടില്ലെന്നാണ് ലീഗ് നിലപാട്. ഇതിനിടെ ലീഗ് നേതൃത്വത്തി​െൻറ അറിവോടെ പഞ്ചായത്ത് യൂത്ത് ലീഗ് അനിൽകുമാർ എം.എൽ.എക്കെതിരെ പരസ്യ പ്രസ്താവന നടത്തിയതും കോൺഗ്രസുകാരെ ക്ഷുഭിതരാക്കിയിരുന്നു. അതേസമയം, അനൗപചാരിക കരാർ ലംഘിച്ച ലീഗ് നിലപാട് വഞ്ചനാപരമാണെന്നും ഒരു ലീഗ് എം.എൽ.എയാണ് ഇതിന് പിന്നിലെന്നുമാണ് കോൺഗ്രസ് അണികളുടെ പക്ഷം. ബന്ധം ഇനി വേണ്ടെന്നും ഇവർ പറയുന്നു. അതേസമയം, പാർട്ടി നിലപാടിൽ ലീഗിലെ ചിലർക്കും അമർഷമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.