ഒമ്പതാം നിലയിലെ ഫ്ലാറ്റിൽ 'കുടുങ്ങിയ' കുട്ടികളെ 'രക്ഷപ്പെടുത്തി'

ഫറോക്ക്: ഓട്ടോമാറ്റിക് സംവിധാനമുള്ള വാതിൽ അടഞ്ഞ് ഫ്ലാറ്റിലെ മുറിക്കുള്ളിൽ 'കുടുങ്ങിയ' കുട്ടികളെ മീഞ്ചന്ത ഫയർ ഫോഴ്സ് സാഹസികമായി 'രക്ഷിച്ചു'. രക്ഷിതാക്കൾ പുറത്തുപോയ സമയത്ത് ഒമ്പതാം നിലയിലെ മുറിയിൽ 13കാരനും എട്ടു വയസ്സുകാരിയുമാണ് മാതാപിതാക്കളെയും അയൽക്കാരെയും മുൾമുനയിൽ നിർത്തി സുഖമായി ഉറങ്ങിയത്. മീഞ്ചന്ത ബൈപാസ് ജങ്ഷനിലെ ബഹുനില അപ്പാർട്മ​െൻറിലായിരുന്നു നാടകീയ സംഭവവികാസങ്ങൾ അരങ്ങേറിയത്. മീഞ്ചന്ത സ്റ്റേഷൻ ഓഫിസർ പനോത്ത് അജിത് കുമാർ, ലീഡിങ് ഫയർമാൻ ടി.കെ. ഹംസക്കോയ എന്നിവരുടെ നേതൃത്വത്തിലെത്തിയ സംഘം ചൊവ്വാഴ്ച രാത്രി 12 മണിയോടെ ഇരുവരെയും പുറത്തെത്തിച്ചതോടെയാണ് ഏവർക്കും ശ്വാസം വീണത്. രക്ഷിതാക്കൾ അകത്തെ ബട്ടൺ അമർത്തി വാതിൽ അടച്ചശേഷം രാത്രിയിൽ പുറത്തുപോയിരുന്നു. പുറത്തുനിന്ന് ഇത് തുറക്കാൻ കഴിയാത്ത നിലയിലായിരുന്നു. 11 മണിയോടെ ഇവർ തിരിച്ചെത്തി വിളിച്ചിട്ടും വാതിൽ തുറന്നില്ല. പിന്നീട് ഫോണിൽ വിളിച്ചിട്ടും എടുക്കാത്തതിനെ തുടർന്ന് ഭയന്ന രക്ഷിതാക്കളും അടുത്തുള്ള താമസക്കാരും ചേർന്നാണ് ഫയർഫോഴ്സിനെ വിളിച്ചത്. ഫയർമാൻ കെ. ബിജു ഫ്ലാറ്റി​െൻറ 14ാം നിലയിൽനിന്ന് വെളിയിലൂടെ കയറിൽ തൂങ്ങിയിറങ്ങി ഒമ്പതാം നിലയിലെത്തി. പിറകിലെ വാതിൽ തുറന്ന് ഇദ്ദേഹം അകത്തുകടന്നപ്പോൾ പുറത്തുണ്ടായ പൊല്ലാപ്പുകളൊന്നുമറിയാതെ ഇരുവരും നല്ല ഉറക്കത്തിലായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.