അട്ടപ്പാടി ബദൽ റോഡിനായുള്ള ജനകീയയാത്ര വനംവകുപ്പ് തടഞ്ഞു

അഗളി: അട്ടപ്പാടിയിൽ ബദൽ റോഡിനായി പ്രദേശവാസികളുടെ നേതൃത്വത്തിൽ നാട്ടുകാരും ജനപ്രതിനിധികളും സംഘടിപ്പിച്ച യാത്ര വനംവകുപ്പ് ഉദ്യോഗസ്ഥർ തടഞ്ഞത് വിവാദമായി. ചൊവ്വാഴ്ച രാവിലെ പേത്താടെയാണ് സംഭവം. അട്ടപ്പാടിയിലെ വിവിധ പ്രദേശങ്ങളിൽ നിന്നെത്തിയവരെ സൈലൻറ് വാലി വൈൽഡ് ലൈഫ് വാർഡൻ നരേന്ദ്രനാഥ് വെല്ലുരിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് തടഞ്ഞത്. വാക്കാൽ അനുവാദം വാങ്ങിയിട്ടുണ്ടെന്ന് പ്രദേശവാസികൾ വാദിച്ചെങ്കിലും സൈലൻറ് വാലിയോട് ചേർന്ന വനമേഖലയായതിനാൽ രേഖാമൂലമുള്ള സമ്മതം ആവശ്യമാണെന്ന് വൈൽഡ് ലൈഫ് വാർഡൻ പറഞ്ഞു. സംഘത്തെ തടയാൻ വനംവകുപ്പി‍​െൻറ വൻ സംഘം നേരത്തേ പ്രദേശത്ത് ക്യാമ്പ് ചെയ്തിരുന്നു. പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും തമ്മിൽ ചെറിയ തോതിൽ വാക്കേറ്റമുണ്ടായി. തുടർന്ന് സ്ഥലത്തെത്തിയ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ഈശ്വരി രേശനും മറ്റ് ജനപ്രതിനിധികളും ഉയർന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുമായി ഫോണിൽ സംസാരിച്ചെങ്കിലും യാത്രക്ക് അനുവാദം ലഭിച്ചില്ല. തുടർന്ന് പ്രദേശവാസികളുടെ നേതൃത്വത്തിൽ മുക്കാലിയിൽ പ്രതിഷേധ യോഗം നടത്തി. മുക്കാലിയിൽ നിന്ന് കീരിപ്പാറ, മെഴുകുംപാറ വഴി തെങ്കരയിലെത്തുന്ന കാട്ടുവഴിയിലൂടെയായിരുന്നു യാത്ര നടത്താൻ നിശ്ചയിച്ചത്. പണ്ടു കാലത്ത് കൂപ്പുറോഡായി ഇതുപയോഗിച്ചിട്ടുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇതുവഴി യാത്ര സാധ്യമായാൽ ചുരം വഴി യാത്ര ഒഴിവാക്കാനും ഏഴു കിലോമീറ്ററോളം ലാഭിക്കാനും കഴിയും. നിലവിൽ ചുരം റോഡിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടതോടെ ബസ് സർവീസും ചരക്കുഗതാഗതവും താറുമാറായ നിലയിലാണ്. കോയമ്പത്തൂർ, തടാകം വഴിയാണ് മേഖലയിലേക്കുള്ള ചരക്കുനീക്കം നടക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.