നെല്ല് സംഭരണം: പിന്മാറുന്ന മില്ലുടമകൾക്കെതിരെ നിയമനടപടി -കൃഷിമന്ത്രി പ്രാദേശിക സംവിധാനമൊരുക്കാനും നിർദേശം പാലക്കാട്: നെല്ല് സംഭരണത്തിൽനിന്ന് പിന്മാറുന്ന സ്വകാര്യ മില്ലുടമകൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് കൃഷിമന്ത്രി വി.എസ്. സുനിൽകുമാർ. സഹകരിക്കാൻ താൽപര്യമുള്ള മില്ലുടമകൾക്ക്് ആവശ്യമായ സഹായം നൽകും. ആവശ്യമെങ്കിൽ നെല്ല് സംഭരിക്കാൻ ഇതര സംസ്ഥാനങ്ങളുമായി ചർച്ച നടത്തും. സ്വകാര്യ മില്ലുടമകൾ ചെറിയ കാലയളവിലേക്ക് നിയമപരമായി ഏറ്റെടുത്ത്് നെല്ല് സംഭരിക്കുന്നത് പരിഗണനയിലാണെന്നും ഒക്ടോബർ ഒന്നു മുതൽ നെല്ല് സംഭരിക്കുമെന്ന കാര്യത്തിൽ സംശയമില്ലെന്നും മന്ത്രി പറഞ്ഞു. പാലക്കാട് കലക്ടറേറ്റിൽ മന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന തൃശൂർ, പാലക്കാട് ജില്ലകളിലെ കൃഷിവകുപ്പ് , സപ്ലൈകോ ഉദ്യോഗസ്ഥരുടേയും പാടശേഖരസമിതി പ്രതിനിധികളുടേയും യോഗത്തിലാണ് ഇക്കാര്യം പറഞ്ഞത്. സിവിൽ സപ്ലൈസ് മന്ത്രികൂടി ഉൾപ്പെട്ട യോഗം ബുധനാഴ്ച ചേരും. സംസ്ഥാനത്ത് 54 മില്ലുകളാണ് സപ്ലൈകോക്ക് വേണ്ടി നെല്ല് സംഭരിക്കുന്നത്. കൃഷി ഉദ്യോഗസ്ഥരും കൃഷി അസി. ഡയറക്ടർമാരും അതത് പഞ്ചായത്തുകളിലെ കൃഷിക്കാരുമായി സഹകരിച്ച് സംഭരണത്തിനായി പ്രാദേശിക സംവിധാനം സജ്ജമാക്കണമെന്ന് മന്ത്രി നിർദേശം നൽകി. സംഭരണത്തിനാവശ്യമായ ഉപകരണങ്ങളും ഗുണനിലവാരം ഉറപ്പാക്കാനുള്ള സജ്ജീകരണങ്ങളും കണ്ടെത്തണം. നെല്ല് സൂക്ഷിക്കാൻ സർക്കാർ, സ്വകാര്യ ഗോഡൗണുകളും കൃഷി വകുപ്പിന് കീഴിലെ സംവിധാനങ്ങളും പ്രാദേശികതലത്തിൽ കണ്ടെത്തി അവയുടെ പട്ടിക കൃഷി ഓഫിസർമാർ ഉടൻ പ്രിൻസിപ്പൽ കൃഷി ഓഫിസർക്ക് കൈമാറണം. ചാക്കുകളും തൂക്ക് യന്ത്രങ്ങളും സപ്ലൈകോ ഉദ്യോഗസ്ഥരുടെ സഹകരണത്തോടെ കൃഷി വകുപ്പ് ഉദ്യോഗസ്ഥർ കണ്ടെത്തണമെന്നും പ്രാദേശികതലത്തിൽതന്നെ കൃഷി ഓഫിസർമാരുടെ കീഴിൽ പി.ആർ.എസ് (പാഡി റെസീപ്റ്റ് സ്ലിപ്) എടുക്കാൻ സംവിധാനമുണ്ടാകണമെന്നും മന്ത്രി നിർദേശിച്ചു. പാലക്കാട് ജില്ലയിൽ 7000 മെട്രിക്ക് ടൺ നെല്ല് സൂക്ഷിക്കാനുള്ള ഗോഡൗൺ സംവിധാനമുണ്ടെന്ന് ജില്ല പ്രിൻസിപ്പൽ കൃഷി ഓഫിസർ കെ.എക്സ്. ജെസി അറിയിച്ചു. സംഭരണവുമായി ബന്ധപ്പെട്ട് ജില്ലയിലെ എം.എൽ.എമാർ, ജനപ്രതിനിധികൾ, പാടശേഖരസമിതികൾ എന്നിവരുൾപ്പെട്ട യോഗം ഉടൻ വിളിക്കണമെന്നും കലക്ടറുടെ നേതൃത്വത്തിലുള്ള കോഓഡിനേഷൻ കമ്മിറ്റി ഉടൻ ചേരണമെന്നും മന്ത്രി നിർദേശിച്ചു. കലക്ടർ ഡോ. പി. സുരേഷ് ബാബു, എ.ഡി.എം എസ്. വിജയൻ, സപ്ലൈകോ റീജനൽ മാനേജർ പി. ദാക്ഷായണിക്കുട്ടി, സിവിൽ സപ്ലൈസ് എം.ഡി പി.എച്ച്. അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.