പത്തിരിപ്പാല (പാലക്കാട്): സി.പി.എം പുറത്താക്കിയ നേതാക്കളും അമ്പതോളം പാർട്ടി അംഗങ്ങളും സി.പി.ഐയിൽ ചേരുമെന്ന് വിമത നേതാക്കൾ അറിയിച്ചു. സി.പി.എമ്മിൽ നിന്ന് പുറത്താക്കിയ ശങ്കരനാരായണൻ, മുൻ ലോക്കൽ സെക്രട്ടറി കെ.വി. രവീന്ദ്രൻ, ബ്രാഞ്ച് സെക്രട്ടറിമാരായ ജയകൃഷ്ണൻ, ദാസൻ എന്നിവരടങ്ങുന്ന വിമത നേതാക്കളും രാജിവെച്ച അമ്പതോളം പാർട്ടി അംഗങ്ങളുമാണ് കൊട്ടക്കുന്നിലെ വിമതരുടെ നിയന്ത്രണത്തിലുള്ള സി.പി.എം ഓഫിസിൽ വിളിച്ച പ്രഖ്യാപന കൺവെൻഷനിൽ പങ്കെടുത്തത്. രണ്ട് ബ്രാഞ്ച് സെക്രട്ടറിമാർ, രണ്ട് സർവിസ് സഹകരണ ബാങ്ക് ഡയറക്ടർമാർ, ഡി.വൈ.എഫ്.ഐ നേതാവ് എന്നിവരടക്കമുള്ളവർ രാജിവെച്ചതായി നേതാക്കൾ അറിയിച്ചു. ചിറയിൽ ബ്രാഞ്ച് സെക്രട്ടറി ദാസൻ, കൊട്ടക്കുന്ന് ബ്രാഞ്ച് സെക്രട്ടറി ജയകൃഷ്ണൻ, സർവിസ് സഹകരണ ബാങ്ക് ഡയറക്ടർമാരായ സി.പി. രാമകൃഷ്ണൻ, വത്സമ്മ, ഡി.വൈ.എഫ്.ഐ മേഖല ട്രഷറർ രാജേഷ്, മുൻ പഞ്ചായത്തംഗം രജനി എന്നിവരും രാജിവെച്ചതായി നേതാക്കൾ അറിയിച്ചു. ചിറയിൽ ബ്രാഞ്ചിൽ നിന്ന് ഒമ്പത് പാർട്ടി അംഗങ്ങളും ചോലക്കുന്നിൽ നിന്ന് അഞ്ചുപേരും ഒന്നാം മൈൽ ബ്രാഞ്ചിൽ നിന്ന് പത്ത് പേരും കോഴിച്ചുണ്ടയിൽ നിന്ന് അഞ്ചുപേരും പെരടിക്കുന്ന് ബ്രാഞ്ചിൽ നിന്ന് നാല് പേരും പൊട്ടുപാറയിൽ നിന്ന് അഞ്ചുപേരുമാണ് രാജിവെച്ചതെന്ന് വിമത നേതാക്കൾ അറിയിച്ചു. വരുംദിവസങ്ങളിൽ കൂടുതൽ അംഗങ്ങൾ തങ്ങൾക്കൊപ്പം വരുമെന്നും ഇടതുപക്ഷ സംഘടനയായതിനാലാണ് സി.പി.ഐയിലേക്ക് പോകുന്നതെന്നും നേതാക്കൾ പറഞ്ഞു. സി.പി.എം കാൽനട ജാഥയിൽ മുൻ എം.പി നടത്തിയ പദപ്രയോഗം അദ്ദേഹത്തിന് യോജിച്ചതല്ല. ഇത്തരം നേതാക്കൾ സി.പി.എമ്മിൽ ഉണ്ടായാൽ സമൂഹം തിരസ്കരിക്കുമെന്നും വിമതനേതാക്കൾ പറഞ്ഞു. അടുത്ത മാസം എട്ടിന് നടക്കുന്ന വിപുലമായ കൺവെൻഷനിൽ അഞ്ഞൂറിലേറെ പേരെ പങ്കെടുപ്പിച്ച് പ്രകടനം നടത്തുവാനാണ് വിമതനീക്കം. തുടർന്ന് സി.പി.ഐ ലോക്കൽ കമ്മിറ്റിയും പത്തോളം സി.പി.ഐ ബ്രാഞ്ച് കമ്മിറ്റികളുമുണ്ടാക്കി പാർട്ടിയെ വിപുലമാക്കുമെന്നും നേതാക്കൾ പറയുന്നു. കൺവെൻഷൻ വിമത നേതാവ് ശങ്കരനാരായണൻ ഉദ്ഘാടനം ചെയ്തു. കെ.വി. രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. ജയകൃഷ്ണൻ, ദാസൻ, രാമകൃഷ്ണൻ, പി. ബാബു, കെ.വി. മുഹമ്മദ്, മുസ്തഫ, ശശി, സിദ്ദീഖ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.