400 മെഡിക്കൽ സീറ്റുകളിലെ പ്രവേശനം ശരിവെച്ച സുപ്രീംകോടതി വിധി സർക്കാറിനും വിദ്യാർഥികൾക്കും ആശ്വാസം

തിരുവനന്തപുരം: മൂന്ന് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്ക് പ്രവേശനപരീക്ഷ കമീഷണർ നടത്തിയ പ്രവേശനം സുപ്രീംകോടതി ശരിവെച്ചത് സർക്കാറിനും വിദ്യാർഥികൾക്കും ആശ്വാസമായി. തൊടുപുഴ അൽ അസ്ഹർ മെഡിക്കൽ കോളജിലെയും വയനാട് ഡി.എം മെഡിക്കൽ കോളജിലെയും 150 വീതം സീറ്റുകളിലേക്കും അടൂർ മൗണ്ട്സിയോൺ കോളജിലെ 100 സീറ്റിലേക്കും നടത്തിയ പ്രവേശനമാണ് സുപ്രീംകോടതി ശരിവെച്ചത്. നേരത്തേ ഹൈകോടതി ഉപാധികളോടെ നൽകിയ അനുമതിയിലാണ് മൂന്ന് കോളജിലേക്കും സർക്കാർ പ്രവേശനം നടത്തിയത്. ഇതിനെതിരെ സുപ്രീംകോടതിയെ സമീപിച്ച മെഡിക്കൽ കൗൺസിൽ പ്രവേശന നടപടികൾ റദ്ദുചെയ്തിരുന്നു. പ്രവേശനാനുമതി നൽകാൻ ഹൈകോടതിക്ക് അനുമതിയില്ലെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു നടപടി. തുടർന്ന് മൂന്ന് കോളജുകളും സുപ്രീംകോടതിയിൽ പ്രത്യേകം ഹരജി നൽകി. പ്രവേശനം നേടിയ വിദ്യാർഥികൾക്കുവേണ്ടി കേസിൽ സർക്കാറും കക്ഷി ചേർന്നു. മൂന്ന് കോളജുകളിലെ 400 സീറ്റുകളിലേക്ക് പ്രവേശന പരീക്ഷ കമീഷണർ നടത്തിയ പ്രവേശനം റദ്ദുചെയ്താൽ സർക്കാർ പ്രതിസന്ധിയിൽ അകപ്പെടുമായിരുന്നു. മറ്റ് കോഴ്സുകളിൽനിന്നും ഇതര സംസ്ഥാനങ്ങളിലെ മെഡിക്കൽ കോളജുകളിൽനിന്നും വിടുതൽ വാങ്ങിയാണ് മൂന്ന് കോളജുകളിൽ വിദ്യാർഥികൾ പ്രവേശനം നേടിയത്. പ്രവേശനം റദ്ദുചെയ്തിരുന്നെങ്കിൽ നീറ്റ് റാങ്കിൽ മുന്നിൽ വന്ന ഇൗ കുട്ടികളുടെ തുടർപഠനം അനിശ്ചിതത്വത്തിലാകുമായിരുന്നു. മൂന്ന് കോളജുകൾക്കും നേരത്തേ ന്യൂനതകൾ ചൂണ്ടിക്കാട്ടി മെഡിക്കൽ കൗൺസിൽ രണ്ടുവർഷത്തേക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയതാണ്. വീണ്ടും അപേക്ഷ നൽകിയതിനെ തുടർന്ന് വിദഗ്ധസംഘം നടത്തിയ പരിശോധനയിൽ രണ്ടുവർഷത്തെ പ്രവേശനവിലക്ക് നീക്കി. ന്യൂനതകൾ പരിഹരിച്ചെന്ന് റിപ്പോർട്ട് നൽകുകയും ചെയ്തു. എന്നാൽ, ഇൗ അധ്യയനവർഷം പ്രവേശനാനുമതി നൽകേണ്ടതില്ലെന്ന നിലപാടിൽ മെഡിക്കൽ കൗൺസിൽ ഉറച്ചുനിന്നതോടെയാണ് കോളജുകൾ ഹൈകോടതിയെ സമീപിച്ചത്. ഹൈകോടതി ഉപാധികേളാടെ നൽകിയ പ്രവേശനാനുമതിയിലാണ് ഇൗ കോളജുകളിലെ 400 സീറ്റുകളിേലക്ക് അവസാനഘട്ടത്തിൽ സ്പോട് അഡ്മിഷനിലൂടെ പ്രവേശനം പൂർത്തിയാക്കിയത്. ഇതിനുശേഷമാണ് നടപടിക്കെതിരെ മെഡിക്കൽ കൗൺസിൽ സുപ്രീംകോടതിയെ സമീപിച്ചത്. കോടതി വിധി വന്നതോടെ സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ/ ഡ​െൻറൽ സീറ്റുകളിലെയും പ്രവേശന നടപടികളും പൂർത്തിയായി. –സ്വന്തം ലേഖകൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.