കഞ്ചാവ് ഉപയോഗം: പിടിയിലായത് 38 വിദ്യാർഥികൾ

വണ്ടൂര്‍: കഞ്ചാവ് ഉപയോഗിച്ചവരിൽ വിദ്യാര്‍ഥികളും യുവാക്കളുമായി വണ്ടൂരില്‍ പിടിയിലായത് 38 പേർ. കഴിഞ്ഞ ദിവസങ്ങളിൽ പിടിയിലായവരുടെ രക്ഷിതാക്കളെയും വാഹനങ്ങളെയുംകൊണ്ട്് എക്‌സൈസ് ഓഫിസും പരിസരവും നിറഞ്ഞിരുന്നു. പലരും കുട്ടികളെ കണ്ട് തളര്‍ന്നിരിക്കുകയും നിയന്ത്രണംവിട്ട് പൊട്ടിക്കരയുകയും ചെയ്തിരുന്നു. സഹപാഠികളില്‍നിന്ന് പുകവലിയിലൂടെ ലഹരി ഉപയോഗം തുടങ്ങിയശേഷം ഒരു ദിവസം പോലും ഒഴിവാക്കാന്‍ കഴിയാതെയായെന്നും കിട്ടാതെ വന്നതോടെ അതിക്രമങ്ങള്‍ നടത്തിയെന്നുമുള്ള കുട്ടികളുടെ മൊഴികള്‍ ഏവരേയും ഞെട്ടിക്കുന്നതായിരുന്നു. വ്യാഴാഴ്ച വണ്ടൂര്‍ ചോലയില്‍ വിഷ്ണുപ്രസാദ്, ചുങ്കത്തറ പൂക്കോട്ടുമണ്ണ വേദകപറമ്പില്‍ ബാബുജോണ്‍ (24), വണ്ടൂര്‍ പാലക്കാട്ടുകുന്ന് തെറ്റന്‍തൊടിക റസീല്‍ബാബു (28) എന്നിവരെയാണ് വിവിധയിടങ്ങളില്‍നിന്നായി എക്സൈസ് സംഘം പിടികൂടിയത്. ഇതോടെയാണ് കഞ്ചാവുപയോഗത്തില്‍ വര്‍ധിച്ചുവരുന്ന കുട്ടികളുടെ പങ്കിനെക്കുറിച്ച് വ്യക്തമായത്. പിടിയിലായവരില്‍ പലര്‍ക്കും രക്ഷിതാക്കളുമായി വലിയ ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. കഞ്ചാവ് ഉപയോഗത്തിനായ് പണം തികയാതെയും കിട്ടാതെയും വന്നപ്പോള്‍ മാതാപിതാക്കളുമായ തർക്കത്തിലായ വിദ്യാര്‍ഥികളും കൂട്ടത്തിലുണ്ടായിരുന്നു. പണം നൽകാത്തതി​െൻറ പേരില്‍ മാതാവിനെ മർദിച്ച സംഭവംവരെ നടന്നിട്ടുണ്ടെന്നാണ് എക്‌സൈസ് അധികൃതര്‍ പറയുന്നത്. പിടിയിലായ മൂവരും വാഹനം വാടകക്കെടുത്താണ് തമിഴ്‌നാട്ടില്‍നിന്ന് കഞ്ചാവ് എത്തിച്ചിരുന്നത്. സ്‌കൂള്‍ കാമ്പസുകളിലായിരുന്നു പ്രധാന വില്‍പന. പിടിയിലായ ഇവരുടെ ഫോണിലേക്ക് കഞ്ചാവ് ചോദിച്ച് വിളിച്ചവരിൽ ഭൂരിഭാഗവും വിദ്യാര്‍ഥികളായിരുന്നു. വിളിച്ചവരെ വണ്ടൂര്‍ പരിസരത്തുനിന്ന് പിടികൂടിയതോടെയാണ് ലഹരി ഉപയോഗത്തി​െൻറ വിവരങ്ങള്‍ കൂടുതൽ വ്യക്തമായത്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളില്‍നിന്നുള്ളവരാണ് കൂടുതല്‍ പേരും. സ്ഥിരമായി കഞ്ചാവ് ഉപയോഗിച്ചതിനാല്‍ ചികിത്സ വേണ്ടവരുമുണ്ട്. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ബൈക്കും മദ്യവും ആഡംബരയാത്രയും നല്‍കിയാണ് കാരിയര്‍മാരായി പ്രവര്‍ത്തിപ്പിച്ചിരുന്നതെന്ന് പ്രതികള്‍ എക്‌സൈസിന് മൊഴി നല്‍കിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.