നെൽവയൽ ഡാറ്റാ ബാങ്ക് തിരുത്തലുകൾക്ക് 1.12 ലക്ഷം അപേക്ഷ

നെൽവയൽ ഡാറ്റാ ബാങ്ക് തിരുത്തലുകൾക്ക് 1.12 ലക്ഷം അപേക്ഷ തിരുവനന്തപുരം: നെൽവയൽ തണ്ണീർത്തട സംരക്ഷണ ചട്ടങ്ങളിലെ ഭേദഗതി ഉത്തരവ് പ്രകാരം നെൽവയൽ ഡാറ്റാ ബാങ്ക് തിരുത്തലുകൾക്ക് ലഭിച്ചത് 1,12,896 അപേക്ഷകൾ. ഈ വർഷം മേയ് 30വരെ സംസ്ഥാനത്താകെ സമർപ്പിച്ച പരാതികളാണിത്. ഇവ പരിശോധിച്ച് തുടർനടപടികൾ സ്വീകരിക്കുവാൻ പ്രാദേശിക നിരീക്ഷണസമിതി കൺവീനർമാർക്ക് നിർദേശം നൽകി. സംസ്ഥാനത്തെയും ജില്ലകളിലെയും പ്രാദേശിക നിരീക്ഷണസമിതി കൺവീനർമാരായ കൃഷി ഓഫിസർമാരുടെയും ജില്ലതല കൺവീനർമാരായ പ്രിൻസിപ്പൽ കൃഷി ഓഫിസർമാരുടെയും വിഡിയോ കോൺഫറൻസിലാണ് ഇക്കാര്യത്തിൽ തീരുമാനമെടുത്തത്. തിരുത്തൽ അപേക്ഷകൾ സ്വീകരിക്കുവാനുള്ള സമയപരിധി നീട്ടാൻ നിർദേശം നൽകി. അതിനാൽ പ്രാദേശിക നിരീക്ഷണസമിതി കൺവീനർമാർ ഉടമസ്ഥ​െൻറ പേര്, സർവേ നമ്പർ, തണ്ടപ്പേർ, ഉദ്ദേശിക്കുന്ന പരിഹാരമാർഗം എന്നിവ ഉൾപ്പെടുത്തി 100 രൂപ കോർട്ട് ഫീ സ്റ്റാമ്പ് പതിപ്പിച്ച വെള്ളപേപ്പറിൽ അപേക്ഷകൾ സ്വീകരിക്കുന്നത് തുടരാനും റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി നിർദേശം നൽകി. ഡാറ്റാ ബാങ്ക് പ്രസിദ്ധീകരിക്കാനുണ്ടായിരുന്ന 159 തദ്ദേശസ്ഥാപനങ്ങൾ ഉപഗ്രഹചിത്രങ്ങളുടെ സഹായത്തോടെ കേരള സ്റ്റേറ്റ് റിമോട്ട് സെൻസിങ് ആൻഡ് എൻവയൺമ​െൻറ് സ​െൻററി​െൻറ ശാസ്ത്രീയപരിശോധനക്ക് വിധേയമാക്കി. ഡാറ്റാ ബാങ്ക് കുറ്റമറ്റതാക്കി പ്രസിദ്ധീകരിക്കാനുള്ള മുൻ നിർദേശം അടിയന്തരമായി പൂർത്തീകരിക്കുവാനും പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി. റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി, കാർഷികോൽപാദന കമീഷണർ എന്നിവരുടെ അധ്യക്ഷതയിൽ സെക്രേട്ടറിയറ്റിൽ നടന്ന യോഗത്തിൽ കൃഷി വകുപ്പ് ഡയറക്ടർ, കൃഷി അഡീഷനൽ ഡയറക്ടർ തുടങ്ങിയവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.