പട്ടാമ്പി^-പുലാമന്തോൾ റോഡ് നവീകരണം: അന്വേഷണം പൂർത്തിയായ ശേഷം മാത്രം ^എം.എൽ.എ

പട്ടാമ്പി-പുലാമന്തോൾ റോഡ് നവീകരണം: അന്വേഷണം പൂർത്തിയായ ശേഷം മാത്രം -എം.എൽ.എ പട്ടാമ്പി: തകർന്ന പട്ടാമ്പി--പുലാമന്തോൾ റോഡ് നവീകരണം വിജിലൻസ് അന്വേഷണം പൂർത്തിയായ ശേഷമേ നടത്താനാവൂ എന്ന് മുഹമ്മദ് മുഹ്‌സിൻ എം.എൽ.എ വാർത്തസമ്മേളനത്തിൽ പറഞ്ഞു. അറ്റകുറ്റപ്പണിക്കായി നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ വിഫലമായി. വിജിലൻസ് അന്വേഷണം പൂർത്തിയാകാതെ നിർമാണത്തിന് അനുമതി ലഭിക്കില്ല. ഫണ്ട് വെക്കാനും കഴിയില്ല. പുലാമന്തോൾ സ്വദേശിയായ പൊതുപ്രവർത്തക‍​െൻറ പരാതിയുടെ അടിസ്ഥാനത്തിലാണ് 9.70 കോടി രൂപ ചെലവിട്ട് നവീകരിച്ച റോഡി‍​െൻറ നിർമാണ ക്രമക്കേടിനെക്കുറിച്ച് വിജിലൻസ് അന്വേഷണം തുടങ്ങിയത്. നവീകരണം പൂർത്തിയാവും മുമ്പുതന്നെ റോഡ് തകർന്ന് തുടങ്ങിയിരുന്നു. നിർമാണവും അഴിമതിയും അന്വേഷണവുമെല്ലാം യു.ഡി.എഫ് ഭരണകാലത്താണ്. കരാറുകാരന് പണം നൽകാതിരിക്കാനോ അഴിമതിയുടെ പേരിൽ കരിമ്പട്ടികയിൽപെടുത്താനോ കഴിഞ്ഞിട്ടില്ല. യു.ഡി.എഫിലെ പ്രമുഖ ഘടകകക്ഷിയിൽ സ്വാധീനമുള്ള കാസർകോട് കുതിരോളി കൺസ്ട്രക്ഷനാണ് നിർമാണ ചുമതലയുണ്ടായിരുന്നത്. ഘടകകക്ഷി വഴിയുള്ള രാഷ്ട്രീയ സ്വാധീനത്തിൽ നിരവധി പ്രവൃത്തികൾ തുടർന്നും കരാറുകാരൻ നടത്തുകയുണ്ടായി. ഇയാൾക്കെതിരെ നടപടി ഉടനുണ്ടാവും. വിജിലൻസ് അന്വേഷണ റിപ്പോർട്ട് വിദഗ്‌ധ പരിശോധന ആവശ്യപ്പെട്ട് നിയമോപദേശകൻ തിരിച്ചയച്ചിരിക്കുകയാണ്. നടപടി കർക്കശമാക്കാൻ തന്നെയാണ് തീരുമാനമെന്നും എം.എൽ.എ പറഞ്ഞു. മുൻ സർക്കാറി‍​െൻറ കാലത്ത് വിജിലൻസ് അന്വേഷണത്തിൽ ഇടപെടലുകൾ ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോൾ തീർത്തും സ്വതന്ത്രമാണ്. അതിനാൽ വസ്തുനിഷ്ഠമായ അന്വേഷണത്തിലൂടെ അഴിമതി പുറത്തുകൊണ്ടുവരാനാവും. നിർമാണത്തിൽ അഴിമതി നടന്നതായി ബോധ്യപ്പെട്ടിട്ടുണ്ട്. ഗൂഢാലോചനയും അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ വിജിലൻസിനോടാവശ്യപ്പെട്ടിട്ടുണ്ട്. നടപടി പൂർത്തിയാവാതെ റോഡിൽ ഒന്നും ചെയ്യാനാവില്ല. അതിനു കോടതി ഇടപെടൽ വേണ്ടി വരും. റോഡ് നവീകരിക്കണമെന്ന് വിവിധ കേന്ദ്രങ്ങളിൽനിന്ന് ആവശ്യമുയർന്നിട്ടുണ്ട്. എട്ടോളം സ്ഥലങ്ങളിൽ റോഡുതന്നെ ഇല്ലാത്ത സ്ഥിതിയാണ്. പൂർണമായും നവീകരിക്കാൻ 12-13 കോടി രൂപയെങ്കിലും വേണ്ടി വരും. അടുത്ത ബജറ്റിൽ തുക വകയിരുത്തിയാലേ പൂർണമായും പ്രവൃത്തി നടത്താനാവൂ. റോഡിനെതിരെ നടക്കുന്നത് എം.എൽ.എക്കെതിരെയുള്ള രാഷ്ട്രീയപ്രേരിത സമരമാണ്. സമരങ്ങൾ തുടർന്നാൽ നിയമസഭ സമ്മേളനത്തിൽ കൂടുതൽ സത്യങ്ങൾ പറയേണ്ടി വരുമെന്നും എം.എൽ.എ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സി.പി.എം ഏരിയ സെക്രട്ടറി എൻ.പി. വിനയകുമാർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.