കെ- ടെറ്റ് നിബന്ധന: ഹിന്ദി ടീച്ചർ അപേക്ഷകർ കുരുക്കിൽ

വണ്ടൂർ: പി.എസ്.സി 11 വർഷത്തിന് ശേഷം ഫുൾടൈം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചപ്പോൾ കെ- ടെറ്റ് നിർബന്ധമാക്കിയത് ഉദ്യോഗാർഥികൾക്ക് തിരിച്ചടിയായി. ഫുൾടൈം ജൂനിയർ ഹിന്ദി ടീച്ചർ തസ്തികയിലേക്ക് അപേക്ഷിക്കണമെങ്കിൽ സംസ്ഥാന സർക്കാർ നടത്തുന്ന കെ- ടെറ്റോ അല്ലെങ്കിൽ സെറ്റ്, നെറ്റ്, എം.എഡ്, എം.ഫിൽ, പിഎച്ച്.ഡി എന്നിവയിൽ ഏതെങ്കിലും ഒന്ന് അപേക്ഷയുടെ മുമ്പ് നേടണം എന്നാണ് പി.എസ്.സിയുടെ പുതിയ മാനദണ്ഡം. പ്രായപരിധി കഴിയുന്നവർക്കാണ് പ്രശ്നം. ഇനി കെ- ടെറ്റ് വിജയിച്ചാലും പിന്നീട് വരുന്ന പരീക്ഷക്ക് അപേക്ഷിക്കാൻ കഴിയില്ല. 2006ലാണ് ഇതിന് മുമ്പ് ഈ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചത്. അന്ന് നിയമനം ലഭിക്കാത്ത പലർക്കും ഇത് അവസാന അവസരമാണ്. ഈ മാസം 19ന് അപേക്ഷ സമർപ്പണം അവസാനിക്കുന്ന ഈ തസ്തികകളിലേക്ക് കെ ടെറ്റ് ഇല്ലാത്തവർക്കും അവസരം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം. ഹയർ സെക്കൻഡറി തസ്തികകളിലേക്കും പുതിയ മാനദണ്ഡപ്രകാരം ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതക്ക് പുറമെ സെറ്റ്, നെറ്റ്, എം.എഡ്, എം.ഫിൽ, പി.എച്ച്.ഡി ഇവയിൽ ഏതെങ്കിലും വേണം എന്നാണ് പുതിയ നിയമം. എന്നാൽ, ബിരുദവും ബിരുദാനന്തര ബിരുദവും ബി.എഡ് യോഗ്യതയും നേടിയവർക്കും കൂടി ഹയർ സെക്കൻഡറി തസ്തികകളിലേക്ക് അപേക്ഷിക്കാൻ അവസരം നൽകണമെന്നാണ് ഉദ്യോഗാർഥികളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.