മദ്​റസ അധ്യാപകർക്ക്​ ക്ഷേമനിധി ബോർഡ് രൂപവത്​കരിക്കുന്നു

അരീക്കോട്: മദ്റസ അധ്യാപകർക്ക് ക്ഷേമനിധി ബോർഡ് രൂപവത്കരിക്കാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. അടുത്ത നിയമസഭ സമ്മേളനത്തിൽ ഇതിനായുള്ള ബിൽ പാസാക്കാൻ ന്യൂനപക്ഷകാര്യ ഡയറക്ടറേറ്റ് കരട് രൂപവത്കരണ പ്രക്രിയയിലാണ്. മുസ്ലിം സംഘടനകളുടെ ആറ് പ്രതിനിധികൾ, പൊതുഭരണ, ധന, വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറിമാർ, മദ്റസ അധ്യാപക ക്ഷേമനിധിയുടെ മാനേജറും ഡയറക്ടറും, തപാൽ വകുപ്പ് അസി. ഡയറക്‌ടർ എന്നിവരടങ്ങുന്ന മോണിറ്ററിങ് സമിതിയാണ് നിലവിൽ അധ്യാപക ക്ഷേമനിധി സംവിധാനം നിയന്ത്രിക്കുന്നത്. ഇതിനെയാണ് സർക്കാർ പൊളിച്ചെഴുതുന്നത്. ബോർഡ് വരുന്നതോടുകൂടി മോണിറ്ററിങ് സമിതിക്ക് പകരം ചെയർമാനും ഡയറക്ടർമാരുമാണുണ്ടാവുക. നിലവിൽതന്നെ 20 കോടി നിക്ഷേപമുള്ള ക്ഷേമനിധി സംവിധാനമാണിത്. സംസ്ഥാനത്ത് ഒന്നര ലക്ഷത്തിലേറെ അംഗീകൃത മദ്റസ അധ്യാപകരുണ്ട്. എന്നാൽ, ക്ഷേമനിധി സംവിധാനം ആരംഭിച്ച് ഏഴുവർഷം കഴിഞ്ഞിട്ടും 16,000 അധ്യാപകർ മാത്രമാണ് അംഗത്വമെടുത്തത്. പലിശയുമായി ബന്ധപ്പെട്ട വിശ്വാസമാണ് അംഗത്വം കുറയാൻ കാരണം. മുഖ്യമന്ത്രി പിണറായി വിജയൻ, ന്യൂനപക്ഷ ക്ഷേമ മന്ത്രി ഡോ. കെ.ടി. ജലീൽ എന്നിവർ ഇതുമായി ബന്ധപ്പെട്ട് രണ്ട് തവണ മതസംഘടനകളുടെ യോഗം ചേർന്നെങ്കിലും ഫലവത്തായില്ല. തുടർന്ന് കോഴിക്കോട് ജില്ല സഹകരണ ബാങ്കിൽ നിക്ഷേപിച്ച പത്തുകോടി രൂപ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റി. പാലോളി മുഹമ്മദ് കുട്ടി ന്യൂനപക്ഷ ക്ഷേമ മന്ത്രിയായിരിക്കെയാണ് സച്ചാർ കമീഷൻ നിർദേശ പ്രകാരം മദ്റസ അധ്യാപക ക്ഷേമനിധി രൂപവത്കരിക്കുന്നത്. ഇതി​െൻറ നടത്തിപ്പിന് സർക്കാർ നൽകിയ 10 കോടി രൂപ ഗ്രാൻറാണിപ്പോൾ ട്രഷറി അക്കൗണ്ടിലേക്ക് മാറ്റിയത്. ഇതിന് പുറമെ ഇപ്പോഴത്തെ സർക്കാർ മൂന്നര കോടി രൂപ ഗ്രാൻറായും നിക്ഷേപിച്ചിട്ടുണ്ട്. ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ 2005ലാണ് മദ്റസ അധ്യാപകർക്ക് പെൻഷൻ പദ്ധതി ആരംഭിച്ചത്. ഇതുപ്രകാരം 65 വയസ്സ് കഴിഞ്ഞവർക്ക് 1000 രൂപ പെൻഷൻ ലഭിക്കുന്നുണ്ട്. നിരവധി ആനുകൂല്യങ്ങളാണ് ക്ഷേമനിധി അംഗത്വമെടുക്കുന്ന മദ്റസ അധ്യാപകർക്ക് ലഭ്യമാവുക. നിലവിൽതന്നെ 200 കുടുംബങ്ങൾക്ക് രണ്ടര ലക്ഷം രൂപ പലിശ രഹിത ഭവന വായ്പയും 350 കുടുംബങ്ങൾക്ക് 10,000 രൂപ വീതം വിവാഹ ധനസഹായവും ക്ഷേമനിധിയിൽനിന്ന് നൽകിയിട്ടുണ്ട്. എന്നാൽ, ആനുകൂല്യങ്ങൾ ഉപയോഗപ്പെടുത്താനോ ക്ഷേമനിധിയിൽ ചേരാനോ കൂടുതൽ പേർ മുന്നോട്ടുവരുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.