ഗൗരി ലങ്കേഷി​െൻറ ജീവത്യാഗം മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ കരുത്തുനൽകും –മുഖ്യമന്ത്രി

ഗൗരി ലങ്കേഷി​െൻറ ജീവത്യാഗം മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ കരുത്തുനൽകും -മുഖ്യമന്ത്രി തിരുവനന്തപുരം: മാധ്യമ പ്രവർത്തക ഗൗരി ലങ്കേഷി​െൻറ ജീവത്യാഗം മതനിരപേക്ഷ ശക്തികൾക്ക് കൂടുതൽ കരുത്തുനൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പാളയം രക്തസാക്ഷിമണ്ഡപത്തിൽ ഗൗരി ലങ്കേഷിൻെറ കൊലപാതകത്തിൽ പ്രതിഷേധിച്ച് യുവജന ക്ഷേമ ബോർഡും കേരള സർവകലാശാല യൂനിയനും ചേർന്ന് സംഘടിപ്പിച്ച സാംസ്കാരിക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഗൗരിയുടെ ശബ്ദത്തെയും എഴുത്തിനെയും ഭയപ്പെട്ടവരാണ് അവരെ കൊലചെയ്തത്. ബഹുസ്വര സമൂഹത്തിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങളാണ് ഇവിടെ നടക്കുന്നത്. ഇക്കാര്യത്തിൽ മതനിരപേക്ഷമായി ചിന്തിക്കുന്നവർ ഒന്നിച്ചുനിൽക്കണം. ഇഞ്ചോടിഞ്ച് പോരാടി നേടിയ സ്വതന്ത്ര്യം ഹനിക്കാൻ ചില ശക്തികൾ ശ്രമിക്കുമ്പോൾ അനുവദിക്കില്ലെന്ന് ഉറച്ച സ്വരത്തിൽ പ്രഖ്യാപിക്കണം. അക്രമങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ ഫലപ്രദമായ നടപടി സ്വീകരിക്കുന്നില്ല. എഴുത്തുകാർ ആയുധമെടുത്ത് ലഹള നടത്തുന്നവരല്ല. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നിലപാട് സ്വീകരിച്ചവരാണ് കൊലചെയ്യപ്പെടുന്നത്. പേനയല്ലാതെ മറ്റൊരായുധവും അവരുടെ കൈയിലില്ല. ആർ.എസ്.എസ് മതനിരപേക്ഷത പുലരുന്നത് ആഗ്രഹിക്കുന്നില്ല. മതനിരപേക്ഷത ആപത്തെന്നാണ് അവർ വിളിച്ചുപറയുന്നത്. സംഘ്പരിവാറിന് ഇന്ത്യയെ മതാധിഷ്ഠിത രാജ്യമാക്കണം. അതിനാണ് രാജ്യത്ത് ആക്രമണം അഴിച്ചുവിടുന്നത്. ആശയങ്ങളെ ആശയങ്ങൾകൊണ്ട് നേരിടണമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുവജനക്ഷേമ ബോർഡ് വൈസ്ചെയർമാൻ പി. ബിജു അധ്യക്ഷതവഹിച്ചു. സംവിധായകൻ ലെനിൻ രാജേന്ദ്രൻ പ്രതിജ്ഞ ചൊല്ലി. ചലച്ചിത്ര അക്കാദമി ചെയർമാൻ കമൽ, വി.എസ്. ശിവകുമാർ, എം. വിജയകുമാർ, ഡോ. ജോർജ് ഓണക്കൂർ, സംവിധായകൻ ഡോ. ബിജു, നടൻ പ്രേംകുമാർ, ഡോ.ടി.എൻ. സീമ, ഡോ.ജെ. പ്രസാദ്, എം. സ്വരാജ് എം.എൽ.എ, ചിന്ത ജെറോം എന്നിവർ പങ്കെടുത്തു. പ്രതിഷേധ ജ്വാലക്ക് മുഖ്യമന്ത്രി തിരിതെളിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.