മഞ്ചേരിയിൽ 530 കുടുംബങ്ങൾക്കുകൂടി വീടൊരുങ്ങുന്നു

മഞ്ചേരി: മഞ്ചേരിയിൽ 530 കുടുംബങ്ങൾക്ക് വീടൊരുങ്ങുന്ന പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) ഭവനപദ്ധതി ഈവർഷം പൂർത്തിയാവും. കേന്ദ്ര സർക്കാർ 1.5 ലക്ഷവും സംസ്ഥാന സർക്കാറും നഗരസഭയും 50,000 രൂപ വീതവും ഗുണഭോക്താവ് 50,000 രൂപയും മുടക്കി മൂന്നുലക്ഷം രൂപ മതിപ്പു ചെലവ് കണക്കാക്കുന്ന വീടുകളാണ് നിർമിക്കുക. പദ്ധതിക്കായി നടത്തിയ സർവേയിൽ ആയിരത്തോളം കുടുംബങ്ങൾ ഉൾപ്പെട്ടിരുന്നു. എന്നാൽ, സ്വന്തം പേരിൽ ഭൂമിയുള്ളവരും അതിന് കൃത്യമായി രേഖ ഹാജരാക്കാൻ കഴിയുന്നവരുമായ അർഹരെയാണ് പരിഗണിച്ചത്. ഇതോടെയാണ് 530 കുടുബങ്ങളായത്. ആദ്യഗഡു 30,000 രൂപയാണ്. ഇത് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് അയച്ചുതുടങ്ങി. തറനിർമാണത്തിനുള്ള വിഹിതമാണിത്. വീടൊന്നിന് 50,000 രൂപവെച്ച് നഗരസഭയുടെ വിഹിതം കാലതാമസമില്ലാതെ നൽകാനാവുമെന്നും കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ വിഹിതംകൂടി സമയത്തിന് ലഭിച്ചാൽ ഈ വർഷംതന്നെ 530 കുടുംബങ്ങൾക്കും വീടുയരുമെന്നും നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ വല്ലാഞ്ചിറ മുഹമ്മദലി പറഞ്ഞു. 128 കുടുംബങ്ങൾ പദ്ധതിക്ക് എഗ്രിമ​െൻറ് വെച്ചു. എഗ്രിമ​െൻറ് രജിസ്റ്റർ ചെയ്ത് വാങ്ങുകയാണ്. വീട് നിർമിക്കുന്ന സ്ഥലത്തി‍​െൻറ മുഴുവൻ രേഖകളും വയലോ നിലമോ അല്ലെന്നും നിർമാണാനുമതി നൽകാവുന്നതാണെന്നും തെളിയിക്കുന്ന രേഖ തുടങ്ങിയവ സമർപ്പിച്ചവരാണ് എഗ്രിമ​െൻറ് വെച്ചത്. ഇത് പൂർത്തിയായവർക്കാണ് ആദ്യ ഗഡുക്കൾ അയച്ചുതുടങ്ങിയത്. കേന്ദ്ര സഹായത്തോടെ രണ്ടാമത്തെ പദ്ധതിയാണ് മഞ്ചേരിയിൽ ഇത്. നേരത്തെ 2003-04 വർഷത്തിൽ വാംബെ പദ്ധതിയിൽ 400 കുടുംബങ്ങൾക്ക് വീട് നൽകിയിരുന്നു. പിന്നീട് കേന്ദ്ര, സംസ്ഥാന സർക്കാറുകളുടെ സയായമില്ലാതെതന്നെ മൂന്നുവർഷം മുമ്പ് 596 കുടുംബങ്ങൾക്കും വീട് നൽകാനായി. ഇവക്ക് പുറമെ 60 കുടുംബങ്ങൾക്ക് വീട് വെക്കാൻ ഭൂമിയടക്കം 210 കുടുംബങ്ങൾക്ക് ഇ.എം.എസ് ഭവന പദ്ധതിയിലും വീട് നൽകാനായി. സംസ്ഥാനത്തുതന്നെ ഏറ്റവും വലിയ നഗരസഭകളിലൊന്നായ മഞ്ചേരിയിൽ ഇപ്പോഴും ഭവനരഹിതർ ഏറെയുണ്ട്. ഇ.എം.എസ് ഭവനപദ്ധതിക്കും അതിനുമുമ്പ് കേന്ദ്ര സർക്കാറി‍​െൻറ യു.ഐ.ഡി.എസ്.എസ്.എം.ടിക്കും (ചേരിനിർമാർജന പദ്ധതി) സർവേ നടത്തിയപ്പോൾ സ്വന്തമായി ഭൂമിയുള്ളവരും ഭൂമി ഇല്ലാത്തവരുമായി 1500ൽപരം കുടുംബങ്ങളെയാണ് കണ്ടെത്തിത്. ഭൂമിക്ക് കാത്തിരിക്കുന്നവർ ആരുടെയും കണ്ണിൽ തടയുന്നില്ല മഞ്ചേരി: നഗരസഭയിൽ വീടുവെക്കാൻ ഭൂമിയില്ലാതെ കഴിയുന്ന കുടുബങ്ങളുടെ പ്രശ്നങ്ങൾ ഇപ്പോഴും എങ്ങും തൊടാതെ കിടക്കുന്നു. മഞ്ചേരി, പയ്യനാട്, നറുകര വില്ലേജുകളിയി 702 കുടുംബങ്ങൾ മുൻ സർക്കാറി‍​െൻറ ഭൂരഹിത കേരളം പദ്ധതിയിൽ അപേക്ഷ നൽകി കാത്തിരുന്നു. വിരലിലെണ്ണാവുന്നവർക്കാണ് സ്ഥലം ലഭിച്ചത്. ഇവരിൽ നൂറു കുടുംബങ്ങൾക്ക് വീടുവെക്കാൻ സ്ഥലംവാങ്ങാൻ മഞ്ചേരി നഗരസഭ 67 കോടി മുൻഭരണ സമിതിയുടെ അവസാനവർഷം നീക്കിവെച്ചെങ്കിലും ഭൂമി കിട്ടാനില്ലെന്ന കാരണംപറഞ്ഞ് ഫണ്ട് വകമാറ്റി. പിന്നീടുവന്ന രണ്ടുസാമ്പത്തികവർഷത്തിൽ ഇത്തരത്തിൽ ഫണ്ട് വെച്ചതുമില്ല. പട്ടികജാതി കുടുംബങ്ങൾക്ക് പ്രത്യേക പദ്ധതികളിൽ പലപ്പോഴായി സ്ഥലംവാങ്ങാനും വീടുവെക്കാനും പട്ടികജാതി ക്ഷേമ വകുപ്പുവഴി പദ്ധതികൾ നടപ്പാവുന്നുണ്ട്. എന്നാൽ, ഭൂമിക്ക് കാത്തിരിക്കുന്നവരിൽ ഏറെയും ജനറൽ കുടുംബങ്ങളാണ്. പയ്യനാട്, നറുകര വില്ലേജുകളിൽ അനുയോജ്യമായ ഭൂമി ലഭിക്കാനുണ്ടായിട്ടും ഭൂമി കണ്ടെത്താനോ നൽകാനോ ശ്രമങ്ങളുണ്ടായില്ലെന്നാണ് പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.