സംയോജിത കൃഷിയിൽ വിജയഗാഥയുമായി രാജൻ

തച്ചനാട്ടുകര: സംയോജിത കൃഷിയിൽ വിജയഗാഥയുമായി പാലോട് പഴഞ്ചേരി സ്വദേശി കുന്നത്ത് രാജൻ. കാലിവളർത്തലിൽ തൽപരനായിരുന്ന രാജൻ രണ്ട് പശുക്കളെയാണ് വീടിനോട് ചേർന്ന ചെറിയ തൊഴുത്തിൽ വളർത്തിയിരുന്നത്. പശുക്കൾക്ക് തീറ്റ കണ്ടെത്തുന്നത് പ്രയാസമായപ്പോഴാണ് വീടിന് സമീപത്ത് പുൽകൃഷി പരീക്ഷിച്ചത്. ഇത് വിജയിച്ചപ്പോൾ കാലികളുടെ എണ്ണവും കൂട്ടി. പിന്നീട് നാല്, ആറ് എന്നിങ്ങനെ തുടങ്ങി ഇപ്പോൾ 24 പശുക്കളിലെത്തി നിൽക്കുന്നു. കാലികളുടെ എണ്ണം കൂടുന്നതിനനുസരിച്ച് പുൽകൃഷിയും വിപുലപ്പെടുത്തി. പത്ത് ഏക്കറോളം തരിശുനിലം പാട്ടത്തിനെടുത്ത് പുൽകൃഷി നടത്തിയ രാജൻ മിച്ചംവരുന്നത് നാമമാത്ര വിലയ്ക്ക് ആവശ്യക്കാർക്ക് വിൽക്കുകയും ചെയ്യുന്നു. കാലികളുടെ വളവും മൂത്രവും പുല്ലിന് വളമായി ഉപയോഗിച്ചുവരുന്നു. അനായാസം വൃത്തിയാക്കാവുന്ന തരത്തിലാണ് തൊഴുത്ത് നിർമിച്ചിരിക്കുന്നത്. അത്യുൽപാദന ശേഷിയുള്ള സി.ഒ മൂന്ന്, സി.ഒ നാല് ഇനം വിത്തുകളാണ് പുല്ല് ഉൽപാദനത്തിനായി ഉപയോഗിക്കുന്നത്. നട്ട് ഒന്നരമാസം ഇടവിട്ട് വിളവെടുപ്പ് നടത്താം. ഒരു ചുവട്ടിൽനിന്ന് 20 കിലോയോളം പുല്ല് ലഭിക്കുമെന്ന് രാജൻ പറയുന്നു. പുല്ല് മുറിക്കുന്നതിനായുള്ള യന്ത്രസാമഗ്രികളും രാജൻ ത​െൻറ കൃഷിയിടത്തിൽ ഒരുക്കിയിട്ടുണ്ട്. വീടിന് സമീപത്തെ ഉപയോഗശൂന്യമായ ക്വാറിയിൽ മീൻ വളർത്തുന്ന ഇദ്ദേഹം പുരയിടത്തിൽ നാടൻ കോഴിഫാമും വിജയകരമായി നടത്തുന്നുണ്ട്. ഫോട്ടൊ: കുന്നത്ത് രാജൻ പുൽകൃഷിയിടത്തിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.