തദ്ദേശസ്ഥാപനവിഹിതം മുടങ്ങുന്നു; അങ്കണവാടിക്കാർക്ക്​ വർധിപ്പിച്ച ശമ്പളം കിട്ടാക്കനി

പ്രജീഷ് റാം ജോലിഭാരം ദിനംപ്രതി വർധിക്കുന്നു പാലക്കാട്: അങ്കണവാടി വർക്കർമാർക്കും ഹെൽപർമാർക്കും സംസ്ഥാന സർക്കാർ വർധിപ്പിച്ച ശമ്പളം പകുതിയിലേറെപ്പേർക്കും കിട്ടാക്കനി. തദ്ദേശ സ്ഥാപനങ്ങൾ നൽകേണ്ട വിഹിതമാണ് മുടങ്ങുന്നത്. എൽ.ഡി.എഫ് സർക്കാർ അധികാരത്തിലേറിയ ഉടൻ നടപ്പാക്കിയ വാഗ്ദാനങ്ങളിലൊന്നായിരുന്നു ഇവരുടെ ശമ്പളം വർധിപ്പിക്കൽ. വർക്കർമാരുടെ ശമ്പളം 5000ത്തിൽനിന്ന് 10,000 രൂപയായും ഹെൽപർമാരുടെ ശമ്പളം 3500ൽനിന്ന് 7000 രൂപയായും വർധിപ്പിച്ച് തീരുമാനമെടുത്തെങ്കിലും ഭൂരിപക്ഷം തദ്ദേശസ്ഥാപനങ്ങളും അവരുടെ വിഹിതം നൽകുന്നില്ല. സാമ്പത്തിക ബാധ്യതയെന്ന കാരണം പറഞ്ഞാണിത്. വർക്കർമാർക്ക് നൽകുന്ന 10,000 രൂപയിൽ 3000 കേന്ദ്രസർക്കാറും 4800 സംസ്ഥാന സർക്കാറും 2200 തദ്ദേശസ്ഥാപനവുമാണ് നൽകേണ്ടത്. ഹെൽപർമാർക്ക് നൽകേണ്ട 7000 രൂപയിൽ 1450 രൂപയാണ് തദ്ദേശസ്ഥാപനങ്ങൾ നൽകേണ്ടത്. എന്നാൽ, മിക്ക സ്ഥാപനങ്ങളും കുടിശ്ശിക വരുത്തുകയാണ്. ചിലയിടങ്ങളിൽ ഒരു വർഷത്തെ വിഹിതം നൽകാനുണ്ട്. വർധിപ്പിച്ച തുക മുഴുവനും സർക്കാർ ഏറ്റെടുത്ത് നൽകണമെന്നാണ് അങ്കണവാടി ജീവനക്കാരുടെ സംഘടനകളുടെ ആവശ്യം. വർധിപ്പിച്ച ശമ്പളം കിട്ടിയില്ലെങ്കിലും ഇവരുടെ ജോലിഭാരം ദിനംപ്രതി വർധിക്കുകയാണ്. ഗർഭിണികൾ, കുട്ടികൾ, കൗമാരക്കാർ, മുലയൂട്ടുന്ന അമ്മമാർ, വയോജനങ്ങൾ എന്നിവർക്കുള്ള ആനുകൂല്യങ്ങളുടെ വിതരണവും വിവിധ സർവേകളും ഇവരുടെ ജോലിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.