ന്യായവില നൽകുന്നില്ല; ലാറ്റക്സ് കമ്പനികൾ റബർ കർഷകരെ പിഴിയുന്നു

കരുവാരകുണ്ട്: ന്യായവില നൽകാതെ ലാറ്റക്സ് കമ്പനികൾ റബർ കർഷകരെ ചൂഷണം ചെയ്യുന്നതായി പരാതി. നേരിട്ട് സംഭരിക്കുന്ന റബർ പാലിന് മതിയായ വില ലഭിക്കുന്നില്ലന്ന ആക്ഷേപം ശക്തമാണ്. ചെറുകിട കർഷകരാണ് കമ്പനികളുടെ ചൂഷണത്തിന് വിധേയരാകുന്നത്. മുൻകൂർ പണം നൽകി ആദ്യഘട്ടത്തിൽ കർഷകരെ സ്വാധീനിക്കുന്ന ലാറ്റക്സ് കമ്പനികൾ റബർ പാലിന് രണ്ടോ മൂന്നോ തവണ ന്യായവില നൽകും. തങ്ങളുടെ കണ്ണിയായെന്ന് ഉറപ്പാകുന്നതോടെ വിവിധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഏജൻസികൾ ന്യായവില നിഷേധിച്ച് കർഷകരെ പിഴിയുകയാെണന്നാണ് ആരോപണം. ഡി.ആർ.സി (ഡ്രൈ റബർ കണ്ടൻറ്) നോക്കാതെ തോന്നുന്ന വില നിശ്ചയിക്കുകയാണ് പതിവ്. സമാനമായ വാർത്തകൾ നേരത്തേ മലയോര മേഖലയിൽ പ്രചരിച്ചിരുന്നു. റബർ പാൽ സൂക്ഷിക്കുന്ന ബാരലിൽ പാലിനോടൊപ്പം വെള്ളവും ചേർത്ത് ഒരു കർഷകൻ നടത്തിയ പരീക്ഷണത്തിലാണ് ഇവരുടെ തട്ടിപ്പ് പുറത്തായത്. ഇവർ തുടർച്ചയായി നൽകുന്ന വില തന്നെ വെള്ളം കലർത്തി നൽകിയ റബർ പാലിനും ലഭിച്ചുവെന്നാണ് കർഷകർ പറയുന്നത്. ഡി.ആർ.സി ഒരിക്കൽ പോലും നോക്കാത്ത ഏജൻസികൾ ഒരു താരിഫ് വില നൽകി കർഷകരെ വഞ്ചിക്കുകയാെണന്നും ഇവർ പറയുന്നു. ടാപ്പിങ് നിലക്കുന്ന അവസരങ്ങളിൽ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാനും മറ്റും വേണ്ടിവരുന്ന പണം ലാറ്റക്സ് ഏജൻസികളിൽനിന്ന് മുൻകൂറായി കൈപറ്റുന്ന കർഷകർ എന്നും ഇവർക്ക് അടിമപ്പെട്ടാണ് ജീവിക്കുന്നത്. കടം വീട്ടി ഇവരിൽനിന്ന് തലയൂരാൻ പ്രയാസപ്പെടുന്ന നിരവധി പേർ മലയോരത്തുണ്ട്. നാടൻ വട്ടിപ്പലിശക്കാരെ വെല്ലുംവിധമാണ് കമ്പനികളുടെ പ്രവർത്തനമെന്ന് കർഷകർ ആരോപിക്കുന്നു. തൊഴിലാളിക്ഷാമവും തൊഴിൽ പ്രശ്നവും രൂക്ഷമായ സാഹചര്യത്തിൽ വൻകിട തോട്ടമുടമകൾക്ക് ഇവരെ ആശ്രയിക്കാതെ മറ്റ് മാർഗമില്ല. റബർ ബോർഡി​െൻറ നിർദേശമനുസരിച്ച് ഷീറ്റ് നിർമിച്ച് വിൽപന നടത്തിയാൽ ലാറ്റക്സ് ഏജൻസികൾ നൽകുന്ന വിലയുടെ ഇരട്ടിത്തുക ലഭിക്കുമെന്ന് ചില റബർ ബോർഡ് ഉദ്യോഗസ്ഥരും കർഷകരും വ്യക്തമാക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.