വേങ്ങര ഉപതെരഞ്ഞെടുപ്പ്​ വിജ്ഞാപനം ഉടൻ; രാഷ്​ട്രീയ ​നീക്കങ്ങൾക്ക്​ വേഗം കൂടുന്നു

മലപ്പുറം: പി.കെ. കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന വേങ്ങര നിയമസഭ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം ഇറങ്ങാൻ ദിവസങ്ങൾ ശേഷിക്കേ രാഷ്ട്രീയ ചർച്ചകൾ സജീവമാകുന്നു. അടുത്ത ആഴ്ചയോടെ കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ വിജ്ഞാപനം ഇറക്കുമെന്നാണ് കരുതുന്നത്. ഇ. അഹമ്മദ് എം.പിയുടെ നിര്യാണത്തെ തുടർന്ന് മലപ്പുറം മണ്ഡലത്തിൽനിന്ന് പാർലമ​െൻറിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച കുഞ്ഞാലിക്കുട്ടി ഏപ്രിൽ 25നാണ് നിയമസഭാംഗത്വം രാജിവെച്ചത്. സാധാരണ ഗതിയിൽ നിയമസഭ സീറ്റ് ഒഴിവ് വന്നാൽ ആറുമാസത്തിനുള്ളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ചട്ടം. ഇതനുസരിച്ച് ഒക്ടോബർ 25നകം െതരഞ്ഞെടുപ്പ് നടക്കണം. ഇതിനായി സെപ്റ്റംബറിൽ വിജ്ഞാപനം ഇറക്കേണ്ടതുണ്ട്. ഇൗ സാഹചര്യത്തിലാണ് രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചകൾക്ക് ജീവൻവെക്കുന്നത്. മുസ്ലിം ലീഗി​െൻറ സിറ്റിങ് സീറ്റിൽ തെരഞ്ഞെടുപ്പിന് മുന്നോടിയായി യു.ഡി.എഫിൽ നിലനിൽക്കുന്ന അസ്വാരസ്യങ്ങൾ പരിഹരിക്കുന്നതിന് നീക്കങ്ങളാരംഭിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മൻ ചാണ്ടിയും വെള്ളിയാഴ്ച വേങ്ങരയിൽ കോൺഗ്രസ് നേതാക്കളുടെ യോഗം വിളിച്ചുചേർത്തത് ഇതി​െൻറ ഭാഗമായാണ്. എ.ആർ നഗർ, കണ്ണമംഗലം, ഒതുക്കുങ്ങൽ, പറപ്പൂർ, ഉൗരകം, വേങ്ങര എന്നീ പഞ്ചായത്തുകളാണ് മണ്ഡലത്തിലുള്ളത്. ഇതിൽ കണ്ണമംഗലം, പറപ്പൂർ, വേങ്ങര എന്നീ പഞ്ചായത്തുകളിലാണ് യു.ഡി.എഫ് സംവിധാനത്തിൽ വിള്ളലുകളുള്ളത്. പറപ്പൂരിൽ സി.പി.എം, എസ്.ഡി.പി.െഎ, വെൽെഫയർ പാർട്ടി എന്നിവരുടെ പിന്തുണയോടെ കോൺഗ്രസാണ് ഭരിക്കുന്നത്. കണ്ണമംഗലത്തും വേങ്ങരയിലും ലീഗാണ് ഭരണത്തിൽ. മറ്റു പഞ്ചായത്തുകളിൽ യു.ഡി.എഫാണ് ഭരണത്തിലിരിക്കുന്നത്. 2016ൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിൽ 38,057 വോട്ടി​െൻറ ഭൂരിപക്ഷത്തിലാണ് പി.കെ. കുഞ്ഞാലിക്കുട്ടി സി.പി.എമ്മിലെ എതിർസ്ഥാനാർഥി അഡ്വ. പി.പി. ബഷീറിനെ തോൽപിച്ചത്. 2017 ഏപ്രിലിൽ മലപ്പുറം ലോക്സഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിൽ വേങ്ങര മണ്ഡലത്തിൽ മാത്രം കുഞ്ഞാലിക്കുട്ടിക്ക് 40,529 വോട്ടി​െൻറ ഭൂരിപക്ഷം കിട്ടിയിരുന്നു. ലോക്സഭ തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഭൂരിപക്ഷം വർധിച്ചതി​െൻറ ആത്മവിശ്വാസത്തിലാണ് മുസ്ലിം ലീഗ്, ഉറച്ച കോട്ടകളിലൊന്നിൽ വീണ്ടും അങ്കത്തിനിറങ്ങുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.