ബിവറേജസ് ഔട്ട്​ലെറ്റിൽ ഓണത്തിരക്ക്; പൊറുതിമുട്ടി നാട്ടുകാർ

ചിറ്റൂർ: ബിവറേജസ് ഔട്ട്ലെറ്റിലെ ഓണത്തിരക്ക് മൂലം പൊറുതിമുട്ടിയ നാട്ടുകാർ സ്ഥാപനം മാറ്റി സ്ഥാപിക്കണമെന്ന ആവശ്യവുമായി രംഗത്ത്. മേനോൻ പാറയിലെ ബിവറേജസ് ഔട്ട്ലെറ്റിൽ തിരക്ക് നിയന്ത്രണാതീതമായതോടെ റോഡിലിറങ്ങി നടക്കാൻ കഴിയാത്ത അവസ്ഥയിലാണ് നാട്ടുകാർ. മേനോൻ പാറയിൽനിന്ന് കഞ്ചിക്കോട്ടേക്ക് പോവുന്ന വഴിയിൽ ഷുഗർ ഫാക്ടറിയുടെ ഗോഡൗണിലാണ് വിൽപനശാല. ഇവിടെനിന്ന് മദ്യം വാങ്ങി സമീപത്തെ ഒഴിഞ്ഞ പറമ്പുകളിൽനിന്നും പുഴയോരത്ത് നിന്നുമെല്ലാം മദ്യപിക്കുന്നവർ പിന്നീട് വാഹനങ്ങളുമായി റോഡിലിറങ്ങുന്നത് അപകടങ്ങൾക്ക് കാരണമാവുന്നതായി നാട്ടുകാർ പറയുന്നു. ചിറ്റൂർ നിയോജക മണ്ഡലത്തിൽ ഒരേയൊരു മദ്യശാലയിലേക്ക് നൂറുകണക്കിന് പേരാണ് പ്രതിദിനം മദ്യം വാങ്ങാനെത്തുന്നത്. 10 കിലോമീറ്ററിലധികം ദൂരമുള്ള മേനോൻ പാറയിലേക്ക് ചിറ്റൂരിൽ നിന്നുൾപ്പെടെ മദ്യം വാങ്ങാനെത്തുന്നത് മൂലം വൻ തിരക്കാണ് അനുഭവപ്പെടുന്നത്. വാഹനങ്ങൾ വഴിയരികിൽതന്നെ നിർത്തിയിടുന്നതുമൂലം ഗതാഗത തടസ്സവും നേരിടുന്നതായി നാട്ടുകാർ പറയുന്നു. തിരക്ക് വർധിക്കുമ്പോൾ പൊലീസ് സ്ഥലത്തെത്തുമെങ്കിലും മദ്യപിച്ച് വാഹനമോടിക്കുന്നവർക്കെതിരെ പെറ്റിക്കേസെടുത്ത് വിടുകയാണ് പതിവ്. ഓണാഘോഷം വടക്കഞ്ചേരി: കിഴക്കഞ്ചേരി, ചെറുകുന്നം പുരോഗമന വായനശാലയുടെ നേതൃത്വത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. കലാ-കായിക മത്സരങ്ങൾ നടന്നു. 70ഓളം കുടുംബങ്ങൾക്ക് കിറ്റ് വിതരണം ചെയ്തു. മുൻ എം.എൽ.എ സി.ടി. കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സി.എ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. വി.കെ. സുധീർ, കെ.എൻ. ഹരിഹരൻ, വിൻസ​െൻറ്, മോഹനൻ, സി.കെ. അജീഷ്, സി.എൻ. രാജേഷ് എന്നിവർ സംസാരിച്ചു. വടക്കഞ്ചേരി: വണ്ടാഴി ചന്ദനംപറമ്പ് അയ്യപ്പൻ വിളക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷവും ഉന്നത വിജയികൾക്ക് അനുമോദനവും നടത്തി. ജില്ല അഡീഷനൽ മജിസ്ട്രേറ്റ് എസ്. വിജയൻ ഉദ്ഘാടനം ചെയ്തു. എ. ശാന്തൻ അധ്യക്ഷത വഹിച്ചു. റിട്ട. ഡി.ഇ.ഒ വി. രാമചന്ദ്രൻ, മംഗലംഡാം എസ്.ഐ എം. ശിവദാസൻ, പഞ്ചായത്ത് വൈസ് പ്രസിഡൻറ് കെ.കെ. മണികണ്ഠൻ, ഡോ. ലക്ഷ്മിപ്രിയ, സുമിഷ സുരേന്ദ്രൻ, വി. വിജയകുമാർ, ബോബൻ ജോർജ്, ഗിരീഷ് കുമാർ, ഉണ്ണികൃഷ്ണൻ എന്നിവർ സംസാരിച്ചു. കൊയ്ത്തിനൊരു കൈത്താങ്ങായി 'നിറ'യിൽ യന്ത്രങ്ങൾ വയലേലകളിലെത്തിത്തുടങ്ങി ആലത്തൂർ: കൊയ്ത്തിന് കൈത്താങ്ങായി എം.എൽ.എയുടെ മണ്ഡലം സമഗ്ര കാർഷിക വികസന പദ്ധതിയായ 'നിറ'യിൽ കൊയ്ത്തുയന്ത്രങ്ങൾ വയലുകളിലെത്തിച്ചു. കാട്ടുശ്ശേരി പാടശേഖരത്തിൽ കെ.ഡി. പ്രസേനൻ എം.എൽ.എ പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. പദ്ധതി കൺവീനർ എം.വി. രശ്മി, പഞ്ചായത്ത് പ്രസിഡൻറ് ടി.ജി. ഗംഗാധരൻ, പി.കെ. മോഹനൻ, ആറുണ്ണി, ആർ. വിനോദ്, സി. രാഘവൻ എന്നിവർ പങ്കെടുത്തു. പ്രതികൂല കാലാവസ്ഥയിലും മണ്ണിൽ പടപൊരുതി നെൽകൃഷി നടത്തിയ കർഷകർക്ക് കൊയ്തെടുക്കുകയെന്നത് എപ്പോഴും പ്രശ്നമാണ്. ഏജൻസികൾ കൊണ്ടുവരുന്ന യന്ത്രങ്ങൾക്ക് ഭീമമായ തുകയാണ് വാടകയായി ഈടാക്കിയിരുന്നത്. കാർഷിക യന്ത്രങ്ങൾക്ക് ഏകീകൃത വാടക സംവിധാനം ഇല്ലാത്തതിനാൽ അമിത വാടകയാണ് ഈടാക്കിയിരുന്നത്. ഇത്തരം സംഗതികൾക്ക് പരിഹാരമെന്ന നിലയിലാണ് കെ.ഡി. പ്രസേനൻ എം.എൽ.എ നിറ പദ്ധതി വിഭാവനം ചെയ്തത്. നിറയിൽ മണിക്കൂറിന് 1600 രൂപയാണ് വാടകയായി നിശ്ചയിച്ചിരിക്കുന്നത്. ആലത്തൂർ നിയോജക മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലെ 177 പാടശേഖരങ്ങളിലായി 6000 ഹെക്ടർ നെൽ കൃഷിയിടങ്ങളിലായിരിക്കും പദ്ധതി നടപ്പാക്കുക. ഇതിനാവശ്യമായ 75 കൊയ്ത്ത് യന്ത്രങ്ങൾ ഉടമ്പടി പ്രകാരം തമിഴ്നാട്ടിൽ നിന്നാണ് കൊണ്ടുവരുന്നത്‌. യന്ത്രം ആവശ്യമുള്ള കർഷകർക്ക് അതത് പഞ്ചായത്തുകളിലെ നിറ സമിതികളുമായി ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.