ജൈവ മാലിന്യ ശേഖരണം; ഹൈകോടതിയുടെ അന്തിമ തീരുമാനം വൈകിയേക്കും

പാലക്കാട്: ഒക്ടോബർ രണ്ടുമുതൽ വീടുകളിൽനിന്ന് ജൈവ മാലിന്യം ശേഖരിക്കില്ലെന്ന നിലപാട് ചോദ്യം ചെയ്ത് ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിൽ അന്തിമ തീരുമാനം വൈകിയേക്കും. നഗരസഭ തങ്ങളുടെ നിലപാട് കോടതിയെ അറിയിച്ചിട്ടുണ്ടെങ്കിലും സ്വാഭാവിക നടപടിക്രമം കഴിഞ്ഞ് ഹരജി വീണ്ടും പരിഗണിക്കാൻ രണ്ടാഴ്ചയിലധികം കാലതാമസം വരുമെന്നും അതുവരെ കോടതി നിർദേശിച്ച പ്രകാരം മാലിന്യങ്ങൾ ശേഖരിക്കുമെന്നും നഗരസഭ ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു. ഒക്ടോബർ ഒമ്പതിനാണ് വീടുകളിൽനിന്ന് ജൈവ മാലിന്യം സ്വീകരിക്കില്ലെന്ന പാലക്കാട് നഗരസഭ തീരുമാനം സ്റ്റേ ചെയ്തുകൊണ്ട് ഹൈകോടതി ഉത്തരവായത്. ഉത്തരവ് ലഭിച്ചയുടൻതന്നെ കോടതി നിർദേശിച്ചപോലെ നഗരസഭ മാലിന്യം സ്വീകരിച്ച് തുടങ്ങിയിരുന്നു. കോടതി സ്റ്റേ ഉത്തരവ് ലഭിച്ചതി‍​െൻറ തൊട്ടടുത്ത ദിവസം തങ്ങൾക്ക് പറയാനുള്ള കാര്യങ്ങൾ കോടതിയെ ബോധിപ്പിച്ചിട്ടുണ്ടെന്ന് ചെയർപേഴ്സൻ പ്രമീള ശശിധരൻ പറഞ്ഞു. മേയ് മാസത്തിൽ പദ്ധതി നടപ്പാക്കുമെന്ന് പ്രഖ്യാപിച്ചത് മുതൽക്കുള്ള കാര്യങ്ങൾ വിശദമായി തങ്ങൾ കോടതിയെ സമീപിച്ചിട്ടുണ്ട്. മാലിന്യം നിർമാർജനം ചെയ്ത് നഗരസഭയെ ക്ലീൻ ആക്കുക എന്നതാണ് ലക്ഷ്യം. കേന്ദ്രീകൃത മാലിന്യ പ്ലാൻറിന് ശുചിത്വമിഷൻ അനുമതി നൽകാത്തതുകൊണ്ടാണ് ഉറവിട മാലിന്യ സംസ്കരണം എന്ന പദ്ധതിയുമായി നഗരസഭ മുന്നോട്ട് പോകാൻ കാരണം. ആദ്യഘട്ടത്തിൽ ചെറിയ പ്രതിസന്ധികൾ ഉണ്ടാവുമെങ്കിലും ആറുമാസം കൊണ്ട് പാലക്കാട് നഗരം ക്ലീൻ ആക്കാൻ സാധിക്കുമെന്നും ചെയർപേഴ്സൻ പറഞ്ഞു. ഒക്ടോബർ രണ്ടുമുതൽ മാലിന്യം സ്വീകരിക്കില്ല എന്ന നിലപാട് തിരുത്തുക, 2016ലെ സോളിഡ് വേസ്റ്റ് ഡിസ്പോസൽ ആക്ട് നടപ്പാക്കുക എന്നീ കാര്യങ്ങൾ ആവശ്യപ്പെട്ടാണ് പാലക്കാട് മുന്നോട്ട് പ്രസിഡൻറ് ഡോ. അനുവറുദ്ദീൻ ഹൈകോടതിയിൽ ഒക്ടോബർ നാലിന് ഹരജി നൽകിയത്. 2016ലെ നിയമപ്രകാരം ഖരമാലിന്യങ്ങൾ വീടുകളിൽ വന്ന് ശേഖരിക്കൽ നിർബന്ധമാണെന്ന് പ്രത്യേകം പറയുന്നുണ്ടെന്നും ഡോ. അനുവറുദ്ദീൻ പറഞ്ഞു. മാലിന്യ ശേഖരണം നിർത്തലിനെ ആദ്യ ഘട്ടത്തിൽ കൗൺസിലിൽ യോഗത്തിൽ പിന്തുണച്ചുവർ പോലും പിന്നോട്ട് പോയിരിക്കുകയാണ്. ഭരിക്കുന്ന ബി.ജെ.പിയിൽ നിന്നുള്ള ചില കൗൺസിലർമാർ പോലും നഗരസഭയുടെ തീരുമാനത്തിനെതിരെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.