വളാഞ്ചേരിയിൽ സമ്പൂർണ ഭവനപദ്ധതി പെർമിറ്റ് വിതരണം ആരംഭിച്ചു

വളാഞ്ചേരി: ഭവനരഹിതരായ മുഴുവൻപേർക്കും പാർപ്പിടമൊരുക്കുന്ന വളാഞ്ചേരി നഗരസഭ സമ്പൂർണ പാർപ്പിട പദ്ധതിക്ക് തുടക്കമായി. പ്രധാനമന്ത്രി ആവാസ് യോജന (പി.എം.എ.വൈ) പദ്ധതിയുമായി ചേർന്ന് സംസ്ഥാന സർക്കാർ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതിയുടെ ഭാഗമായി ആദ്യഘട്ടത്തിൽ ഭവനനിർമാണ സഹായം ലഭിച്ച 249 ഗുണഭോക്താക്കൾക്കുള്ള ഭവനനിർമാണ പെർമിറ്റുകളുടെ വിതരണം നഗരസഭാധ്യക്ഷ എം. ഷാഹിന ടീച്ചർ നിർവഹിച്ചു. ഭവനരഹിതരില്ലാത്ത വളാഞ്ചേരി എന്ന ലക്ഷ്യം സാധ്യമാക്കാൻ ബഹുമുഖമായ പരിപാടികളാണ് നഗരസഭ ആസൂത്രണം ചെയ്തിരിക്കുന്നതെന്ന് പെർമിറ്റുകൾ വിതരണം ചെയ്തുകൊണ്ട് ഷാഹിന ടീച്ചർ പറഞ്ഞു. ഭൂമിയുള്ള സാമ്പത്തികമായി ദുർബലരായ ഭവനരഹിതർക്കാണ് ആദ്യഘട്ടത്തിൽ വീട് നിർമിക്കാൻ പി.എം.എ.വൈ പദ്ധതിയുടെ ഭാഗമായി മൂന്ന് ലക്ഷം നൽകുക. രണ്ടാം ഘട്ടമായി സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ലൈഫ് പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ സ്ഥലത്ത് ഫ്ലാറ്റ് സമുച്ചയങ്ങൾ പണികഴിപ്പിച്ച് ഭൂരഹിതരായ ഭവനരഹിതർക്ക് വീടൊരുക്കും. മൂന്നാം ഘട്ടമായി മുൻകാല ഭവനപദ്ധതികളിൽ ധനസഹായം ലഭിച്ചിട്ടും ഭവനനിർമാണം പൂർത്തീകരിക്കാൻ കഴിയാത്തവർക്ക് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് പണിപൂർത്തിയാക്കാനാവശ്യമായ സഹായം നൽകും. നഗരസഭ വൈസ് ചെയർമാൻ കെ.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ സി. അബ്ദുന്നാസർ, സി.കെ. റുഫീന, ഫാത്തിമക്കുട്ടി, സി. ഷഫീന, കൗൺസിലർ ടി.പി. അബ്ദുൽ ഗഫൂർ, നഗരസഭ സെക്രട്ടറി ടി.കെ. സുജിത്ത് എന്നിവർ സംസാരിച്ചു. പി.പി. ഹമീദ് സ്വാഗതവും ഷാഹുൽ ഹമീദ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.