കാലിത്തീറ്റ നിർമാണം മന്ദഗതിയിൽ, കർഷകർ പ്രതിഷേധത്തിൽ

കൊല്ലങ്കോട്: സീസണായിട്ടും വൈക്കോൽ ഉപയോഗിച്ചുള്ള കാലിത്തീറ്റ നിർമാണ യൂനിറ്റി​െൻറ പ്രവർത്തനം മന്ദഗതിയിൽ, കർഷകർ പ്രതിഷേധത്തിൽ. മുതലമട കുറ്റിപ്പാടത്ത് ഒരു കോടിയോളം രൂപ ചെലവഴിച്ച് നിർമിച്ച കാലിത്തീറ്റ നിർമാണ യൂനിറ്റാണ് വാർഡനില്ലെന്ന പേരിൽ പ്രവർത്തനമില്ലാതെ കിടക്കുന്നത്. 2013 ൽ അന്നത്തെ മന്ത്രിയായ സി. ദിവാകരനാണ് കാലിത്തീറ്റ നിർമാണ യൂനിറ്റ് ഉദ്ഘാടനം ചെയ്തത്. ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം കഴിഞ്ഞിട്ടും പ്രവർത്തനം ആരംഭിച്ചിരുന്നില്ല. ഇത് പ്രതിഷേധത്തിന് കാരണമായിരുന്നു. തുടർന്ന് പ്രാദേശികമായി നെൽകർഷകരിൽനിന്ന് വൈക്കോൽ ശേഖരിച്ചുകൊണ്ടാണ് വൈക്കോൽ കട്ടയെന്ന പേരിലുള്ള സമീകൃത കാലിത്തീറ്റ നിർമാണം ആരംഭിച്ചത്. കഴിഞ്ഞ സാമ്പത്തികവർഷത്തിൽ പ്രതിമാസം 25 ടൺ കാലിത്തീറ്റ നിർമിച്ചെങ്കിലും ഇത്തവണ പകുതിയായി കുറഞ്ഞിരുന്നു. ഓർഡറുകൾ കുറഞ്ഞതാണ് ഉൽപാദനം കുറയാൻ കാരണമെന്ന് കേരള ഫീഡ്സിലെ അധികൃതർ പറയുന്നു. എന്നാൽ, വൈക്കോലിൽ നിർമിതമായ സമീകൃത കാലിത്തീറ്റകൾക്ക് മറ്റു സംസ്ഥാനങ്ങളിലും മറ്റു ജില്ലകളിലും ആവശ്യക്കാർ ഉണ്ടെന്നിരിക്കെ വിപണന സാധ്യത ഉപയോഗപ്പെടുത്തുന്നതിൽ കേരള ഫീഡ്സിലെ ഉദ്യോഗസ്ഥർക്ക് വീഴ്ച ഉണ്ടായി എന്ന ആരോപണമുണ്ട്. 11 ജീവനക്കാരുള്ള യൂനിറ്റിൽ ദിനംപ്രതി അഞ്ച് ടണ്ണിലധികം സമീകൃത കാലിത്തീറ്റ ഉൽപാദിപ്പിക്കാമെന്നിരിക്കെ ആയതിനുവേണ്ട വൈക്കോൽ പ്രദേശത്തെ കർഷകരിൽനിന്ന് സമാഹരിക്കാത്തത് നെൽകർഷകരുടെ പ്രതിഷേധത്തിനും കാരണമായിട്ടുണ്ട്. ഒന്നാം വിളയുടെ കൊയ്ത്ത് അവസാനിക്കാറായിട്ടും കർഷകരിൽനിന്ന് വൈക്കോൽ സംഭരിക്കാൻ സാധിച്ചിട്ടില്ലെന്ന് പാടശേഖരസമിതി ഭാരവാഹികൾ ആരോപിക്കുന്നു. ചിറ്റൂർ മേഖലയിൽ നിന്ന് 100 ടൺ വരെ വൈക്കോൽ സംഭരിച്ചിരുന്നു. പ്രാദേശികകർഷകരിൽനിന്ന് 20 ടൺ വൈക്കോലാണ് സംഭരിച്ചത്. ഒരു ടൺ വൈക്കോലിന് 8000 രൂപവരെ നൽകി സംഭരിച്ചിരുന്ന കാലിത്തീറ്റ നിർമാണ യൂനിറ്റ് നിലവിൽ വൈക്കോൽ സംഭരിക്കാത്തത് മഴമൂലം നഷ്ടത്തിലായ കർഷകർക്ക് ഇരുട്ടടി‍യായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.