പെരുവള്ളൂർ ജി.എച്ച്.എസ്.എസ് അന്താരാഷ്​ട്ര നിലവാരത്തിലേക്ക്

തിരൂരങ്ങാടി: ശതാബ്ദി പൂർത്തിയാക്കുന്ന പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനുള്ള പ്രവർത്തനഭാഗമായി നടത്തുന്ന 'പെരുമക്കായ് ഒരുമിക്കാം' വിദ്യാഭ്യാസ വികസന സംഗമം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് സ്‌കൂളിൽ നടക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു. സംസ്ഥാന സർക്കാറി‍​െൻറ പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞ ഭാഗമായി നിയമസഭ മണ്ഡലത്തിൽ ഒരു സ്‌കൂളിനെ മികവി‍​െൻറ കേന്ദ്രമാക്കുന്ന പദ്ധതിയിലാണ് വള്ളിക്കുന്ന് നിയമസഭ മണ്ഡലത്തിൽ പെരുവള്ളൂർ ഗവ. ഹയർ സെക്കൻഡറി സ്‌കൂളിനെ തെരഞ്ഞെടുത്തത്. പദ്ധതിക്കായി സർക്കാർ അംഗീകൃത ഏജൻസിയായ കിറ്റ്കോ വിശദമായ മാസ്‌റ്റർ പ്ലാൻ തയാറാക്കിയിട്ടുണ്ട്. മൂന്ന് ഘട്ടങ്ങളിലായി നടപ്പാക്കുന്ന പദ്ധതിക്ക് അടുത്ത മാസത്തോടെ തുടക്കമാകും. 25 കോടി രൂപ ചെലവിലാണ് പദ്ധതി. ആദ്യഘട്ടം ഏഴര കോടിയുടെ നിർമാണ പ്രവർത്തനങ്ങൾ നടപ്പാക്കും. അഞ്ചുകോടി രൂപ സർക്കാർ കിഫ്ബി മുഖേന ലഭ്യമാക്കും. ശേഷിക്കുന്ന തുക മറ്റു സ്രോതസ്സിലൂടെ ഉറപ്പാക്കും. തുടർന്നുള്ള ഘട്ടങ്ങളിലും ഇതേരീതിതന്നെ അവലംബിക്കും. മുഴുവൻ ക്ലാസ്മുറികളും അത്യാധുനിക സൗകര്യങ്ങളോടുകൂടി മികവുറ്റതാക്കും. ആവശ്യത്തിന് ലാബുകൾ, ലൈബ്രറി, ശുചിമുറികൾ, സിന്തറ്റിക് ട്രാക്കുള്ള കളിസ്ഥലം, ഫുട്‌ബാൾ ഗ്രൗണ്ട്, ആധുനിക പാചകശാല, മെസ് ഹാൾ, ജൈവ വൈവിധ്യ പാർക്ക്, ഓഡിറ്റോറിയം എന്നിവയും നിലവിൽ വരും. സ്‌കൂൾ പരിസരം പൂർണമായും പൊടിമുക്തമാക്കും. കുട്ടികളുടെ പഠനത്തിന് അനുയോജ്യമാകുന്ന തരത്തിൽ സ്കൂൾ പരിസരത്ത് സ്വഭാവിക പ്രകൃതിഭംഗി ഉറപ്പുവരുത്തും. പരമാവധി തുറസ്സായ സ്ഥലങ്ങൾ ഉറപ്പാക്കിക്കൊണ്ടായിരിക്കും എല്ലാ നിർമാണ പ്രവർത്തനങ്ങളും നടക്കുക. സംഗമം പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ഉദ്ഘാടനം ചെയ്യും. ചടങ്ങിൽ അബ്ദുൽ ഹമീദ് മാസ്റ്റർ എം.എൽ.എ അധ്യക്ഷത വഹിക്കും. നിയുക്ത എം.എൽ.എ അഡ്വ. കെ.എൻ.എ. ഖാദർ പങ്കെടുക്കും. വാർത്തസമ്മേളനത്തിൽ പി.ടി.എ പ്രസിഡൻറ് കെ. അബ്ദുൽ കലാം, ഡെപ്യൂട്ടി ഹെഡ്മാസ്റ്റർ എ. മൂസ, ശ്രീധരൻ പാലായി, കെ. ശശികുമാർ എന്നിവർ സംബന്ധിച്ചു. അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന പെരുവള്ളൂർ ജി.എച്ച്.എസ് സ്‌കൂൾ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.