നെല്ലുസംഭരണം: സപ്ലൈകോയെ വിശ്വാസമില്ല; സർക്കാറുമായി ധാരണയിലെത്താതെ എസ്.ബി.ഐ

കുഴൽമന്ദം (പാലക്കാട്): എസ്.ബി.ഐയിൽ അക്കൗണ്ടുള്ള കർഷകർക്ക് നെല്ല് സംഭരണ താങ്ങുവില ലഭിക്കുന്നതുമായി ബന്ധപ്പെട്ട ആശങ്കയൊഴിയുന്നില്ല. സപ്ലൈകോക്ക് നെല്ല് നൽകിയ കർഷകർക്ക് സമയബന്ധിതമായി പണം നൽകാൻ എസ്.ബി.ഐ ഇതുവരെ സർക്കാറുമായി ധാരണയിലെത്താത്തതാണ് കാരണം. നെല്ല് സംഭരണത്തിന് വായ്പ അനുവദിക്കാൻ സപ്ലൈകോയുടെ ധനകാര്യശേഷിയിൽ എസ്.ബി.ഐക്ക് തൃപ്തിയില്ലാത്തതാണ് കരാർ വൈകാൻ കാരണം. സംസ്ഥാനത്ത് ഇരുപത്തിരണ്ടായിരത്തോളം കർഷകർക്കാണ് എസ്.ബി.ഐ അക്കൗണ്ടുള്ളത്. ബാങ്കുകൾ കർഷകർക്ക് നൽകുന്ന പണം വായ്പയായാണ് സർക്കാർ കണക്കാക്കുന്നത്. ഇതിന് പലിശ ബാങ്കുകൾക്ക് സർക്കാർ നൽകണം. സപ്ലൈകോക്ക് നെല്ല് അളന്ന കർഷകർക്ക് മാസങ്ങൾക്ക് ശേഷമാണ് മുൻവർഷങ്ങളിൽ പണം ലഭിച്ചിരുന്നത്. ഏറെ പ്രതിഷേധങ്ങൾക്ക് ശേഷമാണ് നെല്ലളന്ന് മൂന്ന് ദിവസത്തിനകം പണം ലഭ്യമാക്കാൻ സർക്കാർ തീരുമാനമെടുത്തത്. നെല്ല് സപ്ലൈകോക്ക് നൽകിയ കർഷകർക്ക് പി.ആർ.എസ് (പാഡി രജിസ്ട്രേഷൻ സ്ലിപ്) ബാങ്കിൽ ഹാജരാക്കിയാൽ മൂന്നുദിവസത്തിനകം പണം അക്കൗണ്ടിലേക്ക് നിക്ഷേപിക്കുമെന്ന് സർക്കാർ ഉറപ്പ് നൽകിയിരുന്നു. ഇതിനായി ജില്ല സഹകരണ ബാങ്ക്, കനറ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക് എന്നിവയുമായി സർക്കാർ ധാരണയിലെത്തിയിരുന്നു. എന്നാൽ, നിരവധി കർഷകർക്ക് അക്കൗണ്ടുള്ള എസ്.ബി.ഐയുമായി ധാരണയിൽ എത്തിയിട്ടില്ല. പണം ലഭിക്കണമെങ്കിൽ സർക്കാറുമായി ധാരണയിലെത്തിയ ബാങ്കുകളിൽ അക്കൗണ്ടെടുക്കേണ്ട ഗതികേടിലാണ് കർഷകർ. താങ്ങുവില സമയബന്ധിതമായി നൽകാൻ കഴിഞ്ഞ ബജറ്റിൽ 700 കോടി രൂപ വകയിരുത്തിയെങ്കിലും ഫലം കർഷകർക്ക് ലഭിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.