കിടത്തി ചികിത്സക്ക് സൗകര്യങ്ങളേറെ തൃപ്പനച്ചി ആരോഗ്യ കേന്ദ്രത്തിന് അവഗണന

മഞ്ചേരി: എം.പി ഫണ്ടും തദ്ദേശ സ്ഥാപനങ്ങൾ വഴിയുള്ള വിഹിതവും ഉപയോഗിച്ച് കെട്ടിടങ്ങൾ നിർമിച്ച തൃപ്പനച്ചി ആരോഗ്യ കേന്ദ്രത്തിൽ നേരത്തേയുണ്ടായിരുന്ന കിടത്തി ചികിത്സ പുനഃസ്ഥാപിക്കാൻ ശ്രമങ്ങളില്ല. ആവശ്യത്തിന് ജീവനക്കാരില്ലാത്തതാണ് കാരണം. രണ്ടേക്കര്‍ സ്ഥലവും ആവശ്യത്തിന് കെട്ടിടങ്ങളുമുണ്ടെങ്കിലും ഡോക്ടര്‍, നഴ്സ്, മറ്റ് ജീവനക്കാര്‍ എന്നിവരുടെ അഭാവമാണ് കിടത്തി ചികിത്സ നടത്താനാകാത്തത്. എം.പി. അബ്ദുസ്സമദ് സമദാനി എം.പിയായിരുന്ന ഘട്ടത്തില്‍ അദ്ദേഹത്തി‍​െൻറ പ്രാദേശിക വികസന ഫണ്ട് കൊണ്ട് നിര്‍മിച്ചതാണ് ഐ.പി ബ്ലോക്ക്. നേരത്തേ ഐ.പി ബ്ലോക്കും കിടത്തി ചികിത്സ സംവിധാനങ്ങളുമായപ്പോള്‍ കുടിവെള്ളമില്ലാത്തതായിരുന്നു തടസ്സം. ഇതുപരിഹരിക്കാന്‍ പലതവണ ആലോചനകളും പദ്ധതികളും വന്നെങ്കിലും സ്ഥിരം പരിഹാരമായില്ല. പ്രദേശത്തെ ഏറ്റവും വലിയ പഞ്ചായത്തായ പുല്‍പ്പറ്റയിലെ നൂറുകണക്കിന് കുടുംബങ്ങളുടെ ഏക ആശ്രയമാണ് ഈ കേന്ദ്രം. പ്രൈമറി ആരോഗ്യ കേന്ദ്രങ്ങളെ രോഗപ്രതിരോധ കേന്ദ്രങ്ങളാക്കി പരിമിതപ്പെടുത്തിയതും കിടത്തിച്ചികിത്സക്ക് സാധ്യത കുറഞ്ഞു. രണ്ട് ഡോക്ടറും ഒരു സ്റ്റാഫ് നഴ്സും മാത്രമാണിപ്പോഴുള്ളത്. നിത്യേന നാനൂറോളം രോഗികള്‍ എത്തുന്നുണ്ട്. കിടത്തിച്ചികിത്സ മുടങ്ങിയിട്ട് 12 വർഷമായി. ആശുപത്രിയോടുള്ള അവഗണന മാറ്റാനും സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാനും ഗ്രാമ പഞ്ചായത്തിനും താല്‍പര്യമില്ലെന്നാണ് ജനങ്ങളുടെ പരാതി. അടിയന്തരമായി രണ്ട് സ്റ്റാഫ് നഴ്സ്, നഴ്സിങ് അസിസ്റ്റൻറ്, ഹോസ്പിറ്റല്‍ അറ്റൻഡര്‍, ഗ്രേഡ് ടു ജീവനക്കാര്‍ എന്നീ തസ്തികകള്‍ ഏര്‍പ്പെടുത്തുകയും ഗൈനക്കോളജിസ്റ്റിനെ നിയമിക്കുകയും ചെയ്താല്‍ കിടത്തി ചികിത്സ ആരംഭിക്കാമെന്നും പറയുന്നു. കിടത്തി ചികിത്സ നടത്തിയിരുന്ന വാര്‍ഡ് ഇപ്പോള്‍ താല്‍ക്കാലിക മുറികളായി തിരിക്കുകയും ഉപകരണങ്ങള്‍ സൂക്ഷിക്കുകയുമാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.