വിശാലമായ പ്രവർത്തന പരിധിയും സേനാംഗങ്ങളുടെ കുറവും ഒറ്റപ്പാലം പൊലീസ് സ്​റ്റേഷനെ തളർത്തുന്നു

ഒറ്റപ്പാലം: സേനാംഗങ്ങളുടെ കുറവും കേസുകളുടെ ബാഹുല്യവും വിശാലമായ പ്രവർത്തന പരിധിയും ഒറ്റപ്പാലം സ്റ്റേഷനെ തളർത്തുന്നു. നാല് പഞ്ചായത്തും ഒറ്റപ്പാലം നഗരസഭയും പ്രവർത്തന പരിധിയായുള്ള സ്റ്റേഷൻ, വിഭജിക്കണമെന്ന ആവശ്യം ശക്തമാണ്. പലപ്പോഴും നിലവിലെ പൊലീസ് ഉദ്യോഗസ്ഥരെ അധിക ഡ്യൂട്ടിക്ക് നിർബന്ധിതരാക്കുന്നു. രാഷ്ട്രീയ സംഘട്ടനങ്ങളും സംഘം ചേർന്നുള്ള കൊലപാതകങ്ങളും മോഷണ പരമ്പരകളും അടിപിടിക്കേസുകളും വർധിച്ചുവരുന്ന സാഹചര്യത്തിൽ അമ്പലപ്പാറയിൽ പൊലീസ് സ്റ്റേഷൻ വേണമെന്ന ആവശ്യം ദീർഘകാലമായി ഉയരുന്നുണ്ട്. സുരക്ഷ ക്രമീകരണം എളുപ്പമാകാൻ സഹായകമാകുന്ന അമ്പലപ്പാറയിലെ നിർദിഷ്ട സ്റ്റേഷനേട് പൂക്കോട്ടുകാവ്, അമ്പലപ്പാറ പഞ്ചായത്ത് പ്രദേശങ്ങളെ ഉൾപ്പെടുത്തി പ്രവർത്തനപരിധി നിശ്ചയിക്കാനും ധാരണയായതാണ്. സ്റ്റേഷന് അനുയോജ്യമായ കെട്ടിടം വാടകക്ക് ലഭിക്കാത്തതാണ് പദ്ധതിക്ക് വിലങ്ങുതടിയാകുന്നതത്രേ. പ്രതിദിനം നൂറോളം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്ന ഒറ്റപ്പാലം സ്റ്റേഷനിൽ ഇതിന് സമാനമായി പൊലീസുകാരില്ലാത്തത് എന്നും തലവേദനയാണ്. അഞ്ച് എസ്.ഐമാർ വേണ്ടിടത്ത് നിലവിൽ ഒരു എസ്.ഐയും ഒരു ട്രെയിനി എസ്.ഐയും ആണുള്ളത്. എ.എസ്.ഐമാർ മൂന്നുപേർ വേണ്ടിടത് ആരുമില്ല. സിവിൽ പൊലീസ് വിഭാഗത്തിലെ കുറവ് ദൈനംദിന പ്രവർത്തനത്തെ താളംതെറ്റിക്കുന്നു. ജില്ലയിൽ ആദ്യമായി ജനമൈത്രീ പൊലീസ് പദ്ധതി നടപ്പാക്കിയ സ്റ്റേഷനുകളിൽ ഒന്ന് ഒറ്റപ്പാലമാണ്. കുറഞ്ഞ കാലംകൊണ്ട് ജനങ്ങളുടെ പ്രശംസ പിടിച്ചുപറ്റിയ പദ്ധതി ക്രമേണ നിശ്ചലമായി. സേനാംഗങ്ങളുടെ കൊഴിഞ്ഞുപോക്കാണ് പദ്ധതി അട്ടിമറിച്ചത്. വിരമിക്കുന്നതും സ്ഥലംമാറിപ്പോകുന്നതുമായ പൊലീസുകാർക്ക് പകരക്കാരില്ലാതാകുന്നത് സ്റ്റേഷൻ ഡ്യൂട്ടിക്ക് ആളില്ലാതാക്കുന്നു. ഇത് പരിഹരിക്കാൻ ജനമൈത്രീ പൊലീസിനെ ചുമതലപ്പെടുത്തിയതോടെ പദ്ധതി തുടരാൻ കഴിഞ്ഞില്ല. ജനമൈത്രിക്ക് നാമമാത്രമായ സേനാംഗങ്ങളാണ് ഇപ്പോൾ സ്റ്റേഷനിലുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.