ഒരു കണ്‍ട്രോളുമില്ലാതെ കാലിക്കറ്റിലെ പരീക്ഷകൾ; രണ്ടാം സെമസ്​റ്റര്‍ ബിരുദപരീക്ഷ വീണ്ടുമെഴുതാന്‍ 'ഭാഗ്യം' ലഭിച്ച് വിദ്യാര്‍ഥികള്‍

ഒരു കണ്‍ട്രോളുമില്ലാതെ കാലിക്കറ്റിലെ പരീക്ഷകൾ; രണ്ടാം സെമസ്റ്റര്‍ ബിരുദപരീക്ഷ വീണ്ടുമെഴുതാന്‍ 'ഭാഗ്യം' ലഭിച്ച് വിദ്യാര്‍ഥികള്‍ കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ പരീക്ഷ നടത്തിപ്പ് കുത്തഴിയുന്നു. പരീക്ഷകള്‍ അനന്തമായി നീളുന്നതിനിടെ അധികൃതരുടെ അനാസ്ഥ കാരണം വീണ്ടും നടത്തുന്നത് വിദ്യാര്‍ഥികളെ കുഴക്കുന്നു. രണ്ടാം സെമസ്റ്റര്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ഥികളെയാണ് യൂനിവേഴ്സിറ്റി അവസാനമായി ചതിച്ചത്. മാര്‍ച്ചില്‍ ക്ലാസ് കഴിഞ്ഞ് ഏപ്രിലില്‍ പരീക്ഷയെഴുതേണ്ടവരായിരുന്നു ഈ വിദ്യാര്‍ഥികൾ. എന്നാല്‍, പരീക്ഷ നടന്നത് സെപ്റ്റംബറിലും ഒക്ടോബറിലും. മൂന്ന്, നാല്, ആറ് തീയതികളിലാണ് മൂന്നാം സെമസ്റ്റര്‍ പഠിക്കുന്നവര്‍ 'പരീക്ഷണ'ത്തിന് ഇരുന്നത്. താരതമ്യേന എളുപ്പമായ പരീക്ഷയായിരുന്നു ഇവയെല്ലാം. 'മലയാളഭാഷയും സാഹിത്യവും' എന്ന വിഷയം ഈ മാസം മൂന്നിനും 'ഇന്‍സ്പയറിങ് എക്സ്പ്രഷന്‍സ്' നാലിനും 'റീഡിങ്സ് ഓണ്‍ സൊസൈറ്റീസ്' ആറിനുമാണ് നടന്നത്. മറ്റ് പരീക്ഷകള്‍ പരാതിയില്ലാതെ നടത്തുകയും ചെയ്തു. പരീക്ഷയുടെ തലവേദന ഒഴിഞ്ഞിരിക്കുമ്പോഴാണ് സര്‍വകലാശാലയുടെ 'വികൃതി' പുറത്തായത്. 'മാധ്യമം' ആണ് ഇത് പുറത്തുകൊണ്ടുവന്നത്. ഈ പരീക്ഷകള്‍ റദ്ദാക്കിയതായും നവംബര്‍ എട്ട്, ഒമ്പത്, പത്ത് തീയതികളില്‍ വീണ്ടും നടത്തുമെന്നുമുള്ള അറിയിപ്പ് ബുധനാഴ്ച വെബ്സൈറ്റില്‍ വന്നു. ബി.കോം ഒഴികെയുള്ള എല്ലാ ബിരുദ കോഴ്സുകളിലെയും ഇംഗ്ലീഷ്, മലയാളം വിഷയങ്ങളാണ് വീണ്ടും നടത്തുന്നത്. കാരണമന്വേഷിച്ച് പരീക്ഷ ചുമതലയുള്ള ഉന്നേതാേദ്യാഗസ്ഥനെ വിളിച്ചവര്‍ക്ക് വ്യക്തമായ ഉത്തരം ലഭിച്ചതുമില്ല. തിരക്കുപിടിച്ച ജോലിയുള്ള ഈ ഉദ്യോഗസ്ഥനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് പോലും പലപ്പോഴും ഫോണില്‍ കിട്ടാറില്ല. 25ന് നടന്ന പരീക്ഷക്കിടെ മൂന്നാം തീയതിയിലെ പരീക്ഷയുടെ ചോദ്യക്കടലാസ് കെട്ട് മാറി പൊട്ടിച്ചുവെന്നാണ് ഒൗദ്യോഗിക വിശദീകരണം. മറ്റ് പരീക്ഷകള്‍ എന്തിനാണ് മാറ്റിവെച്ചതെന്നതിനും വ്യക്തമായ ഉത്തരമില്ല. 25ന് സംഭവിച്ച അബദ്ധത്തെക്കുറിച്ച് രണ്ടാഴ്ച കഴിഞ്ഞാണ് പുറംലോകമറിയുന്നത്. ഏത് പരീക്ഷ കേന്ദ്രത്തിലാണ് തെറ്റ് പറ്റിയതെന്നും പുറത്തുപറഞ്ഞിട്ടില്ല. തൃശൂര്‍ ജില്ലയിലെ ഒരു കോളജില്‍നിന്നാണ് ചോദ്യക്കടലാസ് മാറ്റി പൊട്ടിച്ചതെന്നാണ് സൂചന. ഒക്ടോബര്‍ മൂന്നിലെ ചോദ്യക്കടലാസ് സെപ്റ്റംബര്‍ 25ന് പുറത്തായിട്ടും മൂന്നിന് പരീക്ഷ നടത്തിയതെന്തിനെന്ന ചോദ്യത്തിനും ഉത്തരമില്ല. പരീക്ഷ ടൈംടേബ്ള്‍ കൃത്യമായി ഇടുന്നതിലും അനാസ്ഥ തുടരുകയാണ്. കൃത്യമായി പരീക്ഷ നടത്താത്തത് വിദ്യാര്‍ഥികളുടെ പഠനത്തെ താളം തെറ്റിക്കുന്നു. സ്റ്റഡി ലീവിനായി വീട്ടിലിരിക്കുമ്പോഴാകും പരീക്ഷ മാറ്റിവെച്ച വിവരമറിയുന്നത്. ഉച്ചക്കുശേഷം പരീക്ഷ നടത്തുന്നതും വിദ്യാര്‍ഥികളെ ബാധിക്കുന്നുണ്ട്. ശനിയാഴ്ചകളില്‍ നടത്താനും സര്‍വകലാശാല മടികാണിക്കുന്നു. മലപ്പുറമടക്കമുള്ള ജില്ലകളിലെ എയ്ഡഡ് കോളജുകളില്‍ ശനിയാഴ്ച ജീവനക്കാര്‍ എത്താത്തതാണ് ഇതിന് കാരണമെന്നാണ് പറയുന്നത്. ചോദ്യക്കടലാസ് ചോര്‍ന്നതിനെക്കുറിച്ച് ഉന്നതതല അന്വേഷണം നടത്തി ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. കെ. മുഹമ്മദ് ബഷീര്‍ എം.എസ്.എഫ് പ്രവര്‍ത്തകരെ അറിയിച്ചിട്ടുണ്ട്. എസ്.ഐ.ഒയും കോളജുകളില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. വെള്ളിയാഴ്ച സര്‍വകലാശാല ആസ്ഥാനത്തേക്ക് എസ്.ഐ.ഒ മാര്‍ച്ച് നടത്തും. അഡ്മിനിസ്ട്രേഷന്‍ ഡെപ്യൂട്ടി രജിസ്ട്രാര്‍ മോഹന കൃഷ്ണനെയാണ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. എന്നാല്‍, പരീക്ഷ കണ്‍ട്രോളര്‍ക്ക് മുകളിലുള്ള ഉദ്യോഗസ്ഥരിലാരെയെങ്കിലും അന്വേഷണത്തിന് നിയോഗിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.