പുലാമന്തോൾ: അന്തിമയങ്ങിയാലും പുലാമന്തോളിലെ ബസ് യാത്രക്കാർക്ക് വീടണയാനാവുന്നില്ല. പുലാമന്തോളിൽനിന്ന് വളപുരം, -മൂർക്കനാട്, കുരുവമ്പലം, - കൊളത്തൂർ ഭാഗങ്ങളിലേക്കുള്ള യാത്രക്കാർക്കാണീ ഗതികേട്. പെരിന്തൽമണ്ണ, പട്ടാമ്പി ഭാഗങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാരും വിദ്യാർഥികളുമടങ്ങുന്ന വലിയൊരു വിഭാഗം വീടണയുന്നതിനാണ് പുലാമന്തോളിൽ ബസിറങ്ങുന്നത്. പുലാമന്തോളിലെ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാർ, ഗവ. ഹയർ സെക്കൻഡറി സ്കൂളടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, മറ്റു യാത്രക്കാർ തുടങ്ങി നിരവധി പേരാണ് ബസ് കാത്തുനിൽക്കാറ്. മുമ്പ് കൊളത്തൂർ, വളപുരം ഭാഗങ്ങളിലേക്ക് സർവിസ് നടത്തിയിരുന്ന മിക്ക ബസുകളും വൈകുന്നേരങ്ങളിൽ നിരത്തിലിറങ്ങുന്നില്ല. യാത്രതിരക്കേറിയ വൈകുന്നേരം നാലിനും ആറിനുമിടക്ക് പുലാമന്തോളിൽനിന്ന് വളപുരം ഭാഗത്തേക്ക് ഏഴ് ബസ് സർവിസുണ്ടായിരുന്നത് നാലായി ചുരുങ്ങിയതാണ് യാത്ര ദുരിതമായതിന് കാരണം. നഷ്ടത്തിെൻറ കണക്ക് പറഞ്ഞ് പെരിന്തൽമണ്ണയിൽനിന്ന് വളപുരം വഴി വളാഞ്ചേരിയിലേക്കുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി സർവിസ് നിർത്തിയതാണ് ഈ റൂട്ടിലെ യാത്രക്കാരോട് അധികൃതർ കാട്ടിയ ഏറ്റവും വലിയ ദ്രോഹം. വൈകീട്ട് 5.30ന് പുലാമന്തോളിലെത്തിയിരുന്ന സർവിസ് ഏറെ ആശ്വാസകരമായിരുന്നു. കെ.എസ്.ആർ.ടി.സി സർവിസുകൾ പുനഃസ്ഥാപിക്കണമെന്ന നാട്ടുകാരുടെ പരാതികൾ അവഗണിക്കുകയായിരുന്നു. കൊളത്തൂർ-പുലാമന്തോൾ റൂട്ടിലും ചില ബസുകൾ വൈകീട്ട് സർവിസ് നടത്തുന്നില്ല. പടപ്പറമ്പ് പുളിവെട്ടിയിൽ കഴിഞ്ഞ ദിവസം കൂട്ടിയിടിച്ച രണ്ട് ബസുകളും പുലാമന്തോൾ-പടപ്പറമ്പ് റൂട്ടിൽ സർവിസ് നടത്തുന്നവയാണ്. ഇതോടെ വൈകീട്ട് പുലാമന്തോളിൽനിന്ന് 4.20, ആറ്, 6-.20 എന്നീ സമയങ്ങളിലെ മൂന്ന് സർവിസുകളാണ് ഇല്ലാതായത്. 4.50ന് പുലാമന്തോളിൽ വന്ന് പോയിരുന്ന സർവിസ് ദിവസങ്ങളായി മുടങ്ങിയ മട്ടാണ്. ചെർപ്പുളശ്ശേരിയിൽനിന്ന് കൊപ്പം വഴി പുലാമന്തോളിലെത്തി 6.10ന് കൊളത്തൂരിലേക്ക് പോവേണ്ടിയിരുന്ന ബസ് മാസങ്ങളായി സർവിസ് നടത്താതെ പുലാമന്തോളിൽ നിർത്തിയിടാറാണ്. ബസുടമകളുടെയും ജീവനക്കാരുടെയും പരാതിപ്രകാരം പുലാമന്തോളിൽനിന്ന് ചെമ്മലശ്ശേരി രണ്ടാം മൈൽ, പാലൂർ ഭാഗങ്ങളിലേക്ക് നടത്തിയിരുന്ന ഓട്ടോ പാരലൽ സർവിസ് നിരീക്ഷിക്കാൻ ആളെ നിർത്തിയതും ജനങ്ങൾക്ക് ബുദ്ധിമുട്ടാവുകയാണ്. വൈകീട്ട് 7.10ന് കൊളത്തൂരിലേക്കും 7.25ന് വളപുരത്തേക്കുമുള്ള ബസുകൾ പോയാൽ പുലാമന്തോളിലെത്തുന്ന യാത്രക്കാർ വാഹനം കിട്ടാതെ നെട്ടോട്ടമോടുന്ന അവസ്ഥയാണ്. പടം അന്തിമയങ്ങിയിട്ടും വീടണയാനാവാതെ പുലാമന്തോൾ-കൊളത്തൂർ റോഡിൽ ബസ് കാത്തുനിൽക്കുന്നവർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.