അര ലക്ഷത്തിന്​ കീഴടക്കാനായില്ല, അമിത്തി​െൻറ സത്യസന്ധതയെ

തിരൂർ: അര ലക്ഷം രൂപ വേണോ, അതോ സ്വന്തം മനഃസാക്ഷിയോട് നീതി പുലർത്തണോ എന്ന സംശയത്തിന് പോലുമിടമില്ലായിരുന്നു ഒഡിഷ സ്വദേശിയായ അമിത്തിനപ്പോൾ. അധ്വാനിക്കാതെ ലഭിച്ചതിനാൽ, കാഷ് ഡെപ്പോസിറ്റ് മെഷീനിൽ നിന്ന് ലഭിച്ച അര ലക്ഷം രൂപയാണ് തെല്ലുമാലോചിക്കാതെ അദ്ദേഹം ബാങ്കിൽ തിരിച്ചേൽപ്പിച്ചത്. ആ സത്യസന്ധതയും ബാങ്കധികൃതരുടെ ഇടപെടലും മൂലം തിരൂർ അന്നാരയിലെ പള്ളത്ത് അശോക‍​െൻറ ഭാര്യ നിഷക്കാണ് നഷ്ടമാകുമായിരുന്ന പണം തിരികെ ലഭിച്ചത്. തിരൂർ താഴെപ്പാലത്തെ എസ്.ബി.ഐ പ്രധാന ശാഖയിൽ ചൊവ്വാഴ്ച രാവിലെയായിരുന്നു സംഭവം. രാവിലെ 9.55ഓടെ ബാങ്കിനോട് ചേർന്ന കാഷ് ഡെപ്പോസിറ്റ് മെഷീൻ കൗണ്ടറിലെത്തി 2000 രൂപയുടെ 25 നോട്ട് മെഷീനിൽ നിക്ഷേപിച്ച നിഷ, ഇടപാട് പൂർത്തിയായെന്ന വിശ്വാസത്തിൽ മടങ്ങി. ഇടപാട് നിരസിച്ച സന്ദേശമുൾക്കൊള്ളുന്ന സ്ലിപ്പ് ലഭിച്ചെങ്കിലും അത് ശ്രദ്ധിക്കാതെയാണ് കൗണ്ടർ വിട്ടത്. തൊട്ടുമുമ്പ് നടത്തിയ ഇടപാട് വിജയകരമായിരുന്നതിനാലാണ് ഉള്ളടക്കം പരിശോധിക്കാതിരുന്നത്. തിരൂരിലെ ശക്തി ട്രാവൽസിന് കീഴിലെ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന അമിത്ത് ഇൗ സമയത്താണ് കൗണ്ടറിലെത്തിയത്. മെഷീനിൽ പണം കണ്ടയുടൻ ട്രാവൽസ് ഉടമ ശ്രീജിത്തിനെ അറിയിച്ചു. അദ്ദേഹത്തോടൊപ്പം ബാങ്കിലെത്തി ചീഫ് മാനേജർ എം.എസ്. സജീഷിനെ പണമേൽപ്പിച്ചു. ബാങ്ക് അധികൃതർ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ ഒരു സ്ത്രീയാണ് ഇടപാട് നടത്തിയതെന്ന് കണ്ടെത്തി. പണം നിക്ഷേപിച്ചത് തമിഴ്നാട്ടിലെ രാജേശ്വരി എന്ന സ്ത്രീയുടെ പേരിലേക്കാണെന്ന് മനസ്സിലായതോടെ എസ്.ബി.ഐ ശാഖ മുഖേന അവരെ ബന്ധപ്പെട്ട് നിഷയുടെ നമ്പർ തരപ്പെടുത്തി. താനാളൂരിലെ സ്വകാര്യ സ്കൂളിൽ അധ്യാപികയായ നിഷ വൈകീട്ട് അഞ്ചരയോടെയെത്തിയപ്പോൾ ബാങ്കധികൃതർ അമിത്തിനെയും ശ്രീജിത്തിനെയും വിളിച്ചുവരുത്തി പണം കൈമാറി. ചീഫ് മാനേജർ എം.എസ്. സജീഷ്, സാമ്പത്തിക സാക്ഷരതകേന്ദ്രം കൗൺസിലർ രാമകൃഷ്ണൻ എന്നിവരുടെ സാന്നിധ്യത്തിലാണ് ഏറ്റുവാങ്ങിയത്. ഇടപാടുകാരുടെ അശ്രദ്ധ മൂലം സി.ഡി.എമ്മിൽ പണം കുടുങ്ങിക്കിടക്കുകയും അത്തരം പണവുമായി മലയാളികൾ പോലും രക്ഷപ്പെടുകയും ചെയ്ത അനുഭവമുണ്ടായിട്ടുണ്ടെന്നും ചീഫ് മാനേജർ പറഞ്ഞു. Tir G1 bank: അമിത്തിൽ നിന്ന് നിഷ പണം ഏറ്റുവാങ്ങുന്നു. എസ്.ബി.ഐ ചീഫ് മാനേജർ എം.എസ്. സജീഷ് വലത്ത്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.