ഇതര സംസ്ഥാന തൊഴിലാളികൾക്ക് സൗജന്യ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും: സോഫ്റ്റ്വെയർ തയാറായി തിരുവനന്തപുരം: കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്ക് എല്ലാ തൊഴിൽ പരിരക്ഷയും ക്ഷേമനടപടികളും സർക്കാർ ഉറപ്പുവരുത്തുമെന്ന് തൊഴിൽമന്ത്രി ടി.പി. രാമകൃഷ്ണൻ. ഇതര സംസ്ഥാനക്കാർക്കെതിരെ മലയാളികൾ അക്രമം അഴിച്ചുവിടുെന്നന്ന തരത്തിൽ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വസ്തുതാവിരുദ്ധമാണ്. സംസ്ഥാനത്തെ മുഴുവൻ ഇതര സംസ്ഥാന തൊഴിലാളികൾക്കും സൗജന്യ ഇൻഷുറൻസും ആരോഗ്യപരിരക്ഷയും ഉറപ്പുവരുത്തുന്ന ആവാസ് പദ്ധതിയുടെ സോഫ്റ്റ്വെയർ തയാറായി. രജിസ്ട്രേഷൻ നടപടികൾ നവംബർ ഒന്നിന് തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. 2018 ജനുവരിയോടെ കാർഡുകൾ വിതരണം ചെയ്ത് പദ്ധതിയുടെ ആനുകൂല്യങ്ങൾ തൊഴിലാളികൾക്ക് ലഭിക്കും. അംഗമാകുന്ന തൊഴിലാളികൾക്ക് 15,000 രൂപയുടെ സൗജന്യ ചികിത്സയും രണ്ടു ലക്ഷം രൂപയുടെ അപകട ഇൻഷുറൻസും ലഭിക്കും. കുടിയേറ്റ തൊഴിലാളികൾക്ക് സുരക്ഷിതവും ആരോഗ്യകരവുമായ താമസ സൗകര്യം ഒരുക്കുന്നതിനായുള്ള 'അപ്നാഘർ' പദ്ധതി പാലക്കാട് കഞ്ചിക്കോട്ട് പൂർത്തിയായി. 640 തൊഴിലാളികൾക്ക് ഹോസ്റ്റൽ മാതൃകയിൽ താമസ സൗകര്യമൊരുക്കുന്ന പദ്ധതി അടുത്ത ജനുവരിയിൽ ഗുണഭോക്താക്കൾക്ക് ലഭ്യമായി ത്തുടങ്ങും. അടുത്ത ഘട്ടത്തിൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പദ്ധതി നടപ്പാക്കുക. ഇതിനായുള്ള സ്ഥലം കണ്ടെത്തിക്കഴിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.