'കാണം ഭൂമി'ക്ക് പട്ടയം: വിവാദത്തിന്​ താൽക്കാലിക ശമനം

പാലക്കാട്: കലക്ടർ ഇടപെട്ടു, 'കാണം ഭൂമി'ക്ക് പട്ടയം തേടിയുള്ള ഓഫിസ് കയറിയിറങ്ങലിന് താൽക്കാലിക ശമനം. 2011 മുതൽ 2014 വരെ പട്ടയത്തിന് അപേക്ഷിച്ചവർക്കാണ് കലകട്റുടെ ഇടപെടൽ ആശ്വാസമായത്. നവംബർ ഏഴിന് മുമ്പ് നോഡൽ ഓഫിസർ എത്തുമെന്നും അതോടെ പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്നുമാണ് പട്ടയം വാങ്ങാൻ എത്തിയവരെ കലക്ടർ അറിയിച്ചിരിക്കുന്നത്. ആവശ്യപ്പെട്ട മുഴുവൻ രേഖകളും ഹാജരാക്കിയിട്ടും പട്ടയം നൽകുന്നില്ലെന്ന് കാണിച്ച് അപേക്ഷകർ പരാതിയുമായി എത്തിയതോടെയായിരുന്നു കലക്ടറുടെ ഇടപെടൽ. ആധാരത്തിൽ 'കാണം ഭൂമി' എന്ന് രേഖപ്പെടുത്തിയ ഭൂമിക്ക് പട്ടയം നൽകാനുള്ള സാങ്കേതിക തടസ്സം ഉയർത്തിയാണ് ഉദ്യോഗസ്ഥർ അപേക്ഷകർക്ക് പട്ടയം നൽകാതിരുന്നത്. ഉദ്യോഗസ്ഥർ ആവശ്യപ്പെട്ട രേഖകളുമായി പറഞ്ഞ ദിവസങ്ങളിലെല്ലാം അപേക്ഷകർ എത്തിയിരുന്നു. എന്നാൽ, പട്ടയം മാത്രം ലഭിച്ചില്ല. അവസാനമായി വ്യാഴാഴ്ച നിരവധി പേരാണ് പട്ടയം ലഭിക്കുെമന്ന അറിയിപ്പുമായി കലക്ടറേറ്റിലെത്തിയത്. എന്നാൽ, പട്ടയവിതരണവുമായി ബന്ധപ്പെട്ട് തങ്ങൾക്ക് അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് പറഞ്ഞ് ഉദ്യോഗസ്ഥർ കൈ മലർത്തുകയായിരുന്നു. ഇതോടെ പട്ടയം വാങ്ങാൻ എത്തിയവർ എ.ഡി.എമ്മിനേയും കലക്ടറേയും സമീപിച്ചു. തുടർന്ന്, െഡപ്യൂട്ടി കലക്ടറുമായി കൂടിയാലോചന നടത്തിയതിന് ശേഷമാണ് നവംബർ ഏഴിന് മുമ്പ് നോഡൽ ഓഫിസർ എത്തുമെന്നും ഏഴോടെ പട്ടയം വിതരണം ചെയ്യാമെന്നും ഉറപ്പു നൽകിയത്. തലമുറകളായി തങ്ങൾ ജീവിക്കുന്ന ഭൂമിക്ക് പട്ടയമില്ലെന്ന് പലരും അറിഞ്ഞതുതന്നെ അടുത്തകാലത്താണ്. ചിലരാകട്ടെ പട്ടയമില്ലെന്ന് അറിയാതെ മറ്റുള്ളവരാൽ വഞ്ചിക്കപ്പെട്ടവരും. ഓഫിസ് കയറിയിറങ്ങുന്നവരിൽ മറ്റ് ജില്ലകളിൽ നിസ്സാരവരുമാനത്തിന് ജോലിചെയ്യുന്നവർ വരെയുണ്ട്. ഓരോ തവണ തീയതി മാറ്റുമ്പോളും ഇവർ ജോലി നഷ്ടപ്പെടുത്തിയാണ് കലക്ടറേറ്റിലെത്തുന്നത്. എന്നാൽ, കലക്ടർ നേരിട്ട് ഇടപെട്ടതോടെ പ്രശ്നം ശാശ്വതമായി പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയിലാണ് ഇവർ. 1964 ഏപ്രിൽ ഒന്നിന് കുടിയായ്മയുണ്ടെന്ന് തെളിയിക്കുന്നവർക്ക് പട്ടയം നൽകാനെ തങ്ങൾക്ക് സാധിക്കൂ എന്നും ബാക്കി നോഡൽ ഓഫിസർ എത്തിയതിന് ശേഷം തീരുമാനിക്കേണ്ടതാണെന്നുമാണ് ഉദ്യോഗസ്ഥരുടെ നിലപാട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.