വ്യാജ പരാതി നൽകിയ സംഭവം; ജോലിക്കാരിക്ക് ഡോക്ടർമാരുടെ ലക്ഷങ്ങളുടെ വാഗ്ദാനം

പാലക്കാട്: ബലാത്സംഗ കേസിൽ പ്രതിയായ വയോധികനായ ഹോമിയോ ഡോക്ടറും മകനും കേസ് ഒത്തുതീർക്കാൻ പരാതിക്കാരിയായ സ്ത്രീക്ക് വാഗ്ദാനം ചെയ്തത് ആറ് ലക്ഷം മുതൽ 10 ലക്ഷം വരെ. ബലാത്സംഗത്തിന് കേസെടുത്തത് മുതൽ ഡോ. പി.ജി. മേനോൻ, മകൻ ഡോ. കൃഷ്ണമോഹൻ എന്നിവർ ഒളിവിലാണ്. ഇവരുടെ അടുപ്പക്കാർ മുഖേനയാണ് പരാതിക്കാരിക്ക് ലക്ഷങ്ങളുടെ വാഗ്ദാനം നൽകിയത്. എന്നാൽ പരാതിക്കാരി അതെല്ലാം നിരസിക്കുകയായിരുന്നു. നിരപരാധിയായ തന്നെ മോഷ്ടാവായി ചിത്രീകരിച്ച ഡോക്ടറോടും മകനോടും ഒരു രീതിയിലുമുള്ള ഒത്തുതീർപ്പിനും ഇല്ലെന്ന നിലപാടിലാണ് ഇവർ. ഡോ. പി.ജി. മേനോനും മകൻ ഡോ. കൃഷ്ണമോഹനും തമിഴ്നാട്ടിലുണ്ടെന്നാണ് സൂചന. ഡോക്ടറുടെ ക്ലിനിക്കിൽ എത്തുന്ന ഭൂരിഭാഗവും തമിഴ്നാട്ടുകാരാണ്. ഇവരുടെ ആരുടെയെങ്കിലും സഹായത്തോടെയാണോ തമിഴ്നാട്ടിൽ ഒളിവിൽ കഴിയുന്നതെന്നും പൊലീസ് സംശയിക്കുന്നുണ്ട്. വിഗ്രഹത്തിൽ ചാർത്തിയ ആഭരണങ്ങൾ മോഷണം പോയതായി കഥയുണ്ടാക്കി വ്യാജ പരാതി നൽകി ജോലിക്കാരിയെ കുടുക്കാനുള്ള നീക്കത്തിൽ മറ്റ് ബന്ധുക്കൾക്ക് പങ്കുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്. അടുത്ത ബന്ധുക്കളിൽ പലരും മൊഴിമാറ്റി പറയുന്നതാണ് ഇത്തരത്തിലൊരു സംശയത്തിലേക്ക് പൊലീസിനെ എത്തിക്കുന്നത്. ഡോ. പി.ജി. മേനോൻ മുമ്പ് നടത്തിയ സാമ്പത്തിക ഇടപാടുകളും പൊലീസ് പരിശോധിക്കുന്നുണ്ട്. നഗരത്തിൽ ഹെഡ് പോസ്റ്റോഫിസ് റോഡിന് സമീപത്തുള്ള ഡോ. പി.ജി. മേനോ‍​െൻറ വീട്ടിലെ വിഗ്രഹത്തിൽ ചാർത്തിയ 65 പവൻ നഷ്്ടപ്പെട്ടു എന്ന് കാണിച്ച് സെപ്റ്റംബർ 10നാണ് പാലക്കാട് ടൗൺ നോർത്ത് പൊലീസിൽ പരാതി നൽകിയത്. തുടർന്നുള്ള അന്വേഷണമാണ് ഡോക്ടറുടേയും മക‍​െൻറയും പീഡനങ്ങൾ പുറത്തു കൊണ്ടുവന്നത്. ഇരുവരും ജോലിക്കാരിയെ പീഡിപ്പിച്ചത് പുറത്ത് വരാതിരിക്കാനാണ് വ്യാജപരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.