നഗരസഭ പരിശോധന നീളുന്നു: മാലിന്യപ്രശ്നം നേരിടാൻ ജനങ്ങളിറങ്ങും

മലപ്പുറം: പൊതുഇടങ്ങളിൽ മാലിന്യം വലിച്ചെറിയുന്നത് പതിവായ നഗരസഭയിൽ കുറ്റവാളികളെ പിടികൂടാൻ ജനങ്ങൾ രംഗത്തിറങ്ങും. ഇതിനായി വിവിധ റസിഡൻറ്സ് അസോസിയേഷനുകളുടെ കീഴിൽ സ്ക്വാഡ് രൂപവത്കരിച്ച് സാമൂഹികവിരുദ്ധരെ കണ്ടെത്തി നിയമപാലകരെ അറിയിക്കാനാണ് തീരുമാനം. പ്രധാന നിരത്തുകളിൽ നിന്ന് മാറി ഇടറോഡുകളിലും സ്വകാര്യവഴികളിലും കോഴിമാലിന്യം അടക്കം തള്ളുന്നത് പതിവാണ്. ഇതിന് പിന്നിലുള്ളവരെ പിടികൂടാൻ നഗരസഭ തയാറാകാത്ത പശ്ചാത്തലത്തിലാണ് നാട്ടുകാരുടെ തീരുമാനം. നേരം ഇരുട്ടുന്നതോടെ പ്രധാന നിരത്തുകളിൽ നിന്ന് മാറി വാഹനങ്ങളിൽ മാലിന്യം കൊണ്ടുവന്ന് തള്ളുകയാണ്. മിക്കവാറും ഇരുചക്രവാഹനങ്ങളിലായിരിക്കും ഇത്തരക്കാർ എത്തുക. ഓരോ പ്രദേശത്തും സ്ഥിരം വന്നുപോകുന്ന വാഹനങ്ങൾ നിരീക്ഷിച്ച് വിവരങ്ങൾ പൊലീസ്, നഗരസഭ, ആരോഗ്യവകുപ്പ് അധികൃതർക്ക് കൈമാറാനാണ് തീരുമാനം. അണ്ണുണ്ണിപറമ്പ്, മച്ചിങ്ങൽ, മുണ്ടുപറമ്പ് ബൈപാസ് തുടങ്ങിയ സ്ഥലങ്ങളിൽ സ്വകാര്യപറമ്പുകളിലും പാതയോരങ്ങളിലും മാലിന്യം തള്ളിയത് ജനങ്ങളുടെ പ്രതിഷേധത്തിനിടയാക്കിയിരുന്നു. box മാലിന്യം എത്തുന്നത് പുറത്തുനിന്ന് --നഗരസഭ മലപ്പുറം: നഗരസഭക്കുള്ളിൽനിന്ന് ആരും പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്നില്ലെന്ന് നഗരസഭ. പുറത്തുനിന്നുള്ളവർ എത്തിയാണ് നഗരത്തിലെ റോഡ് വക്കുകളിൽ മാലിന്യം വലിച്ചെറിയുന്നത്. സമീപ പഞ്ചായത്തുകളിൽ നിന്നുള്ള കോഴിമാലിന്യം അടക്കം ഇവിടേക്കെത്തിക്കുകയാണ്. ഇത് പിടികൂടാൻ ഹെൽത്ത് ഇൻസ്പെക്ടർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരടങ്ങുന്ന ഉദ്യോഗസ്ഥ സംഘം രാത്രികാലങ്ങളിൽ പരിശോധന ശക്തമാക്കും. അടുത്ത ആഴ്ച സ്ക്വാഡി​െൻറ പരിശോധന തുടങ്ങും. പിടികൂടുന്നവർക്കെതിരെ പിഴയടക്കമുള്ള ശിക്ഷ നടപടികളുണ്ടാകുമെന്നും അധികൃതർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.