വയോധികർക്കായി പഞ്ചായത്ത് ബീറ്റ് ഓഫിസർമാർ വീടുകളിലേക്ക്

അരീക്കോട്: ആശ്രയമില്ലാത്ത വയോധികർക്ക് കൈത്താങ്ങായി വനിത പൊലീസുകാർ വീടുകളിലെത്തും. ഇതിനായി വയോധികരുടെയും പ്രത്യേക പരിഗണന ആവശ്യമുള്ളവരുടെയും പട്ടിക തയാറാക്കാൻ പഞ്ചായത്ത് വനിത ബീറ്റ് ഓഫിസർമാർക്ക് പൊലീസ് മേധാവി നിർേദശമയച്ചു. പഞ്ചായത്തുകളിൽ സ്ത്രീകളുടെയും കുട്ടികളുടെയും പ്രശ്നങ്ങളും പരാതികളും കേൾക്കാൻ ചുമതലപ്പെട്ട വനിത പൊലീസ് ഓഫിസർമാരാണിവർ. ചൊവ്വാഴ്ചകളിൽ രാവിലെ 10.30 മുതൽ ഉച്ചക്ക് ഒന്നുമണി വരെയാണ് സ്ഥിരം കേന്ദ്രങ്ങളിൽ ബീറ്റ് ഓഫിസർമാരുണ്ടാവുക. വയോധികരെ ഇടക്കിടെ ബീറ്റ് ഓഫിസർ സന്ദർശിക്കണം. സ്ത്രീകൾക്ക് നിയമബോധവത്കരണം നടത്താൻ പഞ്ചായത്തുതലത്തിൽ ക്ലാസുകളും മറ്റുപരിപാടികളും നടത്തണം. പോക്സോ, ഗാർഹിക പീഡനം, സ്ത്രീകളും കുട്ടികളുമായി ബന്ധപ്പെട്ട ഐ.പി.സി നിയമങ്ങൾ, സ്ത്രീധന നിരോധന നിയമം, ജുവനൈൽ ജസ്റ്റീസ് ആക്ട് എന്നിവയിലാണ് ബോധവത്കരണം നടത്തേണ്ടത്. മുഴുവൻ വീടും സന്ദർശിച്ച് കുടുംബാംഗങ്ങളുടെ വിവരശേഖരണം നടത്താൻ ജനമൈത്രി പൊലീസിന് നിർദേശമുണ്ടായിരുന്നു. ഇതി‍​െൻറ ഭാഗമായി വയോധികരുടെയും സ്ത്രീകളുടെയും പട്ടിക ബീറ്റ് ഓഫിസർമാരും തയാറാക്കണം. ബീറ്റ് ഓഫിസർമാർക്ക് ഇടപെട്ട് തീർക്കാൻ കഴിയാത്ത പ്രശ്നങ്ങൾ മേലധികാരികളെ അറിയിക്കണം. പരാതികളുടെ രജിസ്റ്റർ സൂക്ഷിക്കണം. ജനജാഗ്രത സമിതി, നിർഭയ വളൻറിയർ, കുടുംബശ്രീ തുടങ്ങിയവയുമായി യോജിച്ചായിരിക്കണം ബീറ്റ് ഓഫിസർമാർ പ്രവർത്തിക്കേണ്ടത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.