ചുരത്തിലെ സഞ്ചാരപാത അടഞ്ഞു; റോഡിലേക്കിറങ്ങി കാട്ടാനകൾ

നിലമ്പൂർ: തമിഴ്നാടിനോട് അതിർത്തി പങ്കിടുന്ന പശ്ചിമഘട്ട മലനിരകളിൽപ്പെട്ട നാടുകാണി ചുരത്തിലെ ആനസഞ്ചാര പാതകൾ അടഞ്ഞതോടെ യാത്രക്കാർ ഭീതിയിൽ. ചുരം തുടങ്ങുന്ന ആനമറി മുതൽ താഴെ നാടുകാണിവരെ 19 കിലോമീറ്റർ വനമേഖലയാണ്. ഇതിൽ പതിനൊന്നര കിലോമീറ്ററും കേരളത്തി‍​െൻറ വനമേഖലയാണ്. കാട്ടാനകളുടെ സാന്നിധ‍്യം എപ്പോഴുമുള്ള ചുരം പാതയാണിത്. അതിർത്തിവരെയുള്ള ഭാഗങ്ങളിൽ പത്തോളം ഇടങ്ങളിൽ റോഡ് മുറിച്ചുള്ള ആനസഞ്ചാര പാതകളുണ്ടായിരുന്നു. ഇതുവഴിയാണ് ആനക്കൂട്ടം റോഡിനിരുവശങ്ങളിലുമുള്ള വനഭാഗങ്ങളിലേക്ക് പോയിരുന്നത്. ഇവ അടഞ്ഞതോടെ പലഭാഗങ്ങളിലൂടെയാണ് ആനക്കൂട്ടം ഇപ്പോൾ റോഡിലേക്കിറങ്ങുന്നത്. 30 മുതൽ 60 ഡിഗ്രിവരെ ചരിവുള്ള ചെങ്കുത്തായ പർവതപ്രദേശമാണ് ചുരം മേഖല. അതുകൊണ്ടുതന്നെ റോഡിലേക്കിറങ്ങുന്ന കാട്ടാനക്കൂട്ടത്തിന് എളുപ്പത്തിൽ ഇരുഭാഗങ്ങളിലേക്കുമുള്ള കാടിലേക്ക് മടങ്ങാൻ കഴിയുന്നില്ല. കൊടും വളവും തിരിവുമുള്ള റോഡിലെ വാഹനയാത്രക്കാർക്ക് അടുത്തെത്തുേമ്പാൾ മാത്രമാണ് ആനക്കൂട്ടത്തെ കാണാനാവുന്നത്. ഇത് ഏറെ അപകടങ്ങൾക്ക് കാരണമാവുന്നു. എളുപ്പത്തിൽ റോഡ് മുറിച്ച് വനത്തിനകത്തേക്ക് കടന്നുപോവാൻ കഴിയാതെ പരിഭ്രാന്തി കാണിക്കുന്ന ആനക്കൂട്ടം ചില സമയങ്ങളിൽ അക്രമത്തിനും തുനിയുന്നു. ശനിയാഴ്ച രാത്രി ചുരംവഴി പോയ ബൈക്ക് യാത്രികൻ റോഡരികിൽ നിലയുറപ്പിച്ച കൊമ്പനിൽനിന്ന് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. അടഞ്ഞ ആനസഞ്ചാര പാതകൾ പുനർനിർമിച്ചാൽ റോഡിലേക്കിറങ്ങുന്ന ആനക്കൂട്ടത്തിന് എളുപ്പത്തിൽ കാട് കയറാനാവും. ഇത് നിർമിക്കാൻ വനം വകുപ്പ് നേരത്തേ പദ്ധതി തയാറാക്കിയിരുന്നെങ്കിലും തുടർ നടപടിയുണ്ടായില്ല. കാട്ടാനകൾ സ്ഥിരമായി റോഡിലേക്കിറങ്ങുന്ന പാതകളിൽ കല്ല് പാകി എളുപ്പത്തിൽ കടന്നുപോവാനുള്ള പദ്ധതിയാണ് നടപ്പാക്കാൻ തീരുമാനിച്ചിരുന്നത്. എന്നാൽ, ഇതിന് തുടർച്ചയില്ലാതെ പോവുകയായിരുന്നു. നിലവിൽ ചുരം റോഡിൽ കാട്ടാന വലിയ ഭീഷണിയാണ്. ഈ സാഹചര‍്യത്തിൽ ആനസഞ്ചാര വഴികൾ പുനർനിർമിക്കണമെന്ന ആവശ‍്യം ശക്തമായിരിക്കുകയാണ്. പടം: 2- ചുരത്തിലെ അടയാത്ത സഞ്ചാരപാതകളിലൊന്നിലൂടെ കടന്നുപോവുന്ന കാട്ടാനയും കുട്ടിയും പടം: 3 കഴിഞ്ഞ ദിവസം ചുരം റോഡരികിൽ നിലയുറപ്പിച്ച് ഏറെ നേരം ഭീഷണിയുയർത്തിയ കൊമ്പൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.