ഏഷ്യന്‍ മീറ്റില്‍ ഇന്ത്യയെ മെഡലണിയിച്ച് മലപ്പുറത്തി‍െൻറ മാസ്​റ്റേഴ്സ് നാട്ടില്‍ തിരിച്ചെത്തി

പരപ്പനങ്ങാടി: ചൈനയിലെ റുഗായില്‍ നടന്ന 20ാം ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുത്ത് ഇന്ത്യയെ മെഡലണിയിച്ച ജില്ലയിലെ മൂന്ന് താരങ്ങള്‍ നാട്ടിൽ തിരിച്ചെത്തി. അരീക്കോട്ടുനിന്നുള്ള 75കാരനായ അബ്ദുസമദ്, 44കാരനായ ഉണ്ണികൃഷ്ണൻ, 58കാരിയായ വള്ളിക്കുന്നിലെ സ്വര്‍ണവല്ലി എന്നിവരാണ് ജില്ലക്കഭിമാനമായത്. സെപ്റ്റംബര്‍ 24 മുതല്‍ 29 വരെ നടന്ന മീറ്റില്‍ 20 രാജ്യങ്ങളില്‍നിന്നായി രണ്ടായിരത്തോളം കായികതാരങ്ങളാണ് മാറ്റുരച്ചത്. 20ാം ഏഷ്യന്‍ മാസ്റ്റേഴ്സ് മീറ്റില്‍ പങ്കെടുക്കാന്‍ ഇവര്‍ 21നാണ് ചൈനയിലേക്ക് വിമാന൦ കയറിയത്. പ്രധാനാധ്യാപകനായിരുന്ന അബ്ദുസമദ് അരീക്കോട് എ.എം.യു.പി സ്കൂളില്‍നിന്നും സ്വര്‍ണവല്ലി കൊച്ചിയില്‍നിന്ന് ടൗണ്‍പ്ലാനിങ് ഓഫിസറായും വിരമിച്ചവരാണ്. ഉണ്ണികൃഷ്ണന്‍ തൃപ്പനച്ചി പ്രൈമറി ഹെല്‍ത്ത് സെ‍ൻററിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടറാണ്. തുടര്‍ച്ചയായി ദേശീയ, അന്തർ ദേശീയ മത്സരങ്ങളില്‍ പങ്കെടുക്കുകയും മെഡലുകള്‍ നേടുകയും ചെയ്തിട്ടുണ്ട് ഇവർ. 100, 200 മീറ്റര്‍ ഓട്ടത്തില്‍ നാലുവര്‍ഷമായി ദേശീയ ചാമ്പ്യനാണ് അബ്ദുസമദ്. ബാക്ക്സ്ട്രോക്ക് നീന്തലില്‍ സംസ്ഥാന ജേതാവ് കൂടിയാണ്. ആസ്ട്രേലിയയില്‍ നടന്ന ലോക മാസ്റ്റേഴ്സ് മീറ്റ്, ജപ്പാന്‍ മീറ്റ്‌, തായ്‌വാന്‍ മീറ്റ്‌ എന്നിവിടങ്ങളില്‍നിന്ന് വെള്ളിയും വെങ്കലവും നേടിയിട്ടുണ്ട്. കേരളത്തില്‍ നടന്ന ദേശീയ ഗെയിംസി‍​െൻറ ടീം മാനേജറായിരുന്ന വള്ളിക്കുന്നിലെ സ്വര്‍ണവല്ലി. സിവിൽ സർവിസ് മീറ്റ്, മാസ്റ്റേഴ്സ് മീറ്റ് എന്നിവയിൽ കഴിഞ്ഞ വർഷങ്ങളിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. നീന്തലില്‍ 50 മീറ്റർ ഫ്രീസ്റ്റൈല്‍, 50 മീറ്റർ ബ്രസ്റ്റ് സ്ട്രോക്ക്, ബട്ടര്‍ഫ്ലൈസ് ഇനങ്ങളില്‍ സ്വർണം നേടി ദേശീയതലത്തില്‍ മത്സരിക്കാന്‍ അര്‍ഹത നേടിയിരുന്നു. ഫ്രാന്‍സില്‍ നടന്ന ലോക മാസ്റ്റേഴ്സ് അത്ലറ്റിക്സില്‍ 2000 മീറ്ററില്‍ ഏഴാംസ്ഥാനവും 800 മീറ്ററില്‍ 12ാം സ്ഥാനവും കരസ്ഥമാക്കിയിരുന്നു. വിവിധ മത്സരങ്ങളില്‍നിന്നായി 19 സ്വര്‍ണവും 15 വെള്ളിയും 16 വെങ്കലവും കരസ്ഥമാക്കിയിട്ടുണ്ട്. ഉണ്ണികൃഷ്ണന്‍ നടത്ത മത്സരങ്ങളിലെ കേമനാണ്. മാസ്റ്റേഴ്സ് മീറ്റില്‍ കഴിഞ്ഞ നാലുവര്‍ഷത്തെ ദേശീയ ചാമ്പ്യനാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.