തുഞ്ചൻപറമ്പിൽ ഹരിശ്രീ കുറിച്ചത്​ 3840 കുഞ്ഞിളം ൈകകൾ

തിരൂർ: ചിണുങ്ങിയും പിണങ്ങിയും കൊഞ്ചിക്കുഴഞ്ഞും അവർ കുഞ്ഞിളം വിരൽതുമ്പിനാൽ ആദ്യക്ഷരം കുറിച്ചു. നാവിൻതുമ്പിൽ അറിവിൻ മധുരം നുകർന്നു. തളികയിലെ അരിമണിയിൽ ഹരിശ്രീ ഗണപതയേ നമഃ കുറിച്ച് വിദ്യയുടെ ലോകത്തേക്ക് പിച്ചവെച്ചു. 3840 കുരുന്നുകൾ തിരൂർ തുഞ്ചൻപറമ്പിൽ ഭാഷയുടെ തറവാട്ടുമുറ്റത്ത് ആദ്യക്ഷരം കുറിക്കാനെത്തി. പുലർച്ചെ നാലരയോടെ തുടങ്ങിയ ഹരിശ്രീ കുറിക്കൽ പതിനൊന്നര വരെ നീണ്ടു. സരസ്വതി മണ്ഡപത്തിൽ സാഹിത്യ-സാംസ്കാരിക പ്രമുഖരും തുഞ്ചൻ സ്മാരക മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരും നേതൃത്വം നൽകി. കയ്ക്കാത്ത കാഞ്ഞിരത്തിൻ ചുവട്ടിലെ മണൽതിട്ടയിൽ കൂടി ഹരിശ്രീ കുറിച്ചാണ് കുരുന്നുകൾ മടങ്ങിയത്. പുലർച്ചെ നാലരയോടെ എഴുത്തിനിരുത്ത് തുടങ്ങി. രണ്ട് മണി മുതലേ തുഞ്ചൻപറമ്പും പരിസരവും നിറഞ്ഞിരുന്നു. സരസ്വതി മണ്ഡപത്തിൽ നിയമസഭ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ, സാഹിത്യകാരൻമാരായ മുണ്ടൂർ സേതുമാധവൻ, ആലങ്കോട് ലീലാകൃഷ്ണൻ, പി.കെ ഗോപി, കെ.എക്സ്. ആേൻറാ, മണമ്പൂർ രാജൻ ബാബു, കെ.പി. രാമനുണ്ണി, കെ.പി. സുധീര, പുനൂർ കെ. കരുണാകരൻ, കാനേഷ് പുനൂർ, ടി.കെ ശങ്കരനാരായണൻ, രാധാമണി അയിങ്കലത്ത്, കെ.എസ്. വെങ്കിടാചലം, ജി.കെ. രാംമോഹൻ, ദിവാകരൻ മാവിലായി തുടങ്ങിയവർ നേതൃത്വം നൽകി. സ്മാരക മണ്ഡപത്തിൽ പാരമ്പര്യ എഴുത്താശാൻമാരായ വി. മുരളീധരൻ, വി.എസ്. സത്യനാരായണൻ, പ്രബേഷ് പണിക്കർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു. കവികളുടെ വിദ്യാരംഭത്തിൽ നൂറോളം യുവ എഴുത്തുകാർ കവിതകൾ അവതരിപ്പിച്ചു. വൈകുന്നേരം വരേയും തുഞ്ചൻപറമ്പിൽ സന്ദർശകതിരക്കായിരുന്നു. പാർവതി മേനോൻ അവതരിപ്പിച്ച കുച്ചിപ്പുടിയോടെ അഞ്ചുനാൾ നീണ്ട വിദ്യാരംഭ കലോത്സവത്തിന് കൊടിയിറങ്ങി. ഫ്രെയിം ഫിലിം സൊസൈറ്റിയുടെ നേതൃത്വത്തിൽ സിനിമ പ്രദർശനം, തിരൂർ രാഗമാലിക സംഗീത വിദ്യാലയത്തി‍​െൻറ സംഗീത പരിപാടി എന്നിവയും അരങ്ങേറി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.