അമ്പലപ്പാറ കുടിവെള്ള പദ്ധതി: കല്ലടി പച്ചിലകുണ്ടിലെ ജലസംഭരണി തറക്കല്ലിടൽ നാളെ

ഒറ്റപ്പാലം: അമ്പലപ്പാറ പഞ്ചായത്തിൽ പത്തുലക്ഷം രൂപ ചെലവിട്ട് നടപ്പാക്കുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായി 13ാം വാർഡിലെ കല്ലടി പച്ചിലക്കുണ്ടിൽ 8.5 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണിയുടെ തറക്കല്ലിടൽ തിങ്കളാഴ്ച രാവിലെ 10ന് പി. ഉണ്ണി എം.എൽ.എ നിർവഹിക്കും. കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിക്കുന്ന പദ്ധതിക്ക് ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭിച്ചിട്ടുണ്ട്. 2050ലേക്ക് വിഭാവനം ചെയ്തു നടപ്പാക്കുന്ന പദ്ധതിയിൽ 50,472 പേർക്ക് പ്രതിദിനം ആളോഹരി 100 ലിറ്റർ ശുദ്ധജലം ലഭിക്കുമെന്ന് ജല അതോറിറ്റി എക്‌സിക്യൂട്ടിവ് എൻജിനീയർ (പാലക്കാട്) അറിയിച്ചു. ഭാരതപ്പുഴയിൽ സ്ഥാപിക്കുന്ന ശുദ്ധീകരണ ശാലയിൽനിന്ന് 62 എച്ച്.പി ശേഷിയുള്ള മോട്ടോർ ഉപയോഗിച്ച് പമ്പിങ് നടത്തി വെള്ളം പച്ചിലക്കുണ്ടിലെ ജലസംഭരണിയിലെത്തിക്കും. ഇവിടെനിന്ന് മുരുക്കുംപറ്റയിലുള്ള സംഭരണിയിൽ വെള്ളമെത്തിച്ചാണ് വിതരണം നടത്തുക. നിലവിലുള്ള വിതരണ പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന പ്രവൃത്തിയും കടമ്പൂരിൽ ഭാഗികമായി പമ്പിങ് മെയിൻ സ്ഥാപിക്കുന്ന പ്രവൃത്തിയും ഒന്നാം ഘട്ടത്തിൽ 2018ഓടെ പൂർത്തിയാക്കും. ഇതോടെ 12 മുതൽ 20 വരെയുള്ള വാർഡുകളിലെ കുടിവെള്ളക്ഷാമത്തിന് പരിഹാരമാകും. പുതിയ ശുദ്ധീകരണ ശാല നിർമാണവും കടമ്പൂരിൽ 11 ലക്ഷം ലിറ്റർ ശേഷിയുള്ള ജലസംഭരണി സ്ഥാപിക്കലും പമ്പിങ് മെയിൻ സ്ഥാപിക്കലും രണ്ടാം ഘട്ടത്തിലാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 10 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതി കിഫ്‌ബി പദ്ധതിയിൽ ഉൾപ്പെടുത്തി അംഗീകാരത്തിനായി സമർപ്പിക്കുമെന്നും എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു. വരൾച്ച ബാധിത പ്രദേശമായ അമ്പലപ്പാറ പഞ്ചായത്തിൽ മഴക്കാലത്തുപോലും കുടിവെള്ളക്ഷാമം രൂക്ഷമാണ്. നിരവധി ചെറുകിട കുടിവെള്ള പദ്ധതികൾ പഞ്ചായത്തിലുണ്ടെങ്കിലും വെള്ളം ലഭ്യമല്ലാത്തതും ഉപയോഗയോഗ്യമല്ലാത്തതുമാണ് പ്രശ്നം. കുടിവെള്ള പദ്ധതി യാഥാർഥ്യമാകുന്നതുവരെ കയറംപാറയിലെ മീറ്റ്ന കേന്ദ്രമായി പ്രവർത്തിക്കുന്ന ഒറ്റപ്പാലം നഗരസഭയുടെ സമഗ്ര കുടിവെള്ള പദ്ധതിയിൽനിന്ന് ജലം പങ്കിടാനാണ് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.