ജില്ലയില്‍ കഞ്ചാവ് കുമിയുന്നു

മലപ്പുറം: ഒമ്പത് റേഞ്ച് ഓഫിസുകളും ആറ് സര്‍ക്കിള്‍ ഓഫിസുകളും കിണഞ്ഞു ശ്രമിച്ചിട്ടും മലപ്പുറം കഞ്ചാവ് കുമിയുന്ന ജില്ലയാകുന്നു. പണമുണ്ടെങ്കില്‍ ഒരുകിലോ മുതല്‍ കിന്‍റല്‍ വരെ ഈച്ച പോലുമറിയാതെ എത്തിക്കാന്‍ ശേഷിയുള്ള കച്ചവടക്കാരാണ് മാഫിയ സംഘത്തെ നയിക്കുന്നതെന്ന് എക്സൈസ് പറയുന്നു. കഞ്ചാവ് ചെടികള്‍ നട്ടുവളര്‍ത്തുന്ന കേസുകള്‍ അപൂര്‍വമായിരുന്ന ജില്ലയിലിന്ന് ഇത് നിത്യസംഭവമാണ്. ഉദ്യോഗസ്ഥര്‍ തലങ്ങും വിലങ്ങും പരിശോധന നടത്തിയിട്ടും മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കേസുകളുടെ എണ്ണവും കഞ്ചാവിന്‍െറ അളവും കൂടുന്നതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു. പരിശോധന കൂടുതല്‍ സംഘടിപ്പിക്കുന്ന മലപ്പുറം സ്വകാഡ് ഓഫിസിലെ കണക്ക് മാത്രം നോക്കുമ്പോള്‍ ഭീമമായ തോതില്‍ കേസുകളും കഞ്ചാവും കൂടിയതായി കാണാം. 2016ല്‍ 40 കിലോ കഞ്ചാവ് ഈ ഓഫിസിന് കീഴില്‍ മാത്രം പിടികൂടി. 2017ല്‍ രണ്ട് മാസം പിന്നിട്ടപ്പോഴേക്കും 12 കേസുകളും എത്തി. ലഹരിയത്തെുന്ന വഴികളും രക്ഷപ്പെടുന്ന പഴുതുകളും ദിവസവും മാറുമ്പോള്‍ പൊതുജനങ്ങളുടെ സഹകരണം കൂടിയാണ് വകുപ്പുകള്‍ ആവശ്യപ്പെടുന്നത്. എന്തുകൊണ്ട് കഞ്ചാവ്? കടത്താനും ഒളിപ്പിക്കാനും എളുപ്പത്തില്‍ കഴിയും. കുറഞ്ഞ അളവിനും കൈനിറയെ പണം. സ്കൂള്‍ വിദ്യാര്‍ഥികളെ പോലും കഞ്ചാവ് വാഹകരാക്കുന്നതിന് പിന്നില്‍ മോഹിപ്പിക്കുന്ന പ്രതിഫലമാണ്. ഈ അടുത്ത കാലത്ത് വന്‍തോതില്‍ കഞ്ചാവ് എത്തിക്കുന്ന ഏജന്‍റിനെ എക്സൈസ് എന്‍ഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥര്‍ കുടുക്കിയെങ്കിലും ഞെട്ടിക്കുന്ന വിവരങ്ങളാണ് അന്വേഷണത്തിനിടെ വ്യക്തമായത്. പണമുണ്ടെങ്കില്‍ ഒരു കിന്‍റല്‍ കഞ്ചാവ് വരെ സ്ഥലം പറഞ്ഞാല്‍ എത്തിച്ചുനല്‍കാന്‍ കഴിയുമെന്നായിരുന്നു എക്സൈസ് സംഘം ഉപയോഗിച്ച ഇടനിലക്കാരനോട് മൊത്തക്കച്ചവടക്കാരന്‍ പറഞ്ഞത്. എത്ര കിലോ പിടികൂടിയാലും അടുത്തദിവസംതന്നെ മറ്റൊരു വഴിയിലൂടെ സാധനമത്തെിക്കാനും സംഘങ്ങളുണ്ട്. വന്‍കിടക്കാരിലേക്ക് ചെറിയ കച്ചവടക്കാരെ പിടിച്ച് പത്രവാര്‍ത്ത നല്‍കുന്ന രീതിവിട്ട് വന്‍കിടക്കാരിലേക്കും മാഫിയയുടെ വേരിലേക്കും എക്സൈസ് അന്വേഷണം വ്യാപിപ്പിച്ചു കഴിഞ്ഞു. എന്നാല്‍, വന്‍കിടക്കാരെ നോട്ടമിട്ടതോടെ പരിശോധന സംഘം വാഹനവുമായി റോഡിലിറങ്ങുമ്പോഴേക്കും ഇവര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തികൊടുക്കുന്നതായും എക്സൈസിന്‍െറ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ രഹസ്യവിവരത്തിന്‍െറ അടിസ്ഥാനത്തില്‍ മൊത്തക്കച്ചവടക്കാരനെ തേടി പരിശോധന സംഘം പുറപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം. ‘വിമുക്തി’യില്‍ മുങ്ങി സമ്പൂര്‍ണ ലഹരിവിമുക്ത ജില്ല സംസ്ഥാനം സമ്പൂര്‍ണ ലഹരിമുക്തമാക്കാന്‍ ലക്ഷ്യമിട്ട് സര്‍ക്കാര്‍ ആവിഷ്കരിച്ച ബൃഹത് പദ്ധതിയാണ് ‘വിമുക്തി’. സ്റ്റുഡന്‍റ് പൊലീസ്, സ്കൂള്‍/കോളജ് ലഹരിവിരുദ്ധ ക്ളബുകള്‍, കുടുംബശ്രീ, യുവജന സംഘടനകള്‍, സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹായത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍, സര്‍ക്കാര്‍ ഈ പദ്ധതി ആവിഷ്കരിക്കുന്നതിന് മുമ്പുതന്നെ ‘സമ്പൂര്‍ണ ലഹരിവിമുക്ത ജില്ല’ പദ്ധതി ജില്ല പഞ്ചായത്ത് ആവിഷ്കരിച്ച് ട്രോമാകെയര്‍ വളന്‍റിയര്‍മാര്‍ വഴി നടപ്പാക്കി തുടങ്ങിയിരുന്നു. വിമുക്തി എത്തിയതോടെ ജില്ല പഞ്ചായത്തിന്‍െറ പദ്ധതി ഫലത്തില്‍ നിര്‍ത്തിവെച്ചതുപോലെയാണ്. നിലവില്‍ സര്‍ക്കാര്‍ അനുവദിച്ച ഫണ്ടുപയോഗിച്ച് വിമുക്തിയുടെ ബോധവത്കരണം ജില്ലയില്‍ ആരംഭിച്ചിട്ടുണ്ട്. തീരം കാക്കാന്‍ വനിത ഉദ്യോഗസ്ഥര്‍ ജില്ലയിലത്തെുന്ന കഞ്ചാവിന്‍െറ നല്ളൊരുഭാഗം ഒഴുകുന്നത് തീരപ്രദേശങ്ങളിലേക്കാണ്. നടപടികളേറെ എടുത്തെങ്കിലും മാഫിയകള്‍ അടവ് മാറ്റുകയാണ്. മണല്‍ വാരുന്നവര്‍, മത്സ്യത്തൊഴിലാളികള്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്ക് ലഹരി എത്തിക്കാന്‍ മാഫിയക്കായി പ്രവര്‍ത്തിക്കുന്നതാകട്ടെ ഇവിടെ തന്നെയുള്ള തൊഴില്‍ രഹിതരായ ചെറുപ്പക്കാരും. ഈ പശ്ചാത്തലത്തിലാണ് എക്സൈസ് വകുപ്പ് പുതിയ പദ്ധതിയെക്കുറിച്ച് ആലോചിക്കുന്നത്. തീരങ്ങളില്‍ ഇനിമുതല്‍ പരിശോധന സംഘത്തെ സഹായിക്കാന്‍ വനത ഉദ്യോഗസ്ഥരും ഉണ്ടാകും. തീരത്തെ വീടുകളിലത്തെുന്ന വനിത ഉദ്യോഗസ്ഥര്‍ വീട്ടമ്മമാരെയും പെണ്‍കുട്ടികളെയും കണ്ട് ഇവരില്‍നിന്ന് വിവരം ശേഖരിക്കും. കുടുംബനാഥന്‍ ലഹരിക്കടിപ്പെട്ട വീടുകളിലത്തെി ലഹരിയത്തെുന്ന വഴിയടക്കാനും പുതിയ രീതിയില്‍ കഴിയുമെന്ന് ജില്ല എക്സൈസ് ഡെപ്യൂട്ടി കമീഷണര്‍ അനില്‍കുമാര്‍ പറഞ്ഞു. ട്രോമാകെയര്‍ സജ്ജം ജില്ലയിലെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ല ട്രോമാകെയര്‍ സദാ സജ്ജമാണെന്ന് ഭാരവാഹികള്‍. ലഹരിവില്‍പന ശ്രദ്ധയില്‍പ്പെട്ടാല്‍ പൊതുജനങ്ങള്‍ക്ക് ട്രോമാകെയറുമായും ബന്ധപ്പെടാം. വന്‍കിടക്കാരെ പിടികൂടിയെങ്കില്‍ മാത്രമെ കഞ്ചാവ് വരവിന് തടയിടാനാകുവെന്ന് ട്രോമാകെയര്‍ ജില്ല സെക്രട്ടറി പ്രജീഷ് പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.