ആട്ടവിളക്കിന്​ മുന്നിലെ അഴകായി 'ലവണാസുരവധം'

ഒറ്റപ്പാലം: ആട്ടവിളക്കിന് മുന്നിലെ വള്ളുവനാടൻ വനിതസംഗമം, കഥകളി ആസ്വാദകർക്ക് നിറകൺവിരുന്നായി. ഒറ്റപ്പാലം കഥകളി രംഗശാലയുടെ നേതൃത്വത്തിലാണ് വനിതകൾ വേഷമിട്ട 'ലവണാസുരവധം' ലക്കിടിയിലെ കുഞ്ചൻസ്മാരക വായനശാല ഹാളിൽ അപൂർവ വിരുന്നായത്. കഥകളി ആചാര്യ കൈപ്പംചേരി കുഞ്ഞിമാളു അമ്മക്ക് സമർപ്പിച്ചാണ് കലാരൂപം അരങ്ങിലെത്തിയത്. ചേലനാട്ട് സുഭദ്ര നടത്തിയ കുഞ്ഞിമാളു അമ്മ അനുസ്മരണ പ്രഭാഷണത്തോടെയായിരുന്നു കഥകളിക്ക് തുടക്കം. ഗോമതി തീരത്തുള്ള വാല്മീകി ആശ്രമത്തിൽ സീതയുമൊത്ത് കഴിയുന്ന മക്കളായ ലവകുശന്മാർ കാട്ടിൽ കണ്ട കുതിരയെ പിടിച്ചുകെട്ടുന്നതോടെയാണ് കഥയുടെ തുടക്കം. മിനി പനാവൂർ (ഹനുമാൻ), രജിത നരിപ്പറ്റ (സീത), ഇന്ദുജ ചെറുളിയിൽ (കുശൻ), അപർണ വാരിയർ (ലവൻ) എന്നിവർ കഥകളിയിൽ വേഷമിട്ടു. ദീപ പാലനാട്, മീര രാംമോഹൻ (പാട്ട്), സദനം ജിതിൻ, ശ്രീഹരി പനവൂർ (ചെണ്ട), സദനം ജയരാജൻ (മദ്ദളം), കലാമണ്ഡലം നാരായണൻ നമ്പൂതിരി, സദനം ശ്രീനിവാസൻ (ചുട്ടി), കോട്ടക്കൽ കുഞ്ഞിരാമൻ (കോപ്പ്) എന്നിവർ അണിയറക്കാരുമായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.