സിവിൽ സ്​റ്റേഷനിൽ ജീവനക്കാരെ നിരീക്ഷിക്കാൻ കാമറകൾ

മലപ്പുറം: സിവിൽ സ്റ്റേഷനിൽ വിവിധ ഓഫിസുകളിൽ ജീവനക്കാർ സ്ഥിരമായി വൈകിയെത്തുന്നുവെന്ന പരാതിയെ തുടർന്ന് വിവിധയിടങ്ങളിൽ സി.സി.ടി.വി കാമറകൾ സ്ഥാപിച്ചു. സിവിൽ സ്റ്റേഷൻ പ്രവേശന കവാടത്തിലടക്കമുള്ള ഇടങ്ങളിലാണ് കാമറകൾ സ്ഥാപിച്ചിരിക്കുന്നത്. ജീവനക്കാരുടെ നീക്കങ്ങൾ കലക്ടർക്ക് ചേംബറിലിരുന്ന് കാണാനാവും. കലക്ടറേറ്റിലെ റവന്യൂ ഓഫിസുകളിൽ പഞ്ചിങ് സംവിധാനമുണ്ടെങ്കിലും മറ്റ് ഓഫിസുകളിൽ ഇല്ല. ഇത് ജീവനക്കാർ സ്ഥിരമായി വൈകി വരാൻ ഇടയാക്കുന്നുവെന്നാണ് കലക്ടർക്ക് പരാതി ലഭിച്ചത്. രാവിലെ പത്തുമണിക്കുതന്നെ വിവിധ ആവശ്യങ്ങൾക്ക് ഓഫിസിലെത്തുന്നവർക്ക് മണിക്കൂറുകളോളം ഉദ്യോഗസ്ഥരെ കാത്തുനിൽക്കേണ്ടി വരുന്നതായി പിന്നീട് കണ്ടെത്തുകയും ചെയ്തു. തുടർന്നാണ് കാമറകൾ സ്ഥാപിക്കാൻ തീരുമാനമായത്. ജില്ലയിലെ എല്ലാ സർക്കാർ ഓഫിസുകളിലും ജീവനക്കാർ കൃത്യസമയത്ത് എത്തുന്നുവെന്ന് ഓഫിസ് മേധാവികളും ജില്ലതല ഉദ്യോഗസ്ഥരും ഉറപ്പ് വരുത്തണമെന്ന് ജില്ല കലക്ടർ നിർദേശിച്ചു. അവധി ദിവസങ്ങളുടെ തലേന്ന് ഉദ്യോഗസ്ഥർ നേരത്തേ പോകുന്നതും ഒഴിവാക്കണം. പൊതുജനങ്ങൾക്ക് സർക്കാർ ഓഫിസുകളിൽനിന്ന് ലഭിക്കേണ്ട സേവനങ്ങൾ കാലതാമസം കൂടാതെ നൽകണം. സർട്ടിഫിക്കറ്റുകളും മറ്റു സേവനങ്ങളും സമയബന്ധിതമായി ലഭ്യമാക്കണം. സേവനങ്ങളിൽ വീഴ്ചയുണ്ടായാൽ പൊതുജനങ്ങൾക്ക് സേവനാവകാശ നിയമപ്രകാരം പരാതി നൽകാമെന്നും ജില്ല കലക്ടർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.