പറമ്പിക്കുളത്ത് തമിഴ്നാടി​െൻറ അധീനതയിലുള്ള ഡാമുകളുടെ നവീകരണം അവസാന ഘട്ടത്തിൽ

കേരളത്തിൽ നവീകരണത്തിന് നടപടിയായില്ല ചിറ്റൂർ: പറമ്പിക്കുളത്ത് തമിഴ്നാടി​െൻറ അധീനതയിലുള്ള നാല് ഡാമുകളുടെ നവീകരണം അവസാന ഘട്ടത്തിൽ. പറമ്പിക്കുളത്തിന് താഴെയുള്ള അപ്പർ ആളിയാർ, കടമ്പാറ ഡാമുകളിലെ മണ്ണ് നീക്കം ചെയ്യൽ പൂർത്തിയായിട്ടുണ്ട്. കോണ്ടൂർ കനാലി‍​െൻറ ആഴംകൂട്ടൽ വേനലോടെതന്നെ പൂർത്തിയായിരുന്നു. ഇതോടെ പറമ്പിക്കുളത്ത് നിന്നുള്ള കൂടുതൽ വെള്ളം തമിഴ്നാട്ടിലെ ഡാമുകളിൽ നിറക്കാനാവും. എന്നാൽ, കേരളത്തിലെ ഡാം നവീകരണവും ആഴംകൂട്ടലും സംബന്ധിച്ച് കാര്യമായ നീക്കം സർക്കാറി‍​െൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല. മംഗലം, ചുള്ളിയാർ ഡാമുകളിലെ മണ്ണ് നീക്കുന്നത് സംബന്ധിച്ച് ഇറിഗേഷൻ വകുപ്പ് സർക്കാറിന് സമർപ്പിച്ച പ്രപ്പോസൽ അംഗീകരിച്ചെങ്കിലും ഇനിയും കടമ്പകൾ ഏറെയാണ്. മൂന്ന് ലക്ഷം മീറ്റർ ക്യൂബ് മണ്ണ് നീക്കം ചെയ്യാനുള്ള ഏജൻസിയെ കണ്ടെത്തൽതന്നെ ശ്രമകരമാണെന്ന് ജലസേചന വകുപ്പ് അധികൃതർ പറയുന്നു. മണ്ണ് നീക്കം ചെയ്യുന്നത് സംബന്ധിച്ച് വിശദമായ പഠനം നടത്തിയ ശേഷമേ കരാർ നൽകാനാവൂ. പീച്ചിയിലെ കേരള എൻജിനീയറിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടി‍​െൻറ പഠനറിപ്പോർട്ടിന് ശേഷമാവും അനുമതി നൽകുകയെന്നാണ് അധികൃതർ പറയുന്നത്. ഇതിന് പ്രാഥമിക നടപടിക്രമമെങ്കിലും പൂർത്തിയാവണമെങ്കിൽ മാസങ്ങളെടുക്കും. കഴിഞ്ഞ വർഷത്തെ വരൾച്ചയെ മുൻനിർത്തി ഡാമുകളുടെ നവീകരണവും ജലസംരക്ഷണ പ്രവർത്തനങ്ങളുമായി തമിഴ്നാട് അതിവേഗം മുന്നോട്ട് പോവുമ്പോൾ കേരളത്തി‍​െൻറ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ല. വെങ്കലക്കയം, കമ്പാലത്തറ, കുന്നംപിടാരി തുടങ്ങിയ ഏരികളുടെ നവീകരണം സംബന്ധിച്ചും സർക്കാർ തീരുമാനം എങ്ങുമെത്താതെ കിടക്കുകയാണ്. മാസങ്ങൾക്ക് മുമ്പുതന്നെ ഇത് സംബന്ധിച്ച് പ്രപ്പോസൽ ഇറിഗേഷൻ അധികൃതർ നൽകിയിരുന്നെങ്കിലും തീരുമാനമായില്ല. മൂന്ന് മില്യൺ മീറ്റർ ക്യൂബ് വീതം സംഭരണശേഷിയുള്ള ഏരികൾ നവീകരിച്ചാൽതന്നെ കാർഷികാവശ്യങ്ങൾക്ക് ഒരു മാസത്തിലധികമുള്ള ജലം സംഭരിക്കാനാവും. നിലവിൽ കേരളത്തിലെ ഡാമുകളും ഏരികളുമെല്ലാം സംഭരണശേഷിയുടെ പാതിയിലേറെ മണ്ണടിഞ്ഞ് കിടക്കുകയാണ്. ഇതിനാൽ വർഷകാലത്ത് കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വെള്ളം പോലും സംഭരിക്കാനാവാത്ത സ്ഥിതിയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.